Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, 29 August 2013


“മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റയെപ്പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയിത്തീരുന്ന ദിവസം ” (സുറ:ഖാരിഅ 4, 5 )
         അന്ത്യദിനത്തെപ്പറ്റി പരിശുദ്ധ ഖുർ ആൻ പറഞ്ഞിരിക്കുന്ന ഈ വചനങ്ങൾ പുലർന്നു കാണും വിധമുള്ള കാഴ്ചകളാണ്‌ കഴിഞ്ഞ ദിവസം സിറിയയിലെ സംഭവങ്ങൾ ടെലിവിഷനിലൂടെ കണ്ടത്. സാധാരണ കൂറകൾക്ക് മരുന്നടിക്കുമ്പോൾ, കുറേയൊക്കെ തൽസമയം തന്നെ പിടഞ്ഞ് ചാവുകയും മറ്റു കുറേയെണ്ണം പ്രാണരക്ഷാർത്ഥം ഓടിയകന്ന് കാണാമറയത്ത് കൈകാലിട്ടടിച്ച് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു. അപ്രകാരമായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ തളർന്നു വീണ്‌ ജീവൻ വെടിഞ്ഞതും മുതിർന്നവർ ദൂരേക്ക് ഓടിയകന്ന് ശ്വാസം കിട്ടാതെ കൈകൾ തൊണ്ടയിൽ പിണച്ച് മരിച്ചു വീണതും. ശരീരത്തിലും ശ്വാസകോശത്തിലും അതിക്രമിച്ചു കയറിയ വിഷത്തെ നിർവീര്യമാക്കാൻ ജലാശയങ്ങളിലേക്കും മറ്റും എടുത്തു ചാടുകയായിരുന്നു അവരിൽ പലരും. ഹൃദയമുള്ള ആർക്കും തന്നെ അധികനേരം കണ്ടിരിക്കാനാവില്ല ആ കാഴ്ചകൾ...
       
      അറിവും വിജ്ഞാനവും ഏറിവരുംതോറും മനസ്സാക്ഷി ഇല്ലാതാവുകയാണ്‌ മനുഷ്യകുലത്തിന്‌. ലോക രാഷ്ട്രത്തലവന്മാർ രാസായുധങ്ങൾ കൊണ്ടാണ്‌ കുരങ്ങുകളി നടത്തുന്നത്. കീടനാശിനികളും രാസായുധങ്ങളും ഞങ്ങൾ പ്രയോഗിക്കുക തന്നെ ചെയ്യും . ജീവൻ വേണ്ടവർ മാറി നിൽക്കുക എന്ന മലയാളി മാന്യന്റെ വിദഗ്ദാഭിപ്രായം തന്നെ ഒബാമയും മറ്റു രാഷ്ട്രത്തലവന്മാരും സ്വീകരിക്കുകയാണെങ്കിൽ സംശയമില്ല, അന്ത്യ ദിനത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി സുഹ്രുത്തുക്കളെ...

“നീയും നിന്റെ വംശവും കൂടെ മുടിഞ്ഞുപോമില്ലൊരു സംശയം മൂന്നു പതിറ്റാണ്ടു ചെല്ലുമ്പോൾ”

      എന്ന് പണ്ടു കുരുക്ഷേത്രഭൂമിയിൽ വച്ച് ഗാന്ധാരി ശ്രീകൃഷ്ണന്റെ കുലത്തെ ശപിച്ചതുപോലെ ലോകത്തിന്റെ വിവിധകോണുകളിൽ അനേകായിരം അഭിനവ ഗാന്ധാരിമാരുടെ ശാപങ്ങളും വിലാപങ്ങളും ഏറ്റുവാങ്ങേണ്ടി വരിക തന്നെ ചെയ്യും ഇതിനൊക്കെ കാരണഭൂതരായവർ.

Sunday, 16 December 2012

വെറുതെ ഒരു സ്വപ്നസഞ്ചാരം...

എല്ലാ ഋതുക്കളിലും പൂക്കുന്ന  കാടിനു നടുവിലായിരുന്നു കവി അയ്യപ്പന്റെ മഴവില്ലുറങ്ങുന്ന ആ തടാകം. നീലമേഘത്തുണ്ടില്‍ സന്ദേശകാവ്യമയച്ച്‌ നിഴലനക്കങ്ങളെ  പിന്തുടര്‍ന്നു നടക്കുന്ന വിരഹികളായ യക്ഷന്മാരും,ഇന്ദുപുഷ്പംചൂടിയ അപ്സരകന്യകളുമുണ്ടായിരുന്നു ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍.തടാകത്തിന്‍കരയിലെ കാവ്യ സദസ്സിനെയലങ്കരിക്കാന്‍ നമ്മുടെ കവിത്രയങ്ങള്‍ക്കൊപ്പം,ബ്രെക്തും വില്യംബ്ലേക്കും ഉള്‍പ്പെടെ മണ്‍മറഞ്ഞ സകലമാന കവികളും  ആത്മാക്കളുടെ രൂപത്തില്‍ ഒത്തു ചേര്‍ന്നിരുന്നു.മഴമുല്ലകള്‍ പൂത്തുലഞ്ഞ സായാഹ്നം.കവികളെല്ലാം കവിതയുടെ മുക്തഛന്ദസ്സില്‍ മേയുകയാണ്‌.പൊടുന്നനെയാണ്‌,നിശബ്ദതയെ ചിതറിച്ചുകൊണ്ട്‌ ഒരു ഉത്തരാധുനിക കവി, അവര്‍ക്കു നേരെ നിറയൊഴിച്ചത്‌.നെഞ്ചിടങ്ങളില്‍ വെടിച്ചില്ല്‌  തറഞ്ഞിറങ്ങി.രസനകള്‍ മരവിച്ചു.കാറ്റ്‌ താനേ നിലച്ചു.ഭൂമിക നഷ്ടപ്പെട്ട കഥാപാത്രങ്ങളെപ്പോലെ ആശ്രമകന്യകള്‍ വേശ്യാത്തെരുവിലെ മഴ നനയാനിറങ്ങിയതും എനിക്ക്‌ മരിച്ച്‌ മതിയായില്ല എന്നു പറഞ്ഞ്‌ സില്‍വിയാപ്ളാത്ത്‌, ഒരിക്കല്‍ക്കൂടി തീച്ചൂളയിലേക്ക്‌ ശിരസ്സ്‌ കാണിച്ചതും അങ്ങനെയാണ്‌........

Monday, 26 November 2012

സ്നേഹ ഭിക്ഷ



           പെയ്തൊഴിയുന്ന ഓരോ മഴയ്ക്കു ശേഷവും മരുഭൂമിയുടെ ആകാശത്ത്‌ മഴവില്ല്‌ വിതാനിക്കുവാൻ ഇളവെയിൽ ചാലിച്ച നിറക്കൂട്ടുമായ്‌ ശിശിരമേഘങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.സ്വപ്നജീവിയുടെ കാൽപനികഭാവം കണ്ണിൽക്കൊളുത്തി, അനുഭൂതിജന്യമായ സ്മരണകളയവിറക്കുമ്പോൾ, മരുഭൂകന്യയ്ക്കും ഒരു വ്രീളാവതിയുടെ ലാസ്യത....മങ്ങിയ നക്ഷത്രവെളിച്ചം പൊലിഞ്ഞ്‌ ആകാശവും മണലും ഇരുട്ടിൽ ലയിക്കുമ്പോൾ സ്വപ്ന കാമുകനായ നീലാകാശത്തോട്‌ അവളെന്തായിരിക്കാം ഉരിയാടിയിരിക്കുക....?

         “പ്രിയ വാനമേ, നീയെത്രമേൽ അകലെയാണെങ്കിലും അത്രമേൽ നിന്നോടടുക്കാൻ ഞാൻ കൊതിക്കുന്നു.”
           ഏകാന്ത രാത്രികളിൽ പലപ്പോഴും ദൂരെ കാലത്തിന്റെ കാഹളം കാതോർത്തു കിടക്കാറുള്ള ഞാൻ ശ്രവിക്കാറുള്ളത്‌ നിന്റെ ഹൃദയമിടിപ്പിന്റെ ദ്രുതതാളം മാത്രമാണ്‌.
അല്ലയോ പ്രിയനേ, ....രാപ്പകലുകൾക്കതീതമായി,പ്രണയത്തിന്റെ ഉൾഭീതികൾ എന്നെ വിവശയാക്കുന്നു.മാഘമാസം മഞ്ഞു കുടയും മുൻപ്പ്‌. തണുത്ത രാത്രിയുടെ ആഴങ്ങളിലേക്ക്‌ രാഗരേണുവായ് മഴപ്പാറ്റലായ് പൊഴിഞ്ഞ്‌ , ശൂന്യത വിങ്ങുന്ന എന്റെ കാത്തിരുപ്പിനെ നീ ശമിപ്പിക്കുക.

          എന്റെ ശൈലശൃംഖങ്ങളിലേക്ക്‌, ഗിരിസാനുക്കളിലേക്ക്‌, വസന്തം പൂത്തുലയുന്ന സമതലങ്ങളിലേക്ക്‌ സൂര്യ കരാംഗുലികൾക്കൊപ്പം കടന്നു വരിക നീ.
കാലസംക്രമണങ്ങൾക്കൊപ്പം കൊടുങ്കാറ്റിനെ തളച്ചിട്ട മൗനമായ് അനാദിയായ പ്രകാശ പ്രവാഹമായ്‌ നീയെന്നിൽ വിലയിക്കുക.“


Thursday, 28 June 2012

നന്മയുടെ മഴവില്ല്‌

നന്മയുടെ മഴവില്ല്‌ ഇനി എന്നാണുദിക്കുക...?


ഇന്നത്തെ പകല്‍ കണ്‍തുറന്നത്‌ ഏഷ്യാനെറ്റ് വാര്‍ത്തകളിലേക്കായിരുന്നു.....വാര്‍ത്തകള്‍ ഇങ്ങനെ പോകുന്നു....

വഴിവക്കില്‍ യുവാവിനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
...
മരുന്നു മാറിക്കൊടുത്ത്‌ രണ്ടുവയസ്സുകാരി മരിച്ചു.

അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ ഓട്ടോറിക്ഷയില്
്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

കെ എസ് എഫ് ഇ...ശാഖയില്‍ കളക്ഷന്‍ ഏജന്റ് പന്ത്രണ്ടു ലക്ഷം വെട്ടിപ്പ്‌ നടത്തി.....

ടി.പി വധക്കേസ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു.....
ഒരു നിമിഷം, ഇത്‌ ക്രിമിനല്‍ വാര്‍ത്താ സംപ്രേക്ഷണമാണോയെന്നു സംശയിച്ചു പോയി...നന്മയുടെ ഒരു വാര്‍ത്തപോലുമില്ലാതെ....

മനം മടുത്ത്‌ അല്പനേരം ഫേസ്ബുക്ക് തുറന്നു നോക്കി....അപ്പോഴതാ ഒരു കവയത്രിയെന്നവകാശപ്പെടുന്നവര്‍ ഗാന്ധിജിയെ തെറി പറഞ്ഞുകൊണ്ട്‌ കവിതയെഴുതി,തന്റെ പുസ്തകം കച്ചവടം ചെയ്യുന്നു.....

ശ്രീ ഇ.വി ശ്രീധരന്‍ എഴുതിയപോലെ "നമ്മുടെ കാലം ആസുരമായിത്തീര്‍ന്നിരിക്കുന്നു.മോചനമില്ലാത്ത ഒരവസ്ഥയിലേക്ക്‌ നാം വീണു പോയിരിക്കുന്നു....

ഞാനല്ലാതെ മറ്റൊരുത്തന്റെ ജീവിതദുഃഖങ്ങളും മരണവും എനിക്ക്‌ പ്രശ്നമല്ല.മറ്റവന്റെ ഭക്ഷണത്തിലും മരുന്നിലും മദ്യത്തിലും ഞന്‍ മായം ചേര്‍ക്കും എനിക്കുള്ള പണം ഞാന്‍ പലിശക്ക്‌ കൊടുത്ത്‌ ഇരട്ടിപ്പിക്കും ചുറ്റുപാടുമുള്ള പെണ്ണുങ്ങളെല്ലാം എന്റെ സ്വത്താവണം എനിക്ക്‌ എല്ലാ വിധത്തിലും സുഖിക്കണം.."


ആകെക്കൂടി കുട്ടികള്‍ക്ക് നന്മയുടെ പ്രതീകമായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്ന എല്ലാ പ്രതീകങ്ങളെയും ഇങ്ങനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാല്‍ നാളെ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും..?നന്മയുടെ മഴവില്ലുകളെ തിന്മയുടെ കറുത്ത മേഘങ്ങള്‍ മൂടുകയാണോ....?

Sunday, 22 April 2012

ഇന്ന് ലോക പുസ്തക ദിനം. ഗൂഗിളിന്റെ സര്‍ച് എന്‍ജിന്‍ ഭൂമിക്കുമേല്‍ പറന്ന് അഗോചരങ്ങളെപ്പോലും ഗോചരമാക്കി തരുന്ന ആധൂനികതയുടെ ആസുരതയില്‍, ഒന്നിച്ച് കഴിയുമ്പോഴും ഏത് അക്ഷാംശത്തിലാണ്‌ ഓരോരുത്തരുമെന്ന് പരസ്പരം തിരിച്ചറിയാതിരിക്കുന്ന പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ പൊയ്മുഖങ്ങളില്‍. ചിന്തകളെ പോസ്റ്റ്മോര്‍ട്ടം ചെയ്തു നോക്കിയാലറിയാം മനസ്സെഴുത്തുകള്‍ നിറഞ്ഞ പുസ്തകങ്ങള്‍ക്ക് വ്യക്തി ജീവിതത്തില്‍ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്ന്. സര്‍ഗവാസനാവീര്യം നിറഞ്ഞ പുസ്തകങ്ങള്‍ ചന്ദനലേപംപോല്‍ നമുക്ക് സമ്മാനിക്കുന്നത് കുളര്‍മ്മയുടെ അനന്തപഥങ്ങള്‍ - - - -

Monday, 2 April 2012

അടുക്കുന്തോറും അകലുന്നത്....

ഹൃദയത്തില്‍ നൂറ്റെടുത്ത നൂല്‍ കൊണ്ടായിരുന്നു ഞാന്‍ നിന്നെ വരിഞ്ഞത്.അതിനെ സ്നേഹമെന്ന് പേരിട്ട് വിളിക്കുമ്പോള്‍ ചുണ്ടറിയാതെ നിന്റെ കണ്ണില്‍ വിടര്‍ന്നിരുന്ന ആ ചിരി,കാതലുറച്ച വടവൃക്ഷത്തില്‍ ഇലകളെഴുതിയ കവിതയായിരുന്നു.തിര നനയാത്ത കടല്‍ത്തീരത്ത് ശരീരമില്ലാത്തവരായി നടന്നപ്പോഴൊരിക്കലാണ്,സ്വപ്നജീവികളുടെ കാല്‍പനിക ഭാവം വെടിഞ്ഞ്, നിനക്ക്‌ നിന്റേതായ മാനിഫെസ്റ്റോ ഉണ്ടെന്ന് നീ ഭാവനാശാലി ആയത്.ഒരു തുള്ളിയാണെങ്കിലും,പെരുമഴയുടെ ഭാരത്തോടെയാണ്‌ അന്ന്‌ എന്റെ കണ്ണുകള്‍ പെയ്തൊഴിഞ്ഞത്‌.ഒരു പക്ഷേ ആ ബോധജ്ഞാനം തന്നെയായിരിക്കാം ഒരു അപര ചേതനയായി ഈ അകന്നു നില്‍പ്പിന്റെ ആത്മസുഖം എനിക്ക്‌ സമ്മാനിച്ചത്‌....

Wednesday, 28 March 2012

പാപത്തിന്റെ ചുവരെഴുത്തുകള്‍..........


നിഷാദന്റെ പാപം രക്തംവാര്‍ന്ന സത്യമായി നിലനില്‍ക്കുന്നിടത്തോളം കാലം ഈ ലോകത്ത് എഴുതപ്പെടുന്നതെല്ലാം വിലാപകാവ്യമായിരിക്കുക തന്നെ ചെയ്യും.എന്റെ ഹൃദയഭാരം ഏറ്റെടുക്കാന്‍ എനിക്ക്‌ നീ വേണമെന്ന് ആഗ്രഹിക്കുന്നിടത്തോളം കാലമേ നമുക്കിടയില്‍ പ്രണയത്തിന്‌ നിലനില്‍പ്പുള്ളു.തണലുകൊതിക്കുന്ന ഒരു മനസ്സുണ്ടെങ്കിലും നിന്റെ ഹൃദയത്തില്‍ ഒപ്പിടില്ല ഞാന്‍.കാരണം സ്നേഹത്തിന്റെ ചുവരെഴുത്തിലെല്ലാം മോഹഭംഗങ്ങളുടെ പേമാരിപ്പെയ്ത്താണ്‌.അതുകൊണ്ട് എന്റെ കിനാവുകളില്‍ ഒരു മൌനമായി മാത്രം നീ തങ്ങി നില്‍ക്കട്ടെ ഒരു വിലാപകാവ്യമായി.....

മരുഭൂമിയിലെ മഴചിത്രം

ഇന്നലെ രാത്രിയും ദൈവം കത്തുന്ന വിരലുകള്‍ കൊണ്ട്‌ ആകാശത്ത് മിന്നല്‍ചിത്രങ്ങള്‍ കോറിയിട്ടു.പ്രപഞ്ചത്തിന്റെ ഹൃദയതാളം വെള്ളിടിയായ് മുഴങ്ങി.ഖരമായും ദ്രാവകമായും മേഘങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു....എന്നിട്ടും പ്രകാശദൂരങ്ങള്‍ക്കിപുറം തൃഷ്ണയുടെ ചൂടില്‍ വെന്ത്‌ മോഹമടങ്ങാത്ത മരുഭൂമിക്ക്‌ ഒരു ദേവദാസിയുടെ ഭാവം......

Friday, 15 April 2011

റിയാദ് ബ്ലോഗ്ഗ് മീറ്റ്‌

റിയാദ് ബ്ലോഗ്‌ മീറ്റിനു ആശംസകള്‍

റിയാദ്  ബ്ലോഗ്‌  മീറ്റിന്റെ ഭാഗമായി മീറ്റ്‌വേദിയില്‍ വച്ച്  നിര്‍മ്മിക്കപ്പെട്ട ബ്ലോഗ്‌  ..