Wednesday, 11 March 2015

കാവ്യസാമീപ്യത്തിന്റെ കായകൽപങ്ങൾ...
യുവകലാസാഹിതി സൗദി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കവിതയും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനെത്തിയ കവി ആലങ്കോട് ലീലാകൃഷ്ണനുമായി കാവ്യസംബന്ധിയായ വിഷയങ്ങളിൽ നടന്ന ലഘുഭാഷണത്തിൽ നിന്ന്...

ലക്ഷണമൊത്ത ഒരു കല്ലിൽ നിന്ന് ആവശ്യമില്ലാത്തവ ഉടച്ചുകളയുമ്പോഴാണ്‌ ശിൽപമുണ്ടാകുന്നതെങ്കിൽ, ഭാഷാവിളക്കങ്ങളിൽ നിന്ന് ചില പദയോജനകൾ വെട്ടി മാറ്റുമ്പോൾ കവിതയുടെ നിർമ്മിതി സാധ്യമാകുന്നു. വാക്കുകൾ കൊണ്ടൊരു ശിൽപനിർമ്മാണമാണ്‌ കവിത എന്നു പറയുമ്പോഴും കവി ആരായിരിക്കണം എന്ന വ്യക്തമായ നിർവ്വചനമുണ്ട് ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‌. സ്വന്തം മരണത്തെ അതിജീവിക്കുവാൻ വാക്കിനെ ആയുധവും ആയോധനവും സഞ്ജീവനവും ജീവിതത്തിന്റെ പരമപ്രത്യാശയുമായി മാറ്റുന്നവരാണ്‌ കവികൾ.കവികളെ അറിയുന്നത് ഒരു സംസ്കാരത്തെ അറിയുന്നതിന്‌ തുല്യമാണ്‌. അവർ അങ്ങാടിയിൽ തോറ്റുപോയവർ. അമ്മയോട് മെക്കിട്ടു കേറാനാവാതെ കവിതകളിൽ മേയുന്നവർ. സ്വയം എത്ര വിഷം കഴിക്കേണ്ടി വന്നാലും അതൊക്കെ അമൃതാക്കി ലോകത്തിന്‌ സമർപ്പിക്കുന്നവർ..


അച്ചടിമഷി പുരണ്ടതിന്റെ കൃതാർത്ഥത

ലഹരി പിടിപ്പിക്കുന്ന വേദന
ഞാനതിൽ മുഴുകട്ടെ.
മമ ജീവനിൽ നിന്നൊരു 
മുരളീരവമൊഴുകട്ടെ....
എന്ന് വേദനയുടെ ലഹരി ആസ്വദിച്ച് ഉന്മാദികളായി സമൂഹത്തോട് ഇടപെടുകയും, ആ ഉന്മാദത്തെ കവിത കൊണ്ട് ചികിൽസിക്കുകയും ചെയ്യുന്നവർ. വാക്കിന്റെ വലിയ ലോകം ചൊൽപ്പടിയിലുണ്ടെങ്കിലും കവി മനസ്സുകൊണ്ട് എന്നും അനാഥനാണ്‌. അവനെ കല്ലെറിയാനും തൂക്കിക്കൊല്ലാനും എളുപ്പമാണ്‌. പക്ഷേ കൊലക്കയറിനെപ്പോലും ഊഞ്ഞാലാക്കാൻ കഴിവുള്ളവനാണ്‌ കവി. അവനെ സംബന്ധിച്ച് ജീവിതത്തിന്റെ സ്നേഹസുന്ദരമായ പാതയാണ്‌ കവിത 
കവിത കഥയ്ക്ക് വഴിമാറിയപ്പോൾ

    ലോകത്തെ എല്ലാ ദര്‍ശനങ്ങളും സ്വീകരിക്കാൻ കവികൾക്കാകും. അതുകൊണ്ടു തന്നെ ഒരേ സമയം പ്രണയിയും, ദാർശനികനും, ആസ്തികനും, നാസ്തികനും, കാല്പനികനും സൗന്ദര്യത്തിന്റെ ഉപാസകനും എല്ലാത്തിനുമുപരി സ്വയാഭിരാമിയുമാണ്‌ കവി. ഭ്രാന്തിനെപ്പോലും സൗന്ദര്യവൽക്കരിക്കുന്ന കവി, പക്ഷേ വാക്കിനെ ആത്മാർത്ഥമായി ധ്യാനിക്കുമ്പോൾ, പക്ഷിത്തൂവലുപോലെ ഒരു ദിവ്യദർ-ശനത്തിന്റെ രൂപത്തിൽ കവിതകൾ പിറവികൊള്ളുന്നു. ഭാഷയിൽ ഒരു സമരമുണ്ട്. ആ പോരാട്ടത്തിന്റെ പക്ഷത്താണ്‌ എന്നും കവിത. ശകാരം സ്നേഹം സമന്വയം കണ്ണീര്‌ സ്വകാര്യം പ്രണയം പ്രകൃതി എന്നിവലെല്ലാം തന്നെ കവിതയുടെ അസംസ്കൃതവസ്തുക്കളാണ്‌.
പത്രപ്രവർത്തകന്റെ ജാഗ്രതയ്ക്കൊപ്പം
മനുഷ്യസമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ കവിതയ്ക്ക് സുപ്രധാന പങ്കുണ്ട്.കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും ഏറ്റവും അഗാധമായ വാക്കായിട്ടാണ്‌ അത് എക്കാലത്തും നിലനിന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മാറി മാറി വരുന്ന മാനുഷീകമൂല്യങ്ങളെ പുർനിർമ്മിക്കാൻ കവിതയ്ക്കേ കഴിയൂ. ഭാഷയുടെ വരവും ഔഷധവുമായ കവിത ജീവിതം പോലെ തന്നെ സങ്കീർണവും അതിലുപരി ആത്മസഞ്ജീവനവുമാണ്‌. അതിൽ മറുഭാഷയുണ്ട്, വക്രഭാഷയുണ്ട് വിപരീതോക്തികളുണ്ട്. സമസ്തചരാചരങ്ങളേയും എക്കാലത്തും  സമഭാവനയോടെ കാണുന്നവരാണ്‌ കവികൾ. മഹാഭാരതം പരിഭാഷപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെയാണ്‌ തുപ്പക്കോളാമ്പിയും എഴുതിയത്. സവർണ
ഒരു കുഞ്ഞുകവിയെ പരിചയപ്പെടുത്തുന്ന ദൗത്യം


ന്റെ രാമായണത്തെ പിടിച്ചെടുത്ത് അധ:സ്ഥിതികന്റെ കിളിയെക്കൊണ്ട് പാടിക്കുക എന്ന വലിയ വിപ്ളവമാണ്‌ എഴുത്തച്ഛൻ നിർവ്വഹിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തള്ളിമാറ്റപ്പെട്ട പറയനേയും ശീതങ്കനേയും ഓട്ടനേയും പൊതുസമൂഹത്തിലേക്ക് പ്രവേശിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്‌. സാവിത്രിയുടെ കൈ ചാത്തനെക്കൊണ്ട് പിടിപ്പിക്കാനും, ചണ്ഡാലഭിക്ഷുകിയിലൂടെ ആത്മദാസ്യത്തിൽ കഴിയുന്ന ഒരു വർഗ്ഗത്തോട് ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ എന്ന് ചങ്കുറ്റത്തോടെ പറയിക്കാനും കുമാരനാശാന്‌ കഴിഞ്ഞു. നിങ്ങളെങ്ങനെ നിങ്ങളായെന്ന് അധികാരി വർഗ്ഗത്തോട് നെഞ്ചു നിവർത്തി ചോദിക്കാൻ ഒരു കുറത്തിപ്പെണ്ണിന്‌ ധൈര്യം കൊടുക്കാൻ കടമ്മനിട്ടയ്ക്കായതും ആ പൂർവ്വ പൈതൃകങ്ങ?ളിൽ നിന്നു തന്നെയാണ്‌.


പ്രണയം കവികളെ സംബന്ധിച്ച് എന്നും ഒരു ജിജ്ഞാ
സയാണ്‌. രമണനിലൂടെ, ദരിദ്രന്‌ പ്രേമിക്കാനവകാശമുണ്ടോ എന്ന ചോദ്യം  ആദ്യമായുന്നയിച്ചത് ചങ്ങമ്പുഴയാണ്‌. കാൽപനികനാണെങ്കിൽത്തന്നെയും ഒരു പ്രണയപ്രശ്നത്തെ സാമൂഹികപ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയാണ്‌ അദ്ദേഹം ചെയ്തത്. പ്രേമമെന്നു കേട്ടാൽ പേടിയാണെന്ന് പറഞ്ഞ് തുടങ്ങുന്ന ആശാന്റെ കരുണയിൽ, അവസാനം വാസവദത്ത കൈകാൽ അറുക്കപ്പെട്ട് ചുടുകാട്ടിൽ കിടക്കുമ്പോഴും, ഉപഗുപ്തനെന്ന യുവമുനിയെ കാണാൻ അവൾ തലപൊക്കുന്നു. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ശരീരത്തിന്റെ പോലും ആവശ്യമില്ലെന്ന പ്രണയത്തിന്റെ വൈഭവം നമ്മുടെയോരോരുത്തരുടേയും ആത്മാവിൽ നിന്ന് കണ്ണീർ പ്രവഹിപ്പിക്കുന്നു.

കവികൾ ഒരാളുടെ ജീവിതമല്ല ജീവിക്കുന്നത്. ജീവിതത്തെ അവസാനിക്കാത്ത ദു:ഖത്തിന്റെ പര്യായമായി കാണേണ്ടിവരുമ്പോൾ അനേകം മനുഷ്യരുടെ ജീവിതം സ്വയം ഏറ്റെടുത്ത് ആന്തരികമായി മറ്റൊരു ജീവിതം കൂടി നയിക്കേണ്ടി വരുന്നു അവർക്ക്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ രോദനങ്ങളാണ്‌ അവർ കവിതകളിലൂടെ പ്രതിദ്ധ്വനിപ്പിക്കുന്നത്.പാവപ്പെട്ടവന്‌ ഉമിനീരും പണക്കാരന്‌ പാലും എന്ന് നിശ്ചയിച്ച ഈശ്വരനെ നാമെന്തിന്‌ നമിക്കണം എന്ന് ആത്മരോഷം കൊള്ളാൻ കവികളെ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല. വിയർപ്പു തുള്ളിയിൽ നിന്നാണ്‌ പണ്ടത്തെ കവിത ഉയിരുകൊണ്ടത്. ഈ ഭൂമിയുടേയും അതിൽ വിളയുന്ന പൊരുളുകളുടേയും യഥാർത്ഥ അവകാശി ആര്‌. വാഴകൃഷി ചെയ്യുന്ന പുലയനോ അതോ മണ്ണിന്റെ ഉടമയായ ജന്മിയോ എന്ന വലിയൊരു വിചാരത്തെയാണ്‌ ചങ്ങമ്പുഴ മനുഷ്യമനസ്സിലേക്കിട്ടുകൊടുത്തത്. അടിസ്ഥാനവർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്നവരുടേയും ജീവിതശീലങ്ങളിൽ നിന്നാണ്‌ കവിതയുടെ താളം കേരളത്തിന്റെ സംസ്കാരമായത്. ആ താളങ്ങളേയാണ്‌ ആം പിന്നീട് വൃത്തങ്ങളായി പരിഷ്കരിച്ചത്.അങ്ങനെ വൃത്തവും ഛന്ദസ്സും സവർണകവിതയുടെ സ്വഭാവമായി മാറി.

  ഏതു കാലത്തേക്കും ചിതറിത്തെറിച്ചേക്കാവുന്ന ഭാവുകത്വപരമായ ഒരു വിസ്ഫോടനം ഇന്ന് മലയാളകവിതയിൽ സംഭവിച്ചിട്ടുണ്ട്. ലഭകേന്ദ്രീകൃതമായ മൂല്യവിചാരങ്ങൾക്കൊപ്പം സ്വപ്നങ്ങളെപ്പോലും രൂപപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യാവസ്ഥകളുടെ നിസ്സഹായാവസ്ഥകൾ പങ്കുവയ്ക്കലാണ്‌  ഇന്ന് സമകാലീന കവിത. ചിതറിയ മനുഷ്യന്റെ ഈഗോയെ നൈമിഷികമായി തൃപ്തിപ്പെടുത്താവുന്ന തരത്തിലുള്ള  കാവ്യനിർമ്മിതിയാണ്‌ ന്യു ജനറേഷൻ കവികളും സ്വീകരിച്ചുകാണുന്നത്. പ്രകൃതി ഉപാസന അന്യം നിന്നുപോകുന്നു. മാഞ്ഞുപോകുന്ന കേരളത്തെ കാണാൻ കുഞ്ഞിരാമൻ നായരുടെ കവിതകൾ വായിച്ചാൽ മതിയായിരുന്നു. 44 നദികളും നിറഞ്ഞൊഴുകുന്ന കേരളം, വയല്‍പ്പാടങ്ങൾ, കതിർക്കറ്റകൾ, ഋതുസമൃദ്ധിയുടെ ഭൂപ്രകൃതി. പി ഭാസ്കരനും, ഒ എൻ വിയും,യൂസുഫലിയും വയലാറുമൊക്കെ പി യിൽ നിന്ന് കൈക്കൊണ്ട ഊർജ്ജം കൊണ്ടാണ്‌ ശ്രവ്യസുന്ദരമായ ഗാനങ്ങളൊക്കെ രചിച്ചത്. പ്രകൃതിക്ക് സംഭവിച്ച അപചയം മനുഷ്യജീവിതത്തിന്റെ സകലമേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്.

   ഞാനാണ്‌ എന്നു രണ്ടു തവണ പറഞ്ഞിട്ടും സ്വർഗ്ഗവാതിൽ തുറക്കാതിരുന്ന ദൈവത്തോട് മൂന്നാം തവണ, നീ തന്നെയാണ്‌ ഞാൻ. അനൽ ഹഖ്, അഹം ബ്രഹ്മാസ്മി  എന്ന് ജലാലുദീൻ റൂമി പറയുമ്പോൾ അത് ലൗകീകതയുടെ മഹാദർശനമാകുന്നു. അതുകോണ്ടു തന്നെയാണ്‌ കവിതയുടെ അംശം എല്ലാ പ്രവാചകരിലുമുണ്ടെന്ന് സമർത്ഥിക്കുന്നത്. സൃഷ്ടാവാണ്‌ സൃഷ്ടിയാണ്‌, സൃഷ്ടിക്കുള്ള സാമഗ്രിയാണ്‌ ദൈവം എന്ന് ശ്രീനാരായണഗുരു നിർവ്വചിക്കുമ്പോൾ, ആ ദൈവീകതയാണ്‌ നാം കവിയിലും കാണുന്നത്. ദൈവീകമാണ്‌ കവിത. അതിൽ വെളിപാടിന്റെ അംശമുണ്ട്. കവിതയാണ്‌ മന്ത്രം. സത്യാന്വേഷണത്തിലേക്കെത്തുന്ന മന്ത്രം.

സബീന എം സാലി 

6 comments:

 1. മനോഹരമായ പരിചയപ്പെടുത്തല്‍. നന്നായിട്ടുണ്ട്

  ReplyDelete
 2. നല്ല വിവരണം ഇത്ത , വിയർപ്പു തുള്ളിയിൽ നിന്നാണ്‌ പണ്ടത്തെ കവിത ഉയിരുകൊണ്ടത്.
  ഇന്നത്തെ കവിതകൾ എസി റൂമിൽ ഇരുന്നു കൊണ്ടും

  ReplyDelete
 3. ഇതു പങ്കുവെയ്ക്കാൻ തോന്നിയതിനു നന്ദി.

  ReplyDelete