Wednesday, 11 March 2015

കാവ്യസാമീപ്യത്തിന്റെ കായകൽപങ്ങൾ...




യുവകലാസാഹിതി സൗദി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കവിതയും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനെത്തിയ കവി ആലങ്കോട് ലീലാകൃഷ്ണനുമായി കാവ്യസംബന്ധിയായ വിഷയങ്ങളിൽ നടന്ന ലഘുഭാഷണത്തിൽ നിന്ന്...

ലക്ഷണമൊത്ത ഒരു കല്ലിൽ നിന്ന് ആവശ്യമില്ലാത്തവ ഉടച്ചുകളയുമ്പോഴാണ്‌ ശിൽപമുണ്ടാകുന്നതെങ്കിൽ, ഭാഷാവിളക്കങ്ങളിൽ നിന്ന് ചില പദയോജനകൾ വെട്ടി മാറ്റുമ്പോൾ കവിതയുടെ നിർമ്മിതി സാധ്യമാകുന്നു. വാക്കുകൾ കൊണ്ടൊരു ശിൽപനിർമ്മാണമാണ്‌ കവിത എന്നു പറയുമ്പോഴും കവി ആരായിരിക്കണം എന്ന വ്യക്തമായ നിർവ്വചനമുണ്ട് ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‌. സ്വന്തം മരണത്തെ അതിജീവിക്കുവാൻ വാക്കിനെ ആയുധവും ആയോധനവും സഞ്ജീവനവും ജീവിതത്തിന്റെ പരമപ്രത്യാശയുമായി മാറ്റുന്നവരാണ്‌ കവികൾ.കവികളെ അറിയുന്നത് ഒരു സംസ്കാരത്തെ അറിയുന്നതിന്‌ തുല്യമാണ്‌. അവർ അങ്ങാടിയിൽ തോറ്റുപോയവർ. അമ്മയോട് മെക്കിട്ടു കേറാനാവാതെ കവിതകളിൽ മേയുന്നവർ. സ്വയം എത്ര വിഷം കഴിക്കേണ്ടി വന്നാലും അതൊക്കെ അമൃതാക്കി ലോകത്തിന്‌ സമർപ്പിക്കുന്നവർ..


അച്ചടിമഷി പുരണ്ടതിന്റെ കൃതാർത്ഥത

ലഹരി പിടിപ്പിക്കുന്ന വേദന
ഞാനതിൽ മുഴുകട്ടെ.
മമ ജീവനിൽ നിന്നൊരു 
മുരളീരവമൊഴുകട്ടെ....
എന്ന് വേദനയുടെ ലഹരി ആസ്വദിച്ച് ഉന്മാദികളായി സമൂഹത്തോട് ഇടപെടുകയും, ആ ഉന്മാദത്തെ കവിത കൊണ്ട് ചികിൽസിക്കുകയും ചെയ്യുന്നവർ. വാക്കിന്റെ വലിയ ലോകം ചൊൽപ്പടിയിലുണ്ടെങ്കിലും കവി മനസ്സുകൊണ്ട് എന്നും അനാഥനാണ്‌. അവനെ കല്ലെറിയാനും തൂക്കിക്കൊല്ലാനും എളുപ്പമാണ്‌. പക്ഷേ കൊലക്കയറിനെപ്പോലും ഊഞ്ഞാലാക്കാൻ കഴിവുള്ളവനാണ്‌ കവി. അവനെ സംബന്ധിച്ച് ജീവിതത്തിന്റെ സ്നേഹസുന്ദരമായ പാതയാണ്‌ കവിത 
കവിത കഥയ്ക്ക് വഴിമാറിയപ്പോൾ

    ലോകത്തെ എല്ലാ ദര്‍ശനങ്ങളും സ്വീകരിക്കാൻ കവികൾക്കാകും. അതുകൊണ്ടു തന്നെ ഒരേ സമയം പ്രണയിയും, ദാർശനികനും, ആസ്തികനും, നാസ്തികനും, കാല്പനികനും സൗന്ദര്യത്തിന്റെ ഉപാസകനും എല്ലാത്തിനുമുപരി സ്വയാഭിരാമിയുമാണ്‌ കവി. ഭ്രാന്തിനെപ്പോലും സൗന്ദര്യവൽക്കരിക്കുന്ന കവി, പക്ഷേ വാക്കിനെ ആത്മാർത്ഥമായി ധ്യാനിക്കുമ്പോൾ, പക്ഷിത്തൂവലുപോലെ ഒരു ദിവ്യദർ-ശനത്തിന്റെ രൂപത്തിൽ കവിതകൾ പിറവികൊള്ളുന്നു. ഭാഷയിൽ ഒരു സമരമുണ്ട്. ആ പോരാട്ടത്തിന്റെ പക്ഷത്താണ്‌ എന്നും കവിത. ശകാരം സ്നേഹം സമന്വയം കണ്ണീര്‌ സ്വകാര്യം പ്രണയം പ്രകൃതി എന്നിവലെല്ലാം തന്നെ കവിതയുടെ അസംസ്കൃതവസ്തുക്കളാണ്‌.
പത്രപ്രവർത്തകന്റെ ജാഗ്രതയ്ക്കൊപ്പം




മനുഷ്യസമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ കവിതയ്ക്ക് സുപ്രധാന പങ്കുണ്ട്.കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും ഏറ്റവും അഗാധമായ വാക്കായിട്ടാണ്‌ അത് എക്കാലത്തും നിലനിന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മാറി മാറി വരുന്ന മാനുഷീകമൂല്യങ്ങളെ പുർനിർമ്മിക്കാൻ കവിതയ്ക്കേ കഴിയൂ. ഭാഷയുടെ വരവും ഔഷധവുമായ കവിത ജീവിതം പോലെ തന്നെ സങ്കീർണവും അതിലുപരി ആത്മസഞ്ജീവനവുമാണ്‌. അതിൽ മറുഭാഷയുണ്ട്, വക്രഭാഷയുണ്ട് വിപരീതോക്തികളുണ്ട്. സമസ്തചരാചരങ്ങളേയും എക്കാലത്തും  സമഭാവനയോടെ കാണുന്നവരാണ്‌ കവികൾ. മഹാഭാരതം പരിഭാഷപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെയാണ്‌ തുപ്പക്കോളാമ്പിയും എഴുതിയത്. സവർണ
ഒരു കുഞ്ഞുകവിയെ പരിചയപ്പെടുത്തുന്ന ദൗത്യം


ന്റെ രാമായണത്തെ പിടിച്ചെടുത്ത് അധ:സ്ഥിതികന്റെ കിളിയെക്കൊണ്ട് പാടിക്കുക എന്ന വലിയ വിപ്ളവമാണ്‌ എഴുത്തച്ഛൻ നിർവ്വഹിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തള്ളിമാറ്റപ്പെട്ട പറയനേയും ശീതങ്കനേയും ഓട്ടനേയും പൊതുസമൂഹത്തിലേക്ക് പ്രവേശിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്‌. സാവിത്രിയുടെ കൈ ചാത്തനെക്കൊണ്ട് പിടിപ്പിക്കാനും, ചണ്ഡാലഭിക്ഷുകിയിലൂടെ ആത്മദാസ്യത്തിൽ കഴിയുന്ന ഒരു വർഗ്ഗത്തോട് ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ എന്ന് ചങ്കുറ്റത്തോടെ പറയിക്കാനും കുമാരനാശാന്‌ കഴിഞ്ഞു. നിങ്ങളെങ്ങനെ നിങ്ങളായെന്ന് അധികാരി വർഗ്ഗത്തോട് നെഞ്ചു നിവർത്തി ചോദിക്കാൻ ഒരു കുറത്തിപ്പെണ്ണിന്‌ ധൈര്യം കൊടുക്കാൻ കടമ്മനിട്ടയ്ക്കായതും ആ പൂർവ്വ പൈതൃകങ്ങ?ളിൽ നിന്നു തന്നെയാണ്‌.


പ്രണയം കവികളെ സംബന്ധിച്ച് എന്നും ഒരു ജിജ്ഞാ
സയാണ്‌. രമണനിലൂടെ, ദരിദ്രന്‌ പ്രേമിക്കാനവകാശമുണ്ടോ എന്ന ചോദ്യം  ആദ്യമായുന്നയിച്ചത് ചങ്ങമ്പുഴയാണ്‌. കാൽപനികനാണെങ്കിൽത്തന്നെയും ഒരു പ്രണയപ്രശ്നത്തെ സാമൂഹികപ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയാണ്‌ അദ്ദേഹം ചെയ്തത്. പ്രേമമെന്നു കേട്ടാൽ പേടിയാണെന്ന് പറഞ്ഞ് തുടങ്ങുന്ന ആശാന്റെ കരുണയിൽ, അവസാനം വാസവദത്ത കൈകാൽ അറുക്കപ്പെട്ട് ചുടുകാട്ടിൽ കിടക്കുമ്പോഴും, ഉപഗുപ്തനെന്ന യുവമുനിയെ കാണാൻ അവൾ തലപൊക്കുന്നു. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ശരീരത്തിന്റെ പോലും ആവശ്യമില്ലെന്ന പ്രണയത്തിന്റെ വൈഭവം നമ്മുടെയോരോരുത്തരുടേയും ആത്മാവിൽ നിന്ന് കണ്ണീർ പ്രവഹിപ്പിക്കുന്നു.

കവികൾ ഒരാളുടെ ജീവിതമല്ല ജീവിക്കുന്നത്. ജീവിതത്തെ അവസാനിക്കാത്ത ദു:ഖത്തിന്റെ പര്യായമായി കാണേണ്ടിവരുമ്പോൾ അനേകം മനുഷ്യരുടെ ജീവിതം സ്വയം ഏറ്റെടുത്ത് ആന്തരികമായി മറ്റൊരു ജീവിതം കൂടി നയിക്കേണ്ടി വരുന്നു അവർക്ക്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ രോദനങ്ങളാണ്‌ അവർ കവിതകളിലൂടെ പ്രതിദ്ധ്വനിപ്പിക്കുന്നത്.പാവപ്പെട്ടവന്‌ ഉമിനീരും പണക്കാരന്‌ പാലും എന്ന് നിശ്ചയിച്ച ഈശ്വരനെ നാമെന്തിന്‌ നമിക്കണം എന്ന് ആത്മരോഷം കൊള്ളാൻ കവികളെ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല. വിയർപ്പു തുള്ളിയിൽ നിന്നാണ്‌ പണ്ടത്തെ കവിത ഉയിരുകൊണ്ടത്. ഈ ഭൂമിയുടേയും അതിൽ വിളയുന്ന പൊരുളുകളുടേയും യഥാർത്ഥ അവകാശി ആര്‌. വാഴകൃഷി ചെയ്യുന്ന പുലയനോ അതോ മണ്ണിന്റെ ഉടമയായ ജന്മിയോ എന്ന വലിയൊരു വിചാരത്തെയാണ്‌ ചങ്ങമ്പുഴ മനുഷ്യമനസ്സിലേക്കിട്ടുകൊടുത്തത്. അടിസ്ഥാനവർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്നവരുടേയും ജീവിതശീലങ്ങളിൽ നിന്നാണ്‌ കവിതയുടെ താളം കേരളത്തിന്റെ സംസ്കാരമായത്. ആ താളങ്ങളേയാണ്‌ ആം പിന്നീട് വൃത്തങ്ങളായി പരിഷ്കരിച്ചത്.അങ്ങനെ വൃത്തവും ഛന്ദസ്സും സവർണകവിതയുടെ സ്വഭാവമായി മാറി.

  ഏതു കാലത്തേക്കും ചിതറിത്തെറിച്ചേക്കാവുന്ന ഭാവുകത്വപരമായ ഒരു വിസ്ഫോടനം ഇന്ന് മലയാളകവിതയിൽ സംഭവിച്ചിട്ടുണ്ട്. ലഭകേന്ദ്രീകൃതമായ മൂല്യവിചാരങ്ങൾക്കൊപ്പം സ്വപ്നങ്ങളെപ്പോലും രൂപപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യാവസ്ഥകളുടെ നിസ്സഹായാവസ്ഥകൾ പങ്കുവയ്ക്കലാണ്‌  ഇന്ന് സമകാലീന കവിത. ചിതറിയ മനുഷ്യന്റെ ഈഗോയെ നൈമിഷികമായി തൃപ്തിപ്പെടുത്താവുന്ന തരത്തിലുള്ള  കാവ്യനിർമ്മിതിയാണ്‌ ന്യു ജനറേഷൻ കവികളും സ്വീകരിച്ചുകാണുന്നത്. പ്രകൃതി ഉപാസന അന്യം നിന്നുപോകുന്നു. മാഞ്ഞുപോകുന്ന കേരളത്തെ കാണാൻ കുഞ്ഞിരാമൻ നായരുടെ കവിതകൾ വായിച്ചാൽ മതിയായിരുന്നു. 44 നദികളും നിറഞ്ഞൊഴുകുന്ന കേരളം, വയല്‍പ്പാടങ്ങൾ, കതിർക്കറ്റകൾ, ഋതുസമൃദ്ധിയുടെ ഭൂപ്രകൃതി. പി ഭാസ്കരനും, ഒ എൻ വിയും,യൂസുഫലിയും വയലാറുമൊക്കെ പി യിൽ നിന്ന് കൈക്കൊണ്ട ഊർജ്ജം കൊണ്ടാണ്‌ ശ്രവ്യസുന്ദരമായ ഗാനങ്ങളൊക്കെ രചിച്ചത്. പ്രകൃതിക്ക് സംഭവിച്ച അപചയം മനുഷ്യജീവിതത്തിന്റെ സകലമേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്.

   ഞാനാണ്‌ എന്നു രണ്ടു തവണ പറഞ്ഞിട്ടും സ്വർഗ്ഗവാതിൽ തുറക്കാതിരുന്ന ദൈവത്തോട് മൂന്നാം തവണ, നീ തന്നെയാണ്‌ ഞാൻ. അനൽ ഹഖ്, അഹം ബ്രഹ്മാസ്മി  എന്ന് ജലാലുദീൻ റൂമി പറയുമ്പോൾ അത് ലൗകീകതയുടെ മഹാദർശനമാകുന്നു. അതുകോണ്ടു തന്നെയാണ്‌ കവിതയുടെ അംശം എല്ലാ പ്രവാചകരിലുമുണ്ടെന്ന് സമർത്ഥിക്കുന്നത്. സൃഷ്ടാവാണ്‌ സൃഷ്ടിയാണ്‌, സൃഷ്ടിക്കുള്ള സാമഗ്രിയാണ്‌ ദൈവം എന്ന് ശ്രീനാരായണഗുരു നിർവ്വചിക്കുമ്പോൾ, ആ ദൈവീകതയാണ്‌ നാം കവിയിലും കാണുന്നത്. ദൈവീകമാണ്‌ കവിത. അതിൽ വെളിപാടിന്റെ അംശമുണ്ട്. കവിതയാണ്‌ മന്ത്രം. സത്യാന്വേഷണത്തിലേക്കെത്തുന്ന മന്ത്രം.

സബീന എം സാലി 




Sunday, 11 January 2015

കാമനകളാൽ നിഷ്കാസിതനായവൻ - ഖൈസ്...

      പക്ഷി മൃഗാദികൾക്കും സസ്യലതാദി കൾക്കുമുള്ള  അവകാശം മാത്രമേ മനുഷ്യനും ഭൂമിയിലുള്ളു എന്ന് സമർത്ഥിക്കുമ്പോഴും കാമം ക്രോധം ലോഭം മദം മാൽസര്യം എന്നീ അടിസ്ഥാന ചോദനകൾ അവനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു എന്നു കൂടി നാം കൂട്ടി വായിക്കേണ്ടതുണ്ട്. ജീവരാശിയിലെ വ്യതിരിക്തവർഗ്ഗമായി രൂപം വരിച്ച നിമിഷം മുതലേ  മനുഷ്യനിൽ കാവ്യകൗതുകങ്ങൾ പ്രകാശിച്ചിരുന്നുവെന്നും പിന്നീട് മനുഷ്യന്‌ മനുഷ്യനിലേക്കുള്ള താല്പര്യത്തിൽ നിന്ന് അത് സാഹിത്യരൂപമായി പിറവിയെടുത്തു എന്നും വേണം കരുതാൻ. ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കവിതകളായി പിറവിയെടുക്കുമ്പോഴും ഭാവനാലോകത്ത് അലസഗമനം നടത്താൻ ഇഷ്ടപ്പെടുന്നവരാണ്‌ കവികൾ. എഴുത്തുകാർക്കും സഞ്ചാരികൾക്കും എന്നും വിസ്മയത്തിന്റെ വാതായനങ്ങൾ മലർക്കെത്തുറന്നു കൊടുക്കുന്ന മരുഭൂമിയെ ഒടുങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് കാവ്യവൽക്കരിക്കുകയും അത് സാർത്ഥവഹകസംഘങ്ങളായ ഒട്ടകസഞ്ചാരികൾക്കും ബദവികൾക്കും പാടി നടക്കാനുള്ള സംഗീതാത്മാകമായ ലയവ്യന്യാസങ്ങളാക്കുകയും ചെയ്ത പൗരാണിക അറേബ്യയിലെ കവി ഉമ്രുൽ ഖൈസ്, തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം ചെലവഴിച്ച റിയാദിലെ മറാത്ത് എന്ന സ്ഥലം ഈയിടെ സന്ദർശിക്കാൻ ഒരവസരം ലഭിക്കുകയുണ്ടായി.

      ജാഹിലിയ്യാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി പതിവായി കാവ്യരചനയും ആലാപനവും നടത്തിയിരുന്നത് ഒരു മലമുകളിലായിരുന്നു. അതിനോട് ചേർന്ന് ചതുപ്പ് നിറഞ്ഞ കുളത്തിലാണ്‌ കവി പതിവായി കുളിക്കാനെത്തിയിരുന്നതും. ആ മല ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപത്തിൽ അതിമനോഹരമായി ആധുനികലോകം വികസിപ്പിച്ചെടുത്തെങ്കിലും, ആൾപ്പൊക്കത്തിൽ വളർന്നു ചാഞ്ഞു നിൽക്കുന്ന പുൽപ്പടർപ്പുകളും ചുറ്റിലും പേരറിയാത്ത മരങ്ങളുമൊക്കെയായി, മരുഭൂമിയുടെ മധ്യത്തിൽ അത്തരമൊരു ചതുപ്പ് നിറഞ്ഞ കുളം ഇന്നും അതേപടി  നിലനിർത്തിയിരിക്കുകയാണ്‌.  അവിടെയുള്ള ഹെറിറ്റേജ് വില്ലേജിൽ കൃത്യമായി സൂക്ഷിച്ചു വച്ചിട്ടുള്ള ആ നൂറ്റാണ്ടിലെ ചില വസ്തുക്കളും കാണികൾക്ക് കൗതുകം പകരുന്നതാണ്‌. കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ പടിഞ്ഞാറു ദിക്കിൽ വിഷാദം കൊണ്ടു ചുവന്ന്  വിടപറയാനൊരുങ്ങുന്ന സൂര്യനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം പാഞ്ഞുവന്ന സാന്ധ്യമാരുതൻ  പതിഞ്ഞ ശബ്ദത്തിൽ ഏതോ  വിരഹഗാനം മൂളിയത് മനസ്സിൽ കവിത സൂക്ഷിക്കുന്ന ആരുടേയും  ആത്മാവിനെ വ്രണപ്പെടുത്തുക തന്നെ ചെയ്യും.



       അറബി സാഹിത്യത്തിൽ പൂർവ്വഗാമികളായ കാവ്യകൗതുകങ്ങളെ കണ്ടെത്താനുള്ള ഉദ്യമങ്ങൾ ആറാം നൂറ്റാണ്ടിലെ ആ വിദൂരബിന്ദുവോളം നീളുമ്പോൾ സാഹിത്യം കൊണ്ട് ലഹരി പിടിപ്പിക്കുന്ന കാവ്യപാരമ്പര്യത്തിന്റെ ആദ്യകണ്ണിയായ ഉമ്രുൽ ഖൈസിലാണ്‌ അത് ചെന്നെത്തുന്നത്.രാജപരമ്പരയിൽ ജനിച്ചുവെങ്കിലും വിവേകം പ്രവർത്തിക്കേണ്ട പ്രായത്തിലും ബാലിശമായ കാമനകളാൽ ബന്ധിതമായി കവിതയോടും സംഗീതത്തോടും അമിതാസക്തി പുലർത്തി വേറിട്ട വഴികളിൽ സഞ്ചരിച്ചതിനാൽ അന്നത്തെ നാട്ടുരാജാവായിരുന്ന  പിതാവ് അദ്ദേഹത്തെ  രാജ്യത്തു നിന്ന് ഭ്രഷ്ടനാക്കുകയാണുണ്ടായത്. നിഷ്കാസനത്തിന്റേതായ ആ നാളുകളിൽ മദ്യവും കവിതയും സ്ത്രീസംസർഗ്ഗങ്ങളുമായി അറേബ്യൻ ഉപദ്വീപിന്റെ തലങ്ങും വിലങ്ങും കവി അലഞ്ഞു നടന്നു. ക്ഷീരപഥങ്ങളേയും നക്ഷത്ര സമൂഹങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ട് വാചാലനായി.തുടക്കവും ഒടുക്കവുമില്ലാത്തെ, കാലങ്ങൾക്കതീതമായ സഞ്ചാരമാണ്‌ പ്രണയമെന്നും, രാപ്പകലുകളുടെ ലോകത്ത് ഉടലുകളുടെ തൃഷ്ണകൾക്കാണ്‌ മുൻതൂക്കമെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. ദുനിയാവ് ആഢംബരങ്ങളുടെ അരങ്ങാണെന്നും  അത് കാമിനിമാരോടൊത്ത് ആസ്വദിക്കാനുള്ളതാണെന്നും പറയുന്നതിനോടൊപ്പം തന്നെ വിരഹത്തിന്റെ മധുരവേദനയും വര്ർണിച്ചുകൊണ്ട് കവി കാലത്തെ പലതായി വായിച്ചു.


 “ഉന്മത്തതയ്ക്ക് കീഴ്പ്പെടുമ്പോൾ
  എന്റെ ഓരോ നിശ്വാസവും
  നീയായി പരിണമിക്കുകയാണ്‌ പ്രിയേ.."

എന്ന് പൊതുവെ കവികളെല്ലാം  ഹൃദയത്തിൽ നിറഞ്ഞൊഴുകുന്ന പ്രണയ സാന്ദ്രതയെ വെളിപ്പെടുത്തുമ്പോൾ, പ്രണയത്തിന്റെ ശൂന്യത തീർക്കുന്നചുഴികളിൽ അകപ്പെട്ടു പോകുന്നവർ ആ വരികളിലെ പ്രണയത്തിന്റെ ആഴങ്ങൾ മാത്രമേ കണ്ടെടുക്കാൻ ശ്രമിക്കുന്നുള്ളു. മരുഭൂമിയിൽ കെട്ടിയുണ്ടാക്കിയിരിക്കുന്ന മൺചുവരുകളിലെല്ലാം ഞാൻ കോറിയിട്ടിരിക്കുന്നത് നിന്റെ പേരു മാത്രമാണ്‌.ഇരുൾ നിബിഢമായ ഇടനാഴിയിലും നമ്മുടെ കാലൊച്ച മാത്രമേയുള്ളു എന്നിങ്ങനെ സൃഷ്ടിയുടെ ഓരോ സന്ധിയിലും, അനന്തവിഹായസ്സിലെ ഭാരമില്ലായ്മയിലേക്ക് കുതിക്കുന്ന കവി കണ്ണടച്ച് കാതുകളടച്ച് തന്റെ കാമിനിയുടെ സ്നേഹസങ്കീർത്തനങ്ങൾക്കു മാത്രം കാതോർക്കുന്ന ഒരു തരം ആത്മലയം. ഉടലിന്റെ തടവുകാരനാണ്‌ ഞാൻ, അതിനാൽ ഏതു മനുഷ്യനും അടിസ്ഥാനപരമായി ഇഷ്ടപ്പെടേണ്ട ആ വികാരം പകർത്തുവാൻ എനിക്ക് നിറമില്ല ഭാഷയില്ല എന്നു പരിതപിച്ചുകൊണ്ട്, വികാരങ്ങൾ മാർഗ്ഗദർശനം ചെയ്യുന്ന ഇടങ്ങളിലേക്ക് മാത്രം ഖൈസ് എന്ന കവി സ്വൈരവിഹാരം ചെയ്തുകൊണ്ടിരുന്നു. മരുഭൂമിയുടെ ആകാശത്ത് നിലാവ് വെട്ടിത്തിളങ്ങുമ്പോൾ മണൽപ്പരപ്പിലോ മലമുകളിലോ ഇരുന്ന് പ്രണയാതുരനായി കാവ്യാലാപനം നടത്തിയിരുന്ന കവിയുടെ ജീവിതം ഒന്നിലേറെ ഇണകൾക്കു വേണ്ടി സമർപ്പിതമായിരുന്നു.കാറ്റടങ്ങിയ മരുഭൂമിയുടെ രാത്രികളിൽ അപരിചിതരായ ഒട്ടകസഞ്ചാരികൾ പോലും ഖൈസിനെ ഏറ്റുപാടി. ആ ലളിതകോമള പദാവലികൾ ജനഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ഒളിഞ്ഞും തെളിഞ്ഞും  ഒരു തരം ലൈംഗീക അരാജകത്വത്തിന്‌ അത് കാരണമാകുകയും ചെയ്തു. എന്നിട്ടും വികാരങ്ങളും ചിന്തകളും സ്വപ്നങ്ങളും ആവിഷ്കരിച്ച് കവി തന്റെ ദേശ കാലത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. സൗന്ദര്യത്തിന്റെ ആരാധകനായതിനാൽത്തന്നെ സുന്ദരമായതെന്തും സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള അഭിവാഞ്ജ ഒട്ടനവധി സ്ത്രീസംസർഗ്ഗങ്ങളിലേക്ക് കവിയെ വലിച്ചിഴക്കുകയും രതിവർണനകളിൽ മാത്രം തന്റെ കവിത്വം തളച്ചിടപ്പെടുകയും ചെയ്തു. കാമിനിയുമായി ശയിക്കുമ്പോഴുണ്ടാകുന്ന അനിർവ്വചനീയതകൾ സുന്ദരപദാവലികളുടെ രൂപത്തിൽ  താളാത്മകമായി അവതരിപ്പിക്കുകയും ആ പരമാനന്ദത്തെ ജീവിതദർശനമാക്കുകയും ചെയ്ത കവിയണ്‌ ഖൈസ്.ഉനൈസ എന്ന് വിളിപ്പേരുള്ള ഫാത്തിമ എന്ന യുവതിയുമായി കവിക്കുണ്ടായിരുന്ന പ്രണയം അവരുടെ ശരീരവർണനകളുടെ രൂപത്തിൽ കവി ആവിഷ്കരിച്ചിരുന്നു.



       മർത്ത്യാ, നീ അറിയേണ്ടതും സ്നേഹിക്കേണ്ടതും ഉടലിനെ മാത്രമാണെന്ന് പറയുമ്പോഴും പ്രപഞ്ചത്തിന്റെ നിയന്ത്രണം ഒരു പരാശക്തിയുടെ പക്കലാണെന്നുള്ള ധ്വനി ആ കവിതകളിൽ നിഴലിച്ചിരുന്നു. മേഘങ്ങളുടെ സഞ്ചാരവും കാറ്റിന്റെ ദിശയും നിഴലിന്റെ രൂപവും സൂര്യന്റെ ചൂടും ചന്ദ്രന്റെ ആകാശവും നോക്കി സമയവും കാലവും നിശ്ചയിച്ചിരുന്ന ആ യുഗത്തിൽ മനുഷ്യനെ ലൗകീകതയുമായി കൂടുതലടുപ്പിക്കാൻ ദിവാസ്വപ്നങ്ങളിലൂടെ  തന്റെ തൂലികയെ വലിച്ചിഴയ്ക്കുകയെന്ന ധർമ്മമാണ്‌ കവി നിർവ്വഹിച്ചത്. മേഘപാളികളിൽ നിന്നടരുന്ന ശിശിരത്തിൽ തണുത്തു വിറങ്ങലിക്കുന്ന മരുഭൂമിയെ ഒന്നാകെ തന്നിലേക്കാവാഹിക്കത്തക്കവിധത്തിൽ രതിയുടെ ഊർജ്ജം ആ രചനകളിൽ മുഴങ്ങിയിരുന്നു.വരികളുടെ കൃത്യതയിൽ അർഥമറിഞ്ഞ് ആസ്വദിക്കുമ്പോൾ ഏതൊരു സദാചാരവാദിക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു ഖൈസിന്റെ കവിതകൾ. അതുകൊണ്ടു തന്നെ പിൽക്കാലത്ത് ഇസ്ലാമിന്റെ ആവിർഭാവത്തോടുകൂടി ആരും അനുധാവനം ചെയ്യാനില്ലാതെ ഖൈസിന്റെ ഒട്ടുമിക്ക രചനകളും മണ്മറഞ്ഞുപോയി എന്നതാണ്‌ വാസ്തവം. എങ്കിലും കവിയുടെ മുഅല്ലക്കത്തുകളിൽ ചിലതിലെങ്കിലും കൊടുങ്കാറ്റുണ്ട് എന്നുവേണം കരുതാൻ, അലഞ്ഞു തിരിയുന്നതിനിടയിലെപ്പോഴോ  സ്വന്തം പിതാവിന്റെ കൊലപാതകത്തെപ്പറ്റി അറിയുകയും പിന്നീട് പിതൃഘാതകരോട് പകരം വീട്ടാനുറച്ച്  സ്വദേശത്തേക്ക് മടങ്ങിപ്പോവുകയും ചെയ്ത കവിയുടെ ജീവിതം ദ്വേഷത്തിന്റേയും പ്രതികാരത്തിന്റേയുമായി മാറുന്നുണ്ട്. നാല്പതുകളുടെ തുടക്കത്തിൽ തന്നെ കവി ലോകത്തോട് വിട പറഞ്ഞു. കവിയുടെ മരണത്തെപ്പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ടെങ്കിലും അന്ന് പടർന്നു പിടിച്ച പ്ലേഗ് എന്ന മഹാമാരിയാണ്‌ മരണകാരണമെന്നാണ്‌ പരക്കെയുള്ള വിശ്വാസം.

    അല്ലയോ സുഹൃത്തേ,
    നിങ്ങളാ മിന്നൽപ്പിണർ കാണുന്നില്ലേ
    കിരീടം ചൂടിയ മേഘങ്ങൾ
    കൈകൾ പരസ്പരമുരുമ്മുമ്പോൾ
    വാനിടം പ്രകാശത്താൽ ജ്വലിക്കുന്നത്
    സന്യാസിയുടെ വിളക്കിലെ
   തിരിയുടെ ആളൽ പോലെയാണ്‌...


       എന്നിങ്ങനെ പ്രകൃതി മനുഷ്യനോട് എങ്ങനെ താദാത്മ്യപ്പെടുന്നു എന്ന് വാക്കുകളിലൂടെ വ്യംഗ്യപ്പെടുത്തുമ്പോൾ, അറിവിന്റെ പരിച്ഛേദങ്ങളായ സൂഫി സാഹിത്യത്തോട് അതിന്‌ സാമ്യമുണ്ടോ എന്നു ചിലപ്പോൾ ശങ്കിക്കാവുന്നതാണ്‌. ഇന്ദ്രിയാതീതമായ ആ ധിഷണ പക്ഷേ യുക്തികളെയെല്ലാം തോൽപ്പിക്കുന്ന ഭൗതീകജീവിതവുമായി രമിക്കുക എന്ന ദൗർബല്യത്തിന്‌ ആത്മാവ് പണയപ്പെടുത്തിക്കളഞ്ഞു. രതിയിലൂടെ മാത്രമേ സ്വർഗ്ഗത്തിന്റെ സുന്ദരചിത്രം പൂർത്തീകരിക്കാനാകൂ എന്നും ഓരോ രാത്രിക്കവസാനവും സ്വർഗ്ഗം പിരിഞ്ഞുപോകുന്നു എന്നും വീണ്ടുവിചാരമില്ലാത്ത ജല്പനങ്ങൾ നടത്തിയപ്പോൾ വരും തലമുറയ്ക്ക് ദിശാബോധം നൽകാനാവാതെ കാലയവനികയ്ക്കുള്ളിൽ മറയേണ്ടി വന്നു കവിക്ക്. ആദർശം കൊണ്ട് വിപ്ളവം വരുത്താത്ത കവിയെ, ജാഹിലിയ്യാ കാലത്തിനു ശേഷം ഇസ്ലാം നിലവിൽ വന്നപ്പോൾ മുഹമ്മദ് നബി (സ) വിശേഷിപ്പിച്ചത് “ കവികളിൽ വച്ച് ഏറ്റവും ശ്രേഷഠനും എന്നാൽ നരകാഗ്നിയിൽ മുമ്പനും എന്നാണ്‌.

     മുഅല്ലക്കത്തുകൾ എന്നറിയപ്പെടുന്ന ആ തൂക്കു കവിതകൾ ഭാഷയിലെ ഔന്നത്യം നിറഞ്ഞ സാഹിത്യഭംഗിയും സംഗീതസാന്ദ്രതയും കൊണ്ട് പിൽക്കാലത്ത് സാഹിത്യകുതുകികൾക്ക് പ്രചോദനമാവുകയും, കവിതകളിൽ വ്യന്യസിക്കപ്പെട്ടിരുന്ന ഭാഷാചാതുരിയും വസ്തുനിഷ്ഠയാഥാർത്ഥ്യത്തിൽ നിന്ന് കാൽപ്പനീക തലത്തിലേക്ക് വസ്തുതകളെ വിക്ഷേപിക്കാനുള്ള അസാധാരണമായ കഴിവുമാണ്‌ പിന്നീട് ആ കവിതകൾ പഠനവിധേയമാകാനും ഉമ്രുൽ ഖൈസിനെ അറേബ്യൻ കവിതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാനും ഇടയായത്.

     
       അറബി സാഹിത്യം പഠിക്കുന്ന ഏതൊരാൾക്കും  ഉമ്രുൽ ഖൈസിന്റെ കവിതകൾ പഠിക്കാതെ മുന്നോട്ട് പോകാനാവില്ല.. എട്ടാം നൂറ്റാണ്ടിലാണ്‌ ആ കവിതകൾ ശേഖരിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെട്ടതും. പിന്നീട് പല ഭാഷകളിൽ പല പേരുകളിൽ ആ കവിതകളും കവിയുടെ ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ പ്രകാശങ്ങളേയും പകലെന്നും എല്ലാ ഇരുളിനേയും രാത്രിയെന്നും വിളിക്കാനാവാത്തതുപോലെ കാമവും ദ്വേഷവും ഒരുപോലെ  ജീവിതപ്പെട്ടു കിടക്കുന്ന ആ കവിതകളിലെ തീ പടർത്തുന്ന അതിവൈകാരികത പ്രത്യാശയുടെ സ്ഫുരണങ്ങളില്ലാതെ തന്നെ  ചരിത്രത്തിനു പോലും മായ്ക്കാനാവാതെ  നിലനിൽക്കുകയാണ്‌..
                                                                                                               സബീന എം സാലി





                                                                                                         


















Sunday, 14 December 2014

കാവ്യബിന്ദുക്കൾ

സ്വപ്നം കൊണ്ട്
പലവട്ടം ശ്രമിച്ചിട്ടും
തുറക്കപ്പെടാത്ത
മേഘമാളികയുടെ
കളഞ്ഞുപോയ
ഒറ്റത്താക്കോൽ
കണ്ടുകിട്ടിയില്ലെന്ന്
കാറ്റിനോട്
വെയിൽ മർമ്മരം.

Monday, 30 June 2014

മൗനം നനയുന്നവർ



നമുക്കിടയിലെ
മൗനത്തിന്റെ
ശിഖരങ്ങൾ 
പൂത്തപ്പോഴാണ്‌
ധ്യാനത്തോട്
നീയതിനെ
കൂട്ടിയിണക്കിയത്.

മൗനം തീർത്ത
കണ്ണീർപ്പെയ്ത്തിലാണ്‌
നീയില്ലാതെ ഞാനും
ഞാനില്ലാതെ നീയും
തമ്മിലെത്തിപ്പെടാൻ
കുടകൾ തിരഞ്ഞത്.

നുറുങ്ങിപ്പൊടിയുന്ന
ഹൃദയലിപികളാൽ
മനസ്സാഴങ്ങളിലെ
കടലാരവങ്ങൾ
പരസ്പരമറിയുമ്പോഴും
മൗനം വിരിച്ചിട്ട
നിലാവഴികളിൽ
പൂകൊഴിയും കാലം
കാത്തിരിക്കുന്ന
വെറും മൗനികൾ
നാം രണ്ടു പേർ.

Tuesday, 24 June 2014

വാക്കിനുള്ളിലെ ദൈവം

പ്രപഞ്ചം ഇന്നേവരെ
ഉച്ചരിച്ചിട്ടില്ലാത്ത
ചില വാക്കുകളുണ്ട്
അവയ്ക്ക് 
ദൈവത്തിന്റെ ഛായയാണ്‌.
ഒരായിരം മിടിപ്പുകൾക്കിടയിലും
ഒരിക്കലും എഴുതപ്പെടാതെ
എന്നെയ്ം നിന്നെയും
ചേർത്തു വയ്ക്കുന്നവ.

Sunday, 22 June 2014

പെയ്യുമ്പോൾ ഒഴിയുന്നത്..


നിറങ്ങ തിരിച്ചറിയാൻ
വെളിച്ചം കൂടിയേ തീരൂ
ആസക്തികൾ ജ്വലിക്കാൻ
ഇരുട്ടും.
അതുകൊണ്ടാവാം
ഉദയത്തിനും
അസ്തമയത്തിനുമിടയ്ക്ക്
നൂൽപ്പാലം കെട്ടാൻ കഴിയാതെ
കുരുടുള്ള വർണക്കിളികൾ
വകതിരിവില്ലാതെ
തമ്മിൽക്കൊത്തുന്നതും
കലപില കൂട്ടുന്നതും.

കടം കൊണ്ട ദു:ഖമേ
പ്രണയത്തിന്റെ
പട്ടടയിലാളിയ
അവസാന തീക്കനലും
കൺപെയ്ത്തുകളിൽ
കെട്ടടങ്ങിയിരിക്കുന്നു.

വിതുമ്പാൻ മറന്ന മനസ്സേ,
ഇനി മുതൽ
മേഘവും നീ തന്നെ
മഴയും നീ തന്നെ.
ഉള്ളിന്റെയുള്ളിൽ
മർമ്മരം കൊള്ളുന്ന
കവിതച്ചിന്തുമായി
ഇനി, പൂന്തോപ്പുകളിലേക്ക് മാത്രം 

നീ പെയ്തിറങ്ങുക.


Saturday, 21 June 2014

നല്ല വാക്കുകളുടെ നിറച്ചാർത്ത്..പി കെ

അനുമോദനങ്ങളുമായി സഖാവ്

ആശംസ....ശ്രീ എം വി ബെന്നി

അനുഗ്രഹത്തിന്റെ കൈത്താങ്ങുമായ്..എന്റെ സ്വന്തം ടീച്ചർ..

കൃതഞ്ജ്തയുടെ കൃതാർത്ഥത..റഷീദ് കറുകശ്ശേരി

അനിവാര്യമായ പരിചയപ്പെടുത്തലുമായ് സഹീറ.

സ്നേഹസരോവരത്തിൽ...

പരസ്യമായി ഒരു രഹസ്യം....

ചാനൽ പുലികൾ —

ഒരു പ്രവാസിയുടെ ഇതിഹാസം..ശ്രീ ബാലഗോപാൽ

സൗഹൃദ നിമിഷങ്ങൾ...

ആശംസ......ശ്രീ ടി എ സൈദു കുഞ്ഞ്..

ആശംസ....അഡ്വ: ഇസ്മായിൽ. 

ആ നിമിഷത്തിന്റെ നിർവൃതിയിൽ....


സ്നേഹത്തിന്റെ കയ്യൊപ്പ്..

തലമുറകളെ ബന്ധിപ്പിച്ച്...

മറുമൊഴിയടയാളം.......
Add caption
ആശംസ....വിശാലാക്ഷി ടീച്ചർ..
സ്വാഗതം..കെ രാധാകൃഷ്ണൻ
Add caption

വേറിട്ട ഒരു സ്വകാര്യ വായന


ഇരുപത്തിമൂന്നു കഥകളുടെ സമാഹാരം കന്യാവിനോദം കഴിഞ്ഞ മാതൃഭാഷാദിനത്തിൽ(ഫെബ്രുവരി 21) സഖാവ് ബിനോയ് വിശ്വം ശ്രീ പി കെ പാറക്കടവിന്‌ ആദ്യ കോപ്പി നൽ-കിക്കൊണ്ട് നിർവ്വഹിച്ചു.



ഇന്ദ്രിയാതീതം..




എന്റെ നിശ്വാസങ്ങൾക്ക്
മുറിവിന്റെ ഗന്ധമാണ്‌.
മറക്കാൻ ശ്രമിക്കുന്തോറും
ഓർമ്മകളിലേക്ക്
ചോര തെറിപ്പിക്കുന്ന
അകമുറിവുകളുടെ ഗന്ധം.

എന്റെ ശബ്ദത്തിന്‌
ശോകത്തിന്റെ ധ്വനിയാണ്‌.
ജീവിക്കുന്നതു തന്നെ
ഒരു ദുരന്തമാണെന്ന്
കേൾക്കുമ്പോഴുണ്ടാകുന്ന
വിഷാദങ്ങളുടെ അശരീരി.

എന്റെ തേങ്ങലിന്‌
കണ്ണീരിന്റെ രുചിയാണ്‌
പാപങ്ങളുടെ
ആഹ്ളാദങ്ങൾ ചുവയ്ക്കുന്ന
അസ്വസ്ത്ഥതകളുടെ രസതന്ത്രം.

എന്റെ കണ്ണുകൾക്കിപ്പോൾ
പകൽ സ്വപ്നങ്ങളുടെ ചൂടില്ല.
തണുത്ത നോട്ടത്തിൽ
കെട്ടുപോകുന്ന
നക്ഷത്രക്കാഴ്ചകൾ.

മരണത്തിനും ഒറ്റപ്പെടലിനും
ഇന്ദ്രിയാതീതമായ
കവിതയുടെ സ്പർശമാണ്‌.
ചിറകു തരാമെന്ന് വാഗ്ദാനം ചെയ്ത
ദരിദ്ര ഋതുവിന്റെ
തരിപ്പാർന്നൊരു തലോടൽ.

(മലയാളം ന്യുസ് 23/3/2014)


Sunday, 1 September 2013

മരിക്കുംമുമ്പെ കൈത്തണ്ടയില്‍ ആ സ്ത്രീ സ്വന്തം വിലാസമെഴുതി....

ഒലിവ് മരങ്ങളുടെ കീഴില്‍ ഇളം മനുഷ്യരുടെ ഉടലുകള്‍ വെടിയേറ്റ് ചിതറുകയാണ്.

         വിപ്ലവം  തോക്കിങ്കുഴലിലൂടെയല്ല അത് മുല്ലപ്പൂക്കളായി വിടർന്ന് സൗന്ദര്യം പടർത്തുകയാണ്‌ മദ്ധ്യപൗരസ്ത്യ അറബ് രാജ്യങ്ങളിലെന്ന് സമാധാനിച്ച നമുക്ക് മുല്ലപ്പൂ മണത്തിന്‌ പകരം ചോര മണക്കുന്ന തെരുവുകളാണ്‌ ഇന്ന് കാണാൻ കഴിയുന്നത്. ആരോ കല്ലെറിഞ്ഞ ഓളങ്ങൾ വീണ്ടും വീണ്ടും പിടഞ്ഞുകൊണ്ടിരിക്കുകയാണവിടെ. ആരോ എറിഞ്ഞിട്ട ക്രോധത്തിന്റെ കനലുകളെ ഊതിയൂതി  ആളിക്കത്തിച്ചിട്ട് ദൂരെ മാറി കൈകെട്ടി നോക്കി നിൽക്കുന്നുണ്ട് സൂത്രധാരന്മാരായ ചിലർ. സേച്ഛാധിപത്യ വ്യവസ്ഥിതിക്കെതിരെ എന്നും എവിടെയും ചോരപ്പുഴകൾ ഒഴുകിയ ചരിത്രം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിലും ശാന്തിമാത്രം പുലർന്നു കാണാനാഗ്രഹിക്കുന്ന സമധാനകാംക്ഷികൾ ഒലിവ് മരങ്ങളുടേയും പിരമിഡുകളുടേയും നാടിന്റെ ഇന്നത്തെ അവസ്ഥയെ  നെഞ്ചിടിപോടെ മാത്രം നോക്കികാണുകയാണ്‌ .
          ഫറോവായുടെ ഏകാധിപത്യത്തിന്‌ അറുതിവരുത്തിയത് ദൈവം തന്നെയാണ്‌. പ്രവാചകൻ മൂസയെകൊണ്ട് കടൽ ജലത്തിൽ വഴിപിളർത്തിച്ച ദൈവം ഫറോവയുടെയും  കൂട്ടരുടെയും അഹങ്കാരം എന്നെന്നേക്കുമായി ചെങ്കടലിൽ താഴ്ത്തിയിട്ടും ഏകാധിപത്യത്തിന്റെ  രക്തം  അമ്പത്തൊമ്പത് വർഷം മുമ്പ് ജമാൽ അബ്ദുനാസ്സറിലൂടെ ഈജിപ്തിന്റെ സിരകളിൽ വീണ്ടും ഒഴുകാൻ തുടങ്ങി. പട്ടാള അട്ടിമറിയിലൂടെ ആ ഏകാധിപത്യം തന്നെയാണ്‌ ഇന്നും സോളമന്റെ മുന്തിരിപ്പാടങ്ങളിൽ  ചോര പെയ്യിക്കുന്നത്.
         ഫേസ് ബുക്കിൽ ആരോ പോസ്റ്റ് ചെയ്ത ഒരു ലിങ്കിനെ പിന്തുടർന്ന മൗസ് ക്ലിക്കിലെ ചെറിയ വിരലനക്കം എന്നെ കൊണ്ടു നിർത്തിയത് ആഭ്യന്തര കലാപം നടക്കുന്ന കെയ്‌റോവിലെ ഒരു തെരുവോരത്തായിരുന്നു. ആർത്തരും ക്ഷുഭിതരുമായ ജനാവലി തലങ്ങും വിലങ്ങും പായുന്നു. സൈനിക വെടിവെയ്പ്പുകൾ നിലച്ചിട്ട് നിമിഷങ്ങളെ ആയിട്ടുള്ളുവെന്ന് തോന്നുന്നു. കത്തുന്ന തെരുവുകളിൽ അഗ്നി കുണ്ഠങ്ങളിൽ നിന്നുയരുന്ന കറുപ്പും വെളുപ്പുമായ പുകമറയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ഈയലുകളെപ്പോലെ പിടയുകയണവർ. ചിലരൊക്കെ മാസ്ക് ധരിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതുപോലെ  തോന്നി. സൈനീക വിമാനങ്ങൾ കർണപുടങ്ങളെ ഭേദിക്കും വിധം ഇരമ്പി പ്പായുന്നുണ്ട്. അസ്രാഈലിന്റെ ചിറകടി പോലെ ദിഗതങ്ങൾ മുഴങ്ങുന്ന മരണത്തിന്റെ മൂളൽ. ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ പരിക്കേറ്റവരുടെ ദൈന്യത നിറഞ്ഞ നിലവിളികൾ. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകർ പ്രഥമ ചികിത്സ നൽകി ആംബുലൻസുകളിലും വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്‌.  വികൃതമായ ശവശരീരങ്ങൾ കണ്ട് വിഭ്രാന്തരായി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ ഭീതിമുഖങ്ങൾ കണ്ടു നിൽക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുകിയടച്ചു.  മഹാഭാരത യുദ്ധശേഷം കുരുക്ഷേത്ര ഭൂമിയിൽ ചിതറിക്കിടക്കുന്ന സ്വന്തം മക്കളുടെ ശരീര ഭാഗങ്ങൾ കണ്ട് വിലപിക്കുന്ന ഗാന്ധാരി രൂപമായി ഒരു നിമിഷം ഞാൻ. പച്ച ജീവനിൽ ബുള്ളറ്റുകൾ കയറിയിറങ്ങി, തലയോട് പൊട്ടിച്ചിതറി ചോര വാർന്ന് മരിച്ച ഉമ്മയുടെ മൃതദേഹത്തിനരികിൽ കണ്ണുപൊത്തിക്കരയുകയാണ്‌ എട്ട് വയസ്സുകാരനായ ഒസാമ എന്ന ബാലൻ. സ്വാന്ത്വനത്തിന്റെ ഒരു മൃദുസ്പർശമെന്നോണം അവന്റെ ചുമലിൽ തൊടാൻ ഞാൻ പതുക്കെ കയ്കൾ നീട്ടി...പെട്ടെന്നാണ്‌ മൃതദേഹങ്ങൾ ക്കിടയിലൂടെ സ്വന്തം ഭർത്താവിന്റെ പേരുചൊല്ലി വിളിച്ചുകൊണ്ട് ഒരു യുവതി ഓടിവന്നത്. കണ്ണീരിൽ കുതിർന്ന ആ നിലവിളിക്ക് മറുപടിയായെങ്കിലും ആ മൃതദേഹങ്ങളൊക്കെ കണ്ണു തുറന്നെങ്കിലെന്ന് ഒരു വേള വ്യാമോഹിച്ചു പോയി.

നൈലിന്‍്റെ ഓളങ്ങള്‍ക്കുപോലും ചുവപ്പു രാശി

           പച്ചതുണിയിട്ട് മൂടിയ ജഢങ്ങൾക്കരികിൽ അമർത്തിയ രോഷക്കണ്ണീരുമായി ബന്ധുമിത്രാദികൾ ചൂടുവിട്ടുമാറും മുൻപേ അവയുടെ കണ്ണുകൾ തിരുകിയടയ്ക്കുകയണവർ. ആർക്കും ആരേയും സ്വാന്ത്വനിപ്പിക്കാനവാത്ത അവസ്ഥ. ആർത്ത നാദങ്ങൾക്കിടയിലും, സഹനത്തിന്റെ കരുത്തും വിശ്വാസത്തിന്റെ സ്ഥൈര്യവുമായി ദൈവം ഉന്നതനാണെന്ന തക്ബീർ വിളികളിൽ സമാധാനത്തിന്റെ മരുപ്പച്ച തിരയുകയാണവർ. കണ്ണീരും രക്തവും ഒഴികിച്ചേർന്ന് നൈലിന്റെ ഓളങ്ങൾക്കുപോലും ചുവപ്പു രാശി. മരണമെണ്ണാനാവാതെ തെല്ലിട വഴിമാറിയൊഴുകാൻ കൊതിച്ചിട്ടുണ്ടാവില്ലേ നൈൽ നദിയും. തെരുവിന്റെ ഒരു കോണിൽ എവിടുന്നോ കിട്ടിയ പേനകൊണ്ട് തന്റെ കൈത്തണ്ടയിൽ സ്വന്തം പേരും മേൽവിലാസവും കോറുകയാണ്‌ പരിക്കേറ്റ് അസ്തമിക്കാറായ ബോധത്തിന്റെ അവസാന നിമിഷത്തിൽ മദ്ധ്യവയസ്കയായ സ്ത്രീ. മരണം ഉറപ്പായ അന്ത്യ നിമിഷത്തിൽ തന്റെ മൃതദേഹമെങ്കിലും തിരിച്ചറിയപ്പെടണമെന്ന അന്ത്യാഭിലാഷം. എങ്ങും മരണത്തിന്റെ മൗനമുദ്രകൾ മാത്രം.
         സാമ്രാജ്യത്വത്തിന്റേയും ഏകാതിപത്യത്തിന്റേയും പട്ടാള ബൂട്ടടി ശബ്ദങ്ങൾക്കിടയിൽ നിരപരാധികളുടെ ചോര നീതിക്കു വേണ്ടി നിലവിളിക്കുകയാണവിടെ.പകൽ മങ്ങി, രാത്രി പരക്കാൻ തുടങ്ങിയിരുന്നു. മനുഷ്യത്വമേ നീയെവിടെയാണ്‌ എന്നു വിലപിച്ചുകൊണ്ട് കുതിച്ചു വന്നൊരു കാറ്റിന്റെ തേങ്ങൽ. യുവാക്കളുടെ ചോരയ്ക്കു വേണ്ടി കൊലവിളി നടത്തുന്നവർ ക്കെതിരെ  രക്തം പുരണ്ട കൈകളുയർത്തി ദൈവീക സ്തോത്രങ്ങൾ ഉരുവിടുകയാണ്‌ അവരിൽ പലരും. സഹനത്തിന്റെ കൊടുമുടികൾ താണ്ടി സമാധാനത്തിലധിഷ്ഠിതമായ ചെറുത്തുനിൽപ്പുകൾ നടത്തുന്ന ജനതയെ കണ്ണിൽച്ചോരയില്ലാതെ എന്തിന്‌ അറുകൊല ചെയ്യുന്നു...? 

ഞാനാ തെരുവില്‍ നിന്ന് പുറത്ത് കടന്നു

         ഇനിയും കാണാനിരിക്കുന്ന കാഴ്ചകൾ ഒരു പക്ഷേ എന്റെ ബോധമണ്ഡലത്തെ തളർത്തിക്കളയും എന്നു ഭയപ്പെട്ട് വിഷാദ്ഗ്രസ്തമായ ഒരു മനസ്സോടെ ശൂന്യമായ കണ്ണുകളോടെ വിറയ്ക്കുന്ന കാലടികളോടെ വീണ്ടും ഒരു മൗസ്ക്ലിക്കുകൊണ്ട് ഞാനാ തെരുവിൽ നിന്ന് പുറത്ത് കടന്നു.   സിദ്ധാന്തങ്ങളില്ലാത്ത പരിണാമങ്ങളാണ്‌ അറബ് വസന്തം മൊട്ടിട്ട മധ്യപൗര ദേശങ്ങളിൽ ഞൊടിയിടയിൽ സംഭവിച്ചത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറൽ സെക്യുലറിസ്റ്റുകളും മറ്റ് ചെറുതും വലുതുമായ സർവ്വകക്ഷികളും ഒത്തു ചേർന്നതാണ്‌ മുല്ലപ്പൂമണം തങ്ങി നിന്ന സമാധാനാ ന്തരീക്ഷം സംജാതമാകുവാൻ ഏകകാരണം. പക്ഷേ ഇസ്ലാമിക രീതിയിൽ രാഷ്ട്രഭരണം നിയന്ത്രി ക്കപ്പെടണമെന്ന് ഒരു വിഭാഗം ശഠിക്കുമ്പോൾ സായുധ വിപ്ലവം മാത്രമാണോ അതിനെ തിരെയുള്ള  ഏക പോംവഴി.? ഏകാധിപത്യവും സർവ്വാധിപത്യവും സൈനീകനീക്കങ്ങളും ഉപരോധങ്ങളും അസ്തമിച്ച്, നൈലിന്റെ ദാനമായ ഈജിപ്ഷ്യൻ മണ്ണിൽ തികച്ചും ധാർമ്മികതയിലൂന്നിയ രക്തരഹി തമായ പൂക്കാലത്തിനുവേണ്ടി ബാഹ്യേന്ദ്രിയങ്ങൾ തുറന്നുവയ്ക്കുകയാണ്‌ ഏകാധിപതികൾക്കെതിരെ വിപ്ലവബോധമുദിച്ച ഒരു ജനത.
മാധ്യമം ലിട്രെച്ചെർ (ഒൺ ലൈൻ)  28 ആഗസ്റ്റ് 2013.

Thursday, 29 August 2013


“മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റയെപ്പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയിത്തീരുന്ന ദിവസം ” (സുറ:ഖാരിഅ 4, 5 )
         അന്ത്യദിനത്തെപ്പറ്റി പരിശുദ്ധ ഖുർ ആൻ പറഞ്ഞിരിക്കുന്ന ഈ വചനങ്ങൾ പുലർന്നു കാണും വിധമുള്ള കാഴ്ചകളാണ്‌ കഴിഞ്ഞ ദിവസം സിറിയയിലെ സംഭവങ്ങൾ ടെലിവിഷനിലൂടെ കണ്ടത്. സാധാരണ കൂറകൾക്ക് മരുന്നടിക്കുമ്പോൾ, കുറേയൊക്കെ തൽസമയം തന്നെ പിടഞ്ഞ് ചാവുകയും മറ്റു കുറേയെണ്ണം പ്രാണരക്ഷാർത്ഥം ഓടിയകന്ന് കാണാമറയത്ത് കൈകാലിട്ടടിച്ച് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു. അപ്രകാരമായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ തളർന്നു വീണ്‌ ജീവൻ വെടിഞ്ഞതും മുതിർന്നവർ ദൂരേക്ക് ഓടിയകന്ന് ശ്വാസം കിട്ടാതെ കൈകൾ തൊണ്ടയിൽ പിണച്ച് മരിച്ചു വീണതും. ശരീരത്തിലും ശ്വാസകോശത്തിലും അതിക്രമിച്ചു കയറിയ വിഷത്തെ നിർവീര്യമാക്കാൻ ജലാശയങ്ങളിലേക്കും മറ്റും എടുത്തു ചാടുകയായിരുന്നു അവരിൽ പലരും. ഹൃദയമുള്ള ആർക്കും തന്നെ അധികനേരം കണ്ടിരിക്കാനാവില്ല ആ കാഴ്ചകൾ...
       
      അറിവും വിജ്ഞാനവും ഏറിവരുംതോറും മനസ്സാക്ഷി ഇല്ലാതാവുകയാണ്‌ മനുഷ്യകുലത്തിന്‌. ലോക രാഷ്ട്രത്തലവന്മാർ രാസായുധങ്ങൾ കൊണ്ടാണ്‌ കുരങ്ങുകളി നടത്തുന്നത്. കീടനാശിനികളും രാസായുധങ്ങളും ഞങ്ങൾ പ്രയോഗിക്കുക തന്നെ ചെയ്യും . ജീവൻ വേണ്ടവർ മാറി നിൽക്കുക എന്ന മലയാളി മാന്യന്റെ വിദഗ്ദാഭിപ്രായം തന്നെ ഒബാമയും മറ്റു രാഷ്ട്രത്തലവന്മാരും സ്വീകരിക്കുകയാണെങ്കിൽ സംശയമില്ല, അന്ത്യ ദിനത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി സുഹ്രുത്തുക്കളെ...

“നീയും നിന്റെ വംശവും കൂടെ മുടിഞ്ഞുപോമില്ലൊരു സംശയം മൂന്നു പതിറ്റാണ്ടു ചെല്ലുമ്പോൾ”

      എന്ന് പണ്ടു കുരുക്ഷേത്രഭൂമിയിൽ വച്ച് ഗാന്ധാരി ശ്രീകൃഷ്ണന്റെ കുലത്തെ ശപിച്ചതുപോലെ ലോകത്തിന്റെ വിവിധകോണുകളിൽ അനേകായിരം അഭിനവ ഗാന്ധാരിമാരുടെ ശാപങ്ങളും വിലാപങ്ങളും ഏറ്റുവാങ്ങേണ്ടി വരിക തന്നെ ചെയ്യും ഇതിനൊക്കെ കാരണഭൂതരായവർ.

Sunday, 25 August 2013

എന്റെ കവിത


കാമുവും കാഫ്കെയും എലിയറ്റും
എന്റെ വായനാ പരിധിയിലില്ലായിരുന്നു
ബ്രെക്തിനേയും വില്യം ബ്ലേക്കിനേയും
അറിയുക പോലുമില്ല
എങ്കിലും ജീവിതത്തിന്റെ വഴിവക്കിൽ
കട്ട പിടിച്ച കണ്ണീരു കാണുമ്പോൾ
എനിക്ക് കവിത വരും.
പ്രണയവും വിരഹവും
പച്ച മരം പോലെ നിന്നു കത്തും.
ചങ്കിൽ കുരുങ്ങിയ
സൗഹൃദങ്ങളുടെ ചാരുമരങ്ങളിൽ
സങ്കടപ്പാതികൾ കൊളുത്തിയിടും.
സൗന്ദര്യത്തിന്റേയും ലഹരിയുടേയും
അപൂർവസൗഗന്ധികങ്ങൾ
കണ്ടെടുക്കാനാവാതെ
ആധുനികോത്തര ബിംബങ്ങൾ
തെരെഞ്ഞ് പരാജയപ്പെട്ട്
ആസ്ഥാന കവികൾ
എന്നോട് പിണങ്ങും
ഉറയുരിഞ്ഞ ജീവിതം പോലും
എന്നെ ബഹിഷ്കരിക്കും.
ഭ്രഷ്ടിന്റെ നാനാർത്ഥങ്ങൾ കുറിക്കാൻ
വാക്കിനാൽ സ്നാനപ്പെട്ട
എന്റെ തൂലിക
അന്നും നിത്യകന്യകയായിരിക്കും.
(image.google)

Friday, 31 May 2013

മുറിവുണങ്ങാത്ത പക്ഷി


     ലോകത്തെ ഏറ്റവും സുന്ദരിയായ പ്രണയിനി ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു....കമല...കമല ദാസ്.....കമല സുരയ്യ.....എരിയുന്ന ദീപം പോലെ വശ്യമായിരുന്നു ആ സൗന്ദര്യം.  വാക്കുകളുടെ അതിവൈകാരികതയാൽ വായനക്കാരെ വശീകരിച്ച ഒരെഴുത്തുകാരി അവർക്ക് മുൻപും പിൻപും ഉണ്ടായിട്ടില്ല. സ്ത്രൈണ ജീവിതാനുഭവങ്ങളുടെ നിറക്കൂട്ടുകൾ ആ കണ്ണുകളിലെ നക്ഷത്രദീപ്തിയായ് ജ്വലിക്കുമ്പോൾ വസ്തുസൂക്ഷ്മതകളുടെ  പ്രകൃതിഭാവം തിരയുന്ന ഏതൊരു കാമുകനും ആ മുഖത്തു നിന്നും കണ്ണെടുക്കാനാവില്ല.  “ഞാനൊരു പുഴയായിപ്പോയി....തോട്ടിലേക്ക് ഒഴുകാനെനിക്കാവില്ല....”എന്ന് ഉള്ളിലെന്നും ഒരു കലാപം കൊൺ
ടു നടന്നിരുന്നു തന്റേടിയായ ആമി. സ്വപ്നാടനങ്ങളുടെ തോടുകളിലേക്ക് ഉൾവലിയുമ്പോഴും എനിക്കിനിയും പൂർണത കിട്ടാനുൺടെന്ന്‌ ലോകത്തോട്‌ വിളിച്ചു പറയാനുള്ള ചങ്കൂറ്റംവേറെ ഏത് എഴുത്തുകാരിക്കാണുള്ളത്...?  മറ്റുള്ളവരുടെ പ്രീതിക്കു വേൺടി അവർ സ്വന്തം മനസ്സക്ഷിയെ ഒരിക്കലും വഞ്ചിച്ചിരുന്നില്ല.പ്രകൃതിയിലെ സകല ചരാചരങ്ങളേയും സ്നേഹം കൊൺട് കീഴ്പ്പെടുത്താനുള്ള നിരുപമമായ ആ കഴിവു തന്നെയാണ്‌ അവരെ എല്ലാ ഋതുക്കളിലും പൂക്കുന്ന നീർമാതളമാക്കിയത്.

               സദാചാര വിലക്കുകൾ ഭയന്ന്‌ പലരും സ്വന്തം ഇഷ്ടങ്ങൾ മനസ്സിന്റെ വാരിക്കുഴിയിൽ മൂടുമ്പോൾ, സ്നേഹം കൊൺടു തന്നെയാണ്‌ സ്വാതന്ത്ര്യത്തിന്റെ അർത്ഥം കമല ലോകത്തിന്‌ കാട്ടിക്കൊടുത്തത്. ചില നേരങ്ങളിൽ വിലക്കുകളും തടസ്സങ്ങളും അതിജീവിക്കാനുള്ള മനസ്സിന്റെ പകർന്നാട്ടങ്ങൾ, ചില നേരങ്ങളിൽ അധീരമായ ക്ഷമാപണങ്ങൾ, ആർക്കും പിടികൊടുക്കാത്ത വൈരുദ്ധ്യങ്ങളായി കമലയുടെ കൃതികളിൽ നിഴലിക്കുന്നു.ആ വാക്കുകളുടെ നിഗൂഢതകളും അവയുടെ ഭാവനിർഭരമായ അർത്ഥതലങ്ങളും അതേപടി ഉൾക്കൊൺടവർ  മാത്രമാണ്‌ പൂർണമായ അർത്ഥത്തിൽ കമലയെ സ്നേഹിച്ചത്.  സ്ത്രീ രചനകളിലെല്ലാം ആത്മാംശമുൺടെന്ന ധാരണയാവാംഒരേ സ്വത്വത്തെ അതർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളാനാവാതെ വാക്കുകളുടെ ഉറവ തേടിച്ചെന്ന് അവരെ വ്യക്തിപരമായി വേദനിപ്പിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. ഭാവനകൊൺട് ജീവിക്കുകയാണെങ്കിൽപ്പോലും  “എന്റെ ശരികൾ എന്റെ മാത്രം ശരികളാണ്‌ അതിൽ വേറൊരാൾ കൈ കടത്തേൺടതില്ല എന്ന താക്കീതോടെ, സ്ത്രൈണസത്തയുടെ പ്രക്ഷുബ്ധതകൾ ക്രോധങ്ങൾ, സങ്കടങ്ങൾ, വിതുമ്പലുകൾ ഒക്കെയും ധ്വനിസാന്ദ്രമായി അക്ഷരങ്ങളിലൂടെ അവർ പ്രകാശിപ്പിച്ചിരുന്നു. കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയുടെ മർക്കടമുഷ്ടി നിഷ്കളങ്കതയുടെ നേർരൂപമാണെന്ന് മനസ്സിലാക്കാത്തവരാണ്‌ പഴിചാരലുകളാൽ അവരെ മുറിവേൽപ്പിച്ചത്‌. നീ വെറും പെണ്ണാണെന്ന്‌ പുച്ഛിക്കുന്ന പുരുഷ ധാർഷ്ട്യത്തിനെതിരെ പുറം തിരിഞ്ഞതും, അക്ഷരത്തെറ്റുകൾ മാത്രമാണ്‌ അവരുടെ ജീവിതമെന്ന്‌ വ്യാഖ്യാനിക്കാൻ മലയാളിയെ പ്രേരിപ്പിച്ചു,മനുഷ്യനെ പച്ചയ്ക്ക്‌ കത്തിക്കുമ്പോഴുൺടാകുന്ന സാഡിസ്റ്റ് ആനന്ദം അന്ന്‌ സമൂഹത്തിലെ ചിലരെങ്കിലും അനുഭവിച്ചിരിക്കണം.

              പ്രണയപാരവശ്യം പൂൺട ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ പാരമ്പര്യം നമുക്കുൺടായിട്ടും പ്രണയത്തിലൂടെ കലഹിക്കുക, സ്നേഹിക്കുക സ്വയം കൺടെത്തുക എന്ന്‌ ലോകത്തെ ആഹ്വാനം ചെയ്യുകയായിരുന്നു കമല. വസന്തത്തിന്റെ ആത്മാവു കൺടെടുക്കാൻ മാത്രമായിരുന്നു അവരുടെ രക്തത്തിലൂടെ പ്രണയത്തിന്റെ കൈത്തോടുകൾ പതഞ്ഞൊഴുകിയത്.  “ ഞാനൊരു ഏകാന്ത ദ്വീപാണ്‌. നീയവിടേക്ക് വരിക. എന്നെ ഖനനം ചെയ്യുക എനിക്ക് നിന്നോടുള്ള പ്രണയം നീ കൺ
ടെടുക്കും.  ” എന്നിങ്ങനെ പ്രണയത്തിന്റെ കൊടും വിഷം കലർന്ന വീഞ്ഞാണ്‌ അവരുടെ ആത്മസത്തയെ മരവിപ്പിച്ചതെന്ന്‌ സദാചാരവാദികൾ ഘോരഘോരം പ്രഘോഷിക്കുമ്പോഴും കമലയെ സംബന്ധിച്ച്, സ്നേഹ നീരാസം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

            ഉത്തരാധുനിക കാലത്തെ  കമ്പോളവൽകൃത പെൺകാഴ്ചകളും അവ നൽകുന്ന അലസസുഖങ്ങളും കൺട് മനം മടുക്കാതെ, അക്ഷരങ്ങളെ അനാഥരാക്കി, നിത്യശാന്തിയുടെ ദൂരതീരങ്ങൾ തേടി പോയെങ്കിലും, കമലയെ സ്നേഹിച്ചവരുടെ മനസ്സുകളിൽ സ്നേഹം പകർന്ന്‌ കൊളുത്തിയ മൺചിരാതുകൾ ഇപ്പോഴും അണയാതെ കത്തുന്നുൺട്. കറങ്ങുന്ന ഫാനിൽത്തട്ടി തെറിച്ചു വീണ കുരുവിയുടെ മരണം പക്ഷിയുടെ മണമായ് ആത്മാവിന്റെ ഗന്ധവുമായി ചേരുമ്പോഴും പ്രജ്ഞയിൽ  മുറിവുണങ്ങാത്ത ഒരു പക്ഷിയുടെ തേങ്ങൽ......ശിശിരത്തിന്റെ ആഴക്കാഴ്ചകളിൽ  എന്നിലെ വേനലിനെ ഞാൻ തിരിയുമ്പോഴും, മൗന വിരഹങ്ങൾ ചിലപ്പോൾ വേദനയുടെ വേലിയെറ്റങ്ങൾ തീർക്കുമ്പോഴും എന്റെ നിശ്വാസങ്ങൾ കൊൺട് ഞാനെന്നും തൊടാനാഗ്രഹിക്കുകയാണ്‌  ആ വാക്കിന്റെ ചിമിഴിനെ...ആ പ്രണയാത്മാവിനെ......പ്രിയപ്പെട്ട ആമിയെ.....


Sunday, 21 April 2013

പറുദീസാ നഷ്ടം



ദൈവത്തിന്റെ
ഉളിക്കൊത്തു വീണ
പെൺശരീരം
ശരി തെറ്റുകളുടെ
ജ്ഞാനവൃക്ഷക്കനി
പുരുഷന്‌ വച്ചു നീട്ടുമ്പോഴും

നഷ്ടപെടലുകളുടെ ചരിത്രം
രേഖപ്പെടുത്താൻ
ദുരയുടെ ഒറ്റവര കൊണ്ട്
ഏദൻതോട്ടം
അളക്കുകയായിരുന്നു പിശാച്.