Monday, 9 May 2011

ഇതാണെന്റെ മണല്‍ ഗ്രാമം

       സൌദി അറേബ്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏകദേശം 180 കി.മി.വടക്ക് ഭാഗത്ത് (റിയാദ് -അല്‍ ഖസീം ഹൈവെ) സുദൈര്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഒരു ഗ്രാമമാണു ഹോത്ത സുദൈര്‍. പൂര്‍വ്വസൂരികളായ സുദൈരികളുടെ സ്മരണാര്‍ത്ഥമാണ്, ഈ  മേഖലക്ക് സുദൈര്‍ എന്ന വിശേഷണം ലഭിച്ചത്.നാട്ടുപ്രദേശങ്ങളായ ഔദ സുദൈര്‍ ,ഉശൈറ സുദൈര്‍ ,റൌദ സുദൈര്‍ ,ഖുത്താമ സുദൈര്‍ ,ജുനൂബിയ സുദൈര്‍  എന്നീ പ്രദേശങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്നതിനാലാണ്,അണച്ചു പിടിക്കുക(ഹൌത്തത്) എന്ന അര്‍ത്ഥം കല്‍പ്പിച്ച്  അവയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഹൌത്തത് സുദൈറിനു ആ പേര്‍ ലഭിച്ചത്. അറബികള്‍  ഹൌത്തത് സുദൈര്‍   എന്നും  വിദേശികള്‍ ഹോത്ത സുദൈര്‍ എന്നും പറയപ്പെടുന്നു. കൂടാതെ ഇബ്റിപ്പഴങ്ങള്‍ കായ്ക്കുന്ന സിദര്‍ മരങ്ങള്‍ ധാരാളമുള്ള ഭൂപ്രദേശമായതിനാലും സിദര്‍ എന്ന വൃക്ഷത്തിന്റെ പേരിനോട് സാമീപീകരിച്ച് സുദൈര്‍ എന്നും പഴമക്കാര്‍ പറയുന്നുണ്ട്.
       ഈ അറേബ്യന്‍ ഉള്‍ നാടന്‍ ഗ്രാമത്തിന്റെ പേരു പോലും അധികമാരും കേട്ടിരിക്കാനിടയില്ല. ജന്മ നിയോഗം പോലെ ഞാനെത്തിപെട്ട മണല്‍ തുരുത്ത്. കാല്പനിക മനസ്സുകളുടെ മഞ്ഞു കാഴ്ച്ചകള്‍ നിറഞ്ഞ മണല്‍ ഗ്രാമം. കനല്ച്ചൂടും തുളച്ചു കയറുന്ന തണുപ്പും മാത്രമുള്ള മരുഭൂമികളില്‍ നിന്നൊക്കെ വ്യത്യസ്ഥമായി, താഴ്വരയും താമരക്കുളവും ,കുളിര്‍ ചോലയും ,തെളിനീര്‍ പൊയ്കയും ഇല്ലെങ്കിലും ,ഇവിടെ ഒറ്റ മരക്കാടുകളുണ്ട് അതിനെ ചുറ്റിപ്പറ്റിയുള്ള ആവാസ വ്യവസ്ഥയുണ്ട്. ഇവിടെ സ്വപ്ന കല്പനകളാല്‍ രൂപമെടുത്ത അം ബരചുമ്ബികളായ കണ്ണാടി സൌധങ്ങളില്ല. പകരം മണ്മറഞ്ഞ സം സ്കാരങ്ങളുടെ മണ്കുടികളും മണ്പാത്രങ്ങളുമുണ്ട്. വൈദ്യുതിയെത്താത്ത പ്രാന്ത പ്രദേശങ്ങളില്‍  ശരറാന്തലുകള്‍ നൃത്തം വയ്ക്കുന്നുണ്ട്. ഒട്ടകക്കൂട്ടങ്ങളില്‍ നിന്ന് വേറിട്ട് ആട്ടിന്‍ പറ്റങ്ങള്‍ കുമ്മാട്ടി കളിക്കുന്നുണ്ട് . എല്ലാ ജീവജാലങ്ങളെയും കറ്മ്മോന്മുഖമാക്കിക്കൊണ്ട് ദിനേന സൂര്യന്‍ ഉദിക്കുമ്പോള്‍ ,രാവിന്റെ ചില്ലയില്‍ നിന്നടറ്ന്നു വീഴുന്ന മഞ്ഞുതുള്ളികള്‍ പെറുക്കിയെടുക്കുന്നതോടൊപ്പം എണ്ണ കിനിയുന്ന മരുഭൂമിയുടെ രാഗവും രോഷവും കണ്ടെടുക്കാം നമുക്കിവിടെ. ആര്യ മാമുനികള്‍ സൂര്യോദയത്തില്‍ ഗം ഗാ ജലം കൈക്കുമ്പിളിലെടുത്ത് കിഴക്കോട്ട് തിരിഞ്ഞ് നിന്ന് സൂര്യനെ നമിച്ച് വേദോച്ഛാരണം നടത്തിയിരുന്നതെങ്കില്‍ , ഇവിടെ വിശ്വാസികള്‍ ഉദയത്തിനു മുന്‍പുതന്നെ അംഗശുദ്ധിവരുത്തി സൃഷ്ടാവായ ദൈവത്തെ നമിക്കുന്നു,പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിലും  അത് തുടരുന്നു. അതു കൊണ്ടായിരിക്കാം അരൂപിയായ ദൈവം ഇവിടുത്തെ പ്രകൃതിയെ മനോഹരമായി സംവിധാനിച്ചത്. പനമ്പൂക്കളുടെ മദഗന്ധം തങ്ങി നില്ക്കുന്ന, ഈ സൈകത സാനുക്കളില്‍ പനയോലകളിലും മരുമണ്ണിലും പുതുമഞ്ഞ് കവിത കുറിക്കുന്നുണ്ട് .വെയിലിന്റെ ഏറ്റകുറച്ചിലനുസരിച്ച് മണല്‍ കുന്നുകള്‍ നിറം മാറുന്നുണ്ട് ,ശുക്രദീപ്തമായ രാവുകളില്‍ നിഴലും നിലാവും ചേറ്ന്ന് മരുഭൂമിയില്‍ നവരസങ്ങളുടെ മാസ്മരീകത തീറ്ക്കുന്നുണ്ട്.ഈ മണല്‍ ഗ്രാമത്തിലാണു ഞാന്‍ അക്ഷരങ്ങളുടെ അശ്വമേധം തുടങ്ങിയത്, കവിതയുടെ ചിമിഴിലെ സൌന്ദര്യങ്ങള്‍ കണ്ടെടുത്തത്. ഇവിടെ നിന്നാണു പ്രകൃതിയുടെ മണമുള്ള  വാക്കുകള്‍ ഞാന്‍ പെറുക്കിയെടുത്തത്. കൂട്ടിമുട്ടുന്ന വാളുകളുടെ ശബ്ദത്തിനു പകരം ഗ്രാമത്തനിമയുടെ ഈണങ്ങളുണ്ടിവിടെ, പ്രാവിന്‍ പറ്റങ്ങളുടെ കുറുകലും സഞ്ചാരിക്കുരുവികളുടെ മൂളലും ബിഥോവന്റെ സം ഗീതം പോലെ നമ്മുക്കു മുന്നില്‍ രാഗം പൊഴിക്കുന്നു.
       അറേബ്യന്‍ മജിലിസുകളുടെ നനുനനുപ്പും,പേര്‍ഷ്യന്‍ കാര്‍പ്പെറ്റിലെ പൂക്കളുടെ സൌന്ദര്യവും ഇവിടെ അനുഭവവേദ്യമാക്കാം നമുക്ക്.വേരുറച്ച മുന്‍വിധികളാല്‍,ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സ്വദേശികള്‍ക്കിടയില്‍ കര്‍മ്മകാണ്ഡം  തേടിയിറങ്ങിയ  വിവിധ ദേശക്കാരുണ്ട്.ഒരിക്കല്‍ ഇവിടെ അഭയം കണ്ടെത്തിയാല്‍പ്പിന്നെ ഈ മണല്‍ഭൂമിയില്‍ നിന്ന് മോചനമില്ലെന്ന് അവര്‍ കരുതുന്നു.ഉറക്കം കെട്ട രാത്രികളില്‍ ഉറക്കച്ചടവുള്ള പകലുകളില്‍,ഋതുപ്പകര്‍ച്ചകള്‍ കാണാന്‍ മിനക്കെടാത്തവരാണധികവും.മണല്‍ക്കാട്ടില്‍,ഏന്തി വലിഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ക്കൊപ്പം മരിക്കാതെ തന്നെ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഇടയന്മാരുണ്ടിവിടെ.
വെയിലില്‍ വെന്ത കല്ലുകള്‍ മാതിരി അവരുടെ ജീവിതവും വേവുകയാണിവിടെ.അതിജീവനത്തിന്റെ പുനര്‍ജന്മങ്ങള്‍ കാംക്ഷിച്ചവര്‍ ഏറ്റെടുത്ത നിയോഗങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നുകം വലിച്ചു നീങ്ങുന്ന കാളകളെപ്പോലെ കിതക്കുകയാണ്.കര്‍ത്തവ്യത്തിന്റെ പാത തിരഞ്ഞെടുത്താല്‍പ്പിന്നെ എങ്ങനെ അവര്‍ക്ക് പാതി വഴിക്ക് നിര്‍ത്താനാകും ?ചതിക്കുഴികളില്‍ വീണും വിലപിച്ചും ജീവിതം തള്ളി നീക്കുന്ന അവരില്‍ പലരും പൂഴി കലരാത്ത ഒരു പിടി ചോറിനു വേണ്ടി ദുര പിടിക്കുന്നുണ്ടാവാം.ആഴമറിയാത്ത ജലാശയങ്ങള്‍ക്കടിയിലെ വിങ്ങലുകള്‍ പോലെ വിസ്തൃതിയറിയാത്ത ഈ മരുപ്പരപ്പിലും നീരു വറ്റിയ മനുഷ്യരുടെ വിങ്ങലുകളുണ്ട്.മീനച്ചൂടും വൃശ്ചികക്കുളിരും കൊണ്ട് തലോടി ഈ മണല്‍ഗ്രാമം അവരുടെ വിങ്ങലുകളെ ചിലപ്പോള്‍ ബാഷ്പീകരിക്കുകയും മറ്റു ചിലപ്പോള്‍ ഘനീഭവിപ്പിക്കുകയും ചെയ്യുന്നു.      
      
      എന്റെ ഫ്ലാറ്റിന്റെ ജാലകപ്പഴുതിലൂടെ നോക്കിയാല്‍ ദൂരെ നീലിച്ച ചക്രവാളം ദൃശ്യമാകും.ചകോരം നിലാവ് ഭക്ഷിക്കുന്നു, ചാതകം മേഘങ്ങളില്‍ നിന്ന് ജലപാനം ചെയ്യുന്നു,ഹംസം പാലും വെള്ളവും വേര്‍തിരിക്കുന്നു,തുടങ്ങിയ കാവ്യസംബന്ധിയായ ഭ്രമകല്‍പനകളില്‍ നിന്നകന്ന് യാഥാര്‍ത്ഥ്യബോധത്തോടെ ഞാനെന്റെ പ്രണയവല്ലകിയുടെ തന്ത്രികള്‍ അയച്ചിട്ടത് ഇവിടെയാണ്.സ്നേഹവും,ചിന്താധാരകളും വിളക്കിച്ചേര്‍ത്തത് ഇവിടെയാണ്.ഒരുപക്ഷെ,ഈ പ്രവാസത്തിനൊടുവില്‍ എപ്പോഴെങ്കിലും പെരിയാറിന്റെ തീരത്തുള്ള എന്റെ ഭര്‍തൃഗ്രാമത്തിലിരുന്ന് എനിക്ക് അയവിറക്കാനാവും എന്റെ എഴുത്തിന്,ചൂടും കുളിരും പകര്‍ന്നു തന്ന ഈ അറേബ്യന്‍ മണല്‍ഗ്രാമത്തിന്റെ നഷ്ട്ടമാവാത്ത നൈര്‍മ്മല്യവും,ജീവിതത്തിന്,നാനാവര്‍ണങ്ങള്‍ പകര്‍ന്നു തന്ന പ്രകൃതിയുംഏകാന്തമായ പകലുകളും നിശബ്ദ രാവുകളും................

    (2012 ജൂൺ 24 മാതൃഭൂമി ആഴ്ചപ്പതിപ്പ് -ബ്ലോഗന)

19 comments:

 1. ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

  ReplyDelete
 2. നല്ല വിവരണം,ഭാഷയും

  ReplyDelete
 3. നന്നായിരിക്കുന്നു...
  നന്മകള്‍.

  ReplyDelete
 4. palarum blog authi thudaghunnu ennu kellkumbool eni athum sahikkanamallo enna bayamannu. pakche sabena sali vethisatha mayie . avadarana shaili nallathannu ennthallah ennye poolullah payaya pravashikalkku puthan arivukal koodi tharunnathannu sabeena yode blog . neranja manassoode ella asamsakalum nerunnu.

  ReplyDelete
 5. nalla vivaranam... nice....aashamsakal

  ReplyDelete
 6. കൊള്ളാം ..നല്ല ..വിവരണം ...ആശംസകള്‍ !

  ReplyDelete
 7. വിവരണം ഗംഭീരം
  ഭാഷ അതിഗംഭീരം...!!

  ReplyDelete
 8. മനോഹരം .....
  കവിത തുളുമ്പുന്നു.

  ഉള്ളു നിറയുന്നു...
  നിലാവ് പെയ്യുന്ന
  കുന്നില്‍
  എന്‍റെ ഗ്രാമം
  പീലി നിവര്‍ത്തുന്നു.
  പറഞ്ഞും പാടിയും
  ചൊല്ലിയും
  നീ തിമിര്‍ത്തു പെയ്യുക
  മരുഭൂമി ഇപ്പോള്‍
  നനഞ്ഞു തുടങ്ങുന്നു.

  ഒത്തിരി സന്തോഷം
  നിന്‍റെ വരികള്‍ക്ക്
  കൂടുതല്‍ സുഗന്ധം നേരുന്നു.
  ഒപ്പം ലാവണ്യവും പച്ചയും.

  ReplyDelete
 9. ഇത്ര മനോഹരവും ആത്മാര്‍ത്ഥവുമായ് ഈ മരുപ്രദേശത്തെ വര്‍ണ്ണിച്ചാല്‍ ആരാണിഷ്ടപ്പെടാതിരിക്കുക..കാവ്യസുന്ദരമായ ഭാഷയില്‍ സ്രഷ്ടാവിന്റെ കരവിരുതിനാല്‍ അനുഗ്രഹിക്കപെട്ട ഒരു ഭൂതലത്തെ കുറിച്ചുള്ള വിവരണം അതിസുന്ദരം ..സുഖമുള്ള വായന സമ്മാനിച്ച ഈ നല്ലെഴുത്തിനു എല്ലാ ഭാവുകങ്ങളും ...!!!

  ReplyDelete
 10. അധികം കാഴ്ച്ചകളില്ലാത്ത കാഴ്ച്ചയെ ഭംഗിയാക്കി.

  ReplyDelete
 11. പുതിയ ആളാണ്‌. ഓരോ ബ്ലോഗും കണ്ടും പരിചയപ്പെട്ടും ഒക്കെ വരുന്നേയുള്ളൂ. 'മരുഭൂമി' കണ്ടുകൊണ്ടാണ് സബീനയുടെ ബ്ലോഗിൽ കയറിപ്പറ്റിയത്. സത്യം പറയട്ടെ എഴുത്തും,വിവരണവും വിസ്മയവും, വായിക്കാൻ കൌതുകവും നല്കുന്നു. എന്റെ എല്ലാ വിധ ആശംസകളും,പ്രാർത്ഥനയും സഹോദരീ . സബീനയുടെ കൂടുതൽ എഴുത്തുകൾ വായിക്കാൻ ആഗ്രഹം തോന്നുന്നു.

  ReplyDelete