Wednesday, 11 March 2015

കാവ്യസാമീപ്യത്തിന്റെ കായകൽപങ്ങൾ...
യുവകലാസാഹിതി സൗദി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കവിതയും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനെത്തിയ കവി ആലങ്കോട് ലീലാകൃഷ്ണനുമായി കാവ്യസംബന്ധിയായ വിഷയങ്ങളിൽ നടന്ന ലഘുഭാഷണത്തിൽ നിന്ന്...

ലക്ഷണമൊത്ത ഒരു കല്ലിൽ നിന്ന് ആവശ്യമില്ലാത്തവ ഉടച്ചുകളയുമ്പോഴാണ്‌ ശിൽപമുണ്ടാകുന്നതെങ്കിൽ, ഭാഷാവിളക്കങ്ങളിൽ നിന്ന് ചില പദയോജനകൾ വെട്ടി മാറ്റുമ്പോൾ കവിതയുടെ നിർമ്മിതി സാധ്യമാകുന്നു. വാക്കുകൾ കൊണ്ടൊരു ശിൽപനിർമ്മാണമാണ്‌ കവിത എന്നു പറയുമ്പോഴും കവി ആരായിരിക്കണം എന്ന വ്യക്തമായ നിർവ്വചനമുണ്ട് ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‌. സ്വന്തം മരണത്തെ അതിജീവിക്കുവാൻ വാക്കിനെ ആയുധവും ആയോധനവും സഞ്ജീവനവും ജീവിതത്തിന്റെ പരമപ്രത്യാശയുമായി മാറ്റുന്നവരാണ്‌ കവികൾ.കവികളെ അറിയുന്നത് ഒരു സംസ്കാരത്തെ അറിയുന്നതിന്‌ തുല്യമാണ്‌. അവർ അങ്ങാടിയിൽ തോറ്റുപോയവർ. അമ്മയോട് മെക്കിട്ടു കേറാനാവാതെ കവിതകളിൽ മേയുന്നവർ. സ്വയം എത്ര വിഷം കഴിക്കേണ്ടി വന്നാലും അതൊക്കെ അമൃതാക്കി ലോകത്തിന്‌ സമർപ്പിക്കുന്നവർ..


അച്ചടിമഷി പുരണ്ടതിന്റെ കൃതാർത്ഥത

ലഹരി പിടിപ്പിക്കുന്ന വേദന
ഞാനതിൽ മുഴുകട്ടെ.
മമ ജീവനിൽ നിന്നൊരു 
മുരളീരവമൊഴുകട്ടെ....
എന്ന് വേദനയുടെ ലഹരി ആസ്വദിച്ച് ഉന്മാദികളായി സമൂഹത്തോട് ഇടപെടുകയും, ആ ഉന്മാദത്തെ കവിത കൊണ്ട് ചികിൽസിക്കുകയും ചെയ്യുന്നവർ. വാക്കിന്റെ വലിയ ലോകം ചൊൽപ്പടിയിലുണ്ടെങ്കിലും കവി മനസ്സുകൊണ്ട് എന്നും അനാഥനാണ്‌. അവനെ കല്ലെറിയാനും തൂക്കിക്കൊല്ലാനും എളുപ്പമാണ്‌. പക്ഷേ കൊലക്കയറിനെപ്പോലും ഊഞ്ഞാലാക്കാൻ കഴിവുള്ളവനാണ്‌ കവി. അവനെ സംബന്ധിച്ച് ജീവിതത്തിന്റെ സ്നേഹസുന്ദരമായ പാതയാണ്‌ കവിത 
കവിത കഥയ്ക്ക് വഴിമാറിയപ്പോൾ

    ലോകത്തെ എല്ലാ ദര്‍ശനങ്ങളും സ്വീകരിക്കാൻ കവികൾക്കാകും. അതുകൊണ്ടു തന്നെ ഒരേ സമയം പ്രണയിയും, ദാർശനികനും, ആസ്തികനും, നാസ്തികനും, കാല്പനികനും സൗന്ദര്യത്തിന്റെ ഉപാസകനും എല്ലാത്തിനുമുപരി സ്വയാഭിരാമിയുമാണ്‌ കവി. ഭ്രാന്തിനെപ്പോലും സൗന്ദര്യവൽക്കരിക്കുന്ന കവി, പക്ഷേ വാക്കിനെ ആത്മാർത്ഥമായി ധ്യാനിക്കുമ്പോൾ, പക്ഷിത്തൂവലുപോലെ ഒരു ദിവ്യദർ-ശനത്തിന്റെ രൂപത്തിൽ കവിതകൾ പിറവികൊള്ളുന്നു. ഭാഷയിൽ ഒരു സമരമുണ്ട്. ആ പോരാട്ടത്തിന്റെ പക്ഷത്താണ്‌ എന്നും കവിത. ശകാരം സ്നേഹം സമന്വയം കണ്ണീര്‌ സ്വകാര്യം പ്രണയം പ്രകൃതി എന്നിവലെല്ലാം തന്നെ കവിതയുടെ അസംസ്കൃതവസ്തുക്കളാണ്‌.
പത്രപ്രവർത്തകന്റെ ജാഗ്രതയ്ക്കൊപ്പം
മനുഷ്യസമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ കവിതയ്ക്ക് സുപ്രധാന പങ്കുണ്ട്.കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും ഏറ്റവും അഗാധമായ വാക്കായിട്ടാണ്‌ അത് എക്കാലത്തും നിലനിന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മാറി മാറി വരുന്ന മാനുഷീകമൂല്യങ്ങളെ പുർനിർമ്മിക്കാൻ കവിതയ്ക്കേ കഴിയൂ. ഭാഷയുടെ വരവും ഔഷധവുമായ കവിത ജീവിതം പോലെ തന്നെ സങ്കീർണവും അതിലുപരി ആത്മസഞ്ജീവനവുമാണ്‌. അതിൽ മറുഭാഷയുണ്ട്, വക്രഭാഷയുണ്ട് വിപരീതോക്തികളുണ്ട്. സമസ്തചരാചരങ്ങളേയും എക്കാലത്തും  സമഭാവനയോടെ കാണുന്നവരാണ്‌ കവികൾ. മഹാഭാരതം പരിഭാഷപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെയാണ്‌ തുപ്പക്കോളാമ്പിയും എഴുതിയത്. സവർണ
ഒരു കുഞ്ഞുകവിയെ പരിചയപ്പെടുത്തുന്ന ദൗത്യം


ന്റെ രാമായണത്തെ പിടിച്ചെടുത്ത് അധ:സ്ഥിതികന്റെ കിളിയെക്കൊണ്ട് പാടിക്കുക എന്ന വലിയ വിപ്ളവമാണ്‌ എഴുത്തച്ഛൻ നിർവ്വഹിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തള്ളിമാറ്റപ്പെട്ട പറയനേയും ശീതങ്കനേയും ഓട്ടനേയും പൊതുസമൂഹത്തിലേക്ക് പ്രവേശിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്‌. സാവിത്രിയുടെ കൈ ചാത്തനെക്കൊണ്ട് പിടിപ്പിക്കാനും, ചണ്ഡാലഭിക്ഷുകിയിലൂടെ ആത്മദാസ്യത്തിൽ കഴിയുന്ന ഒരു വർഗ്ഗത്തോട് ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ എന്ന് ചങ്കുറ്റത്തോടെ പറയിക്കാനും കുമാരനാശാന്‌ കഴിഞ്ഞു. നിങ്ങളെങ്ങനെ നിങ്ങളായെന്ന് അധികാരി വർഗ്ഗത്തോട് നെഞ്ചു നിവർത്തി ചോദിക്കാൻ ഒരു കുറത്തിപ്പെണ്ണിന്‌ ധൈര്യം കൊടുക്കാൻ കടമ്മനിട്ടയ്ക്കായതും ആ പൂർവ്വ പൈതൃകങ്ങ?ളിൽ നിന്നു തന്നെയാണ്‌.


പ്രണയം കവികളെ സംബന്ധിച്ച് എന്നും ഒരു ജിജ്ഞാ
സയാണ്‌. രമണനിലൂടെ, ദരിദ്രന്‌ പ്രേമിക്കാനവകാശമുണ്ടോ എന്ന ചോദ്യം  ആദ്യമായുന്നയിച്ചത് ചങ്ങമ്പുഴയാണ്‌. കാൽപനികനാണെങ്കിൽത്തന്നെയും ഒരു പ്രണയപ്രശ്നത്തെ സാമൂഹികപ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയാണ്‌ അദ്ദേഹം ചെയ്തത്. പ്രേമമെന്നു കേട്ടാൽ പേടിയാണെന്ന് പറഞ്ഞ് തുടങ്ങുന്ന ആശാന്റെ കരുണയിൽ, അവസാനം വാസവദത്ത കൈകാൽ അറുക്കപ്പെട്ട് ചുടുകാട്ടിൽ കിടക്കുമ്പോഴും, ഉപഗുപ്തനെന്ന യുവമുനിയെ കാണാൻ അവൾ തലപൊക്കുന്നു. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ശരീരത്തിന്റെ പോലും ആവശ്യമില്ലെന്ന പ്രണയത്തിന്റെ വൈഭവം നമ്മുടെയോരോരുത്തരുടേയും ആത്മാവിൽ നിന്ന് കണ്ണീർ പ്രവഹിപ്പിക്കുന്നു.

കവികൾ ഒരാളുടെ ജീവിതമല്ല ജീവിക്കുന്നത്. ജീവിതത്തെ അവസാനിക്കാത്ത ദു:ഖത്തിന്റെ പര്യായമായി കാണേണ്ടിവരുമ്പോൾ അനേകം മനുഷ്യരുടെ ജീവിതം സ്വയം ഏറ്റെടുത്ത് ആന്തരികമായി മറ്റൊരു ജീവിതം കൂടി നയിക്കേണ്ടി വരുന്നു അവർക്ക്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ രോദനങ്ങളാണ്‌ അവർ കവിതകളിലൂടെ പ്രതിദ്ധ്വനിപ്പിക്കുന്നത്.പാവപ്പെട്ടവന്‌ ഉമിനീരും പണക്കാരന്‌ പാലും എന്ന് നിശ്ചയിച്ച ഈശ്വരനെ നാമെന്തിന്‌ നമിക്കണം എന്ന് ആത്മരോഷം കൊള്ളാൻ കവികളെ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല. വിയർപ്പു തുള്ളിയിൽ നിന്നാണ്‌ പണ്ടത്തെ കവിത ഉയിരുകൊണ്ടത്. ഈ ഭൂമിയുടേയും അതിൽ വിളയുന്ന പൊരുളുകളുടേയും യഥാർത്ഥ അവകാശി ആര്‌. വാഴകൃഷി ചെയ്യുന്ന പുലയനോ അതോ മണ്ണിന്റെ ഉടമയായ ജന്മിയോ എന്ന വലിയൊരു വിചാരത്തെയാണ്‌ ചങ്ങമ്പുഴ മനുഷ്യമനസ്സിലേക്കിട്ടുകൊടുത്തത്. അടിസ്ഥാനവർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്നവരുടേയും ജീവിതശീലങ്ങളിൽ നിന്നാണ്‌ കവിതയുടെ താളം കേരളത്തിന്റെ സംസ്കാരമായത്. ആ താളങ്ങളേയാണ്‌ ആം പിന്നീട് വൃത്തങ്ങളായി പരിഷ്കരിച്ചത്.അങ്ങനെ വൃത്തവും ഛന്ദസ്സും സവർണകവിതയുടെ സ്വഭാവമായി മാറി.

  ഏതു കാലത്തേക്കും ചിതറിത്തെറിച്ചേക്കാവുന്ന ഭാവുകത്വപരമായ ഒരു വിസ്ഫോടനം ഇന്ന് മലയാളകവിതയിൽ സംഭവിച്ചിട്ടുണ്ട്. ലഭകേന്ദ്രീകൃതമായ മൂല്യവിചാരങ്ങൾക്കൊപ്പം സ്വപ്നങ്ങളെപ്പോലും രൂപപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യാവസ്ഥകളുടെ നിസ്സഹായാവസ്ഥകൾ പങ്കുവയ്ക്കലാണ്‌  ഇന്ന് സമകാലീന കവിത. ചിതറിയ മനുഷ്യന്റെ ഈഗോയെ നൈമിഷികമായി തൃപ്തിപ്പെടുത്താവുന്ന തരത്തിലുള്ള  കാവ്യനിർമ്മിതിയാണ്‌ ന്യു ജനറേഷൻ കവികളും സ്വീകരിച്ചുകാണുന്നത്. പ്രകൃതി ഉപാസന അന്യം നിന്നുപോകുന്നു. മാഞ്ഞുപോകുന്ന കേരളത്തെ കാണാൻ കുഞ്ഞിരാമൻ നായരുടെ കവിതകൾ വായിച്ചാൽ മതിയായിരുന്നു. 44 നദികളും നിറഞ്ഞൊഴുകുന്ന കേരളം, വയല്‍പ്പാടങ്ങൾ, കതിർക്കറ്റകൾ, ഋതുസമൃദ്ധിയുടെ ഭൂപ്രകൃതി. പി ഭാസ്കരനും, ഒ എൻ വിയും,യൂസുഫലിയും വയലാറുമൊക്കെ പി യിൽ നിന്ന് കൈക്കൊണ്ട ഊർജ്ജം കൊണ്ടാണ്‌ ശ്രവ്യസുന്ദരമായ ഗാനങ്ങളൊക്കെ രചിച്ചത്. പ്രകൃതിക്ക് സംഭവിച്ച അപചയം മനുഷ്യജീവിതത്തിന്റെ സകലമേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്.

   ഞാനാണ്‌ എന്നു രണ്ടു തവണ പറഞ്ഞിട്ടും സ്വർഗ്ഗവാതിൽ തുറക്കാതിരുന്ന ദൈവത്തോട് മൂന്നാം തവണ, നീ തന്നെയാണ്‌ ഞാൻ. അനൽ ഹഖ്, അഹം ബ്രഹ്മാസ്മി  എന്ന് ജലാലുദീൻ റൂമി പറയുമ്പോൾ അത് ലൗകീകതയുടെ മഹാദർശനമാകുന്നു. അതുകോണ്ടു തന്നെയാണ്‌ കവിതയുടെ അംശം എല്ലാ പ്രവാചകരിലുമുണ്ടെന്ന് സമർത്ഥിക്കുന്നത്. സൃഷ്ടാവാണ്‌ സൃഷ്ടിയാണ്‌, സൃഷ്ടിക്കുള്ള സാമഗ്രിയാണ്‌ ദൈവം എന്ന് ശ്രീനാരായണഗുരു നിർവ്വചിക്കുമ്പോൾ, ആ ദൈവീകതയാണ്‌ നാം കവിയിലും കാണുന്നത്. ദൈവീകമാണ്‌ കവിത. അതിൽ വെളിപാടിന്റെ അംശമുണ്ട്. കവിതയാണ്‌ മന്ത്രം. സത്യാന്വേഷണത്തിലേക്കെത്തുന്ന മന്ത്രം.

സബീന എം സാലി 
Sunday, 11 January 2015

കാമനകളാൽ നിഷ്കാസിതനായവൻ - ഖൈസ്...

      പക്ഷി മൃഗാദികൾക്കും സസ്യലതാദി കൾക്കുമുള്ള  അവകാശം മാത്രമേ മനുഷ്യനും ഭൂമിയിലുള്ളു എന്ന് സമർത്ഥിക്കുമ്പോഴും കാമം ക്രോധം ലോഭം മദം മാൽസര്യം എന്നീ അടിസ്ഥാന ചോദനകൾ അവനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു എന്നു കൂടി നാം കൂട്ടി വായിക്കേണ്ടതുണ്ട്. ജീവരാശിയിലെ വ്യതിരിക്തവർഗ്ഗമായി രൂപം വരിച്ച നിമിഷം മുതലേ  മനുഷ്യനിൽ കാവ്യകൗതുകങ്ങൾ പ്രകാശിച്ചിരുന്നുവെന്നും പിന്നീട് മനുഷ്യന്‌ മനുഷ്യനിലേക്കുള്ള താല്പര്യത്തിൽ നിന്ന് അത് സാഹിത്യരൂപമായി പിറവിയെടുത്തു എന്നും വേണം കരുതാൻ. ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കവിതകളായി പിറവിയെടുക്കുമ്പോഴും ഭാവനാലോകത്ത് അലസഗമനം നടത്താൻ ഇഷ്ടപ്പെടുന്നവരാണ്‌ കവികൾ. എഴുത്തുകാർക്കും സഞ്ചാരികൾക്കും എന്നും വിസ്മയത്തിന്റെ വാതായനങ്ങൾ മലർക്കെത്തുറന്നു കൊടുക്കുന്ന മരുഭൂമിയെ ഒടുങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് കാവ്യവൽക്കരിക്കുകയും അത് സാർത്ഥവഹകസംഘങ്ങളായ ഒട്ടകസഞ്ചാരികൾക്കും ബദവികൾക്കും പാടി നടക്കാനുള്ള സംഗീതാത്മാകമായ ലയവ്യന്യാസങ്ങളാക്കുകയും ചെയ്ത പൗരാണിക അറേബ്യയിലെ കവി ഉമ്രുൽ ഖൈസ്, തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം ചെലവഴിച്ച റിയാദിലെ മറാത്ത് എന്ന സ്ഥലം ഈയിടെ സന്ദർശിക്കാൻ ഒരവസരം ലഭിക്കുകയുണ്ടായി.

      ജാഹിലിയ്യാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി പതിവായി കാവ്യരചനയും ആലാപനവും നടത്തിയിരുന്നത് ഒരു മലമുകളിലായിരുന്നു. അതിനോട് ചേർന്ന് ചതുപ്പ് നിറഞ്ഞ കുളത്തിലാണ്‌ കവി പതിവായി കുളിക്കാനെത്തിയിരുന്നതും. ആ മല ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപത്തിൽ അതിമനോഹരമായി ആധുനികലോകം വികസിപ്പിച്ചെടുത്തെങ്കിലും, ആൾപ്പൊക്കത്തിൽ വളർന്നു ചാഞ്ഞു നിൽക്കുന്ന പുൽപ്പടർപ്പുകളും ചുറ്റിലും പേരറിയാത്ത മരങ്ങളുമൊക്കെയായി, മരുഭൂമിയുടെ മധ്യത്തിൽ അത്തരമൊരു ചതുപ്പ് നിറഞ്ഞ കുളം ഇന്നും അതേപടി  നിലനിർത്തിയിരിക്കുകയാണ്‌.  അവിടെയുള്ള ഹെറിറ്റേജ് വില്ലേജിൽ കൃത്യമായി സൂക്ഷിച്ചു വച്ചിട്ടുള്ള ആ നൂറ്റാണ്ടിലെ ചില വസ്തുക്കളും കാണികൾക്ക് കൗതുകം പകരുന്നതാണ്‌. കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ പടിഞ്ഞാറു ദിക്കിൽ വിഷാദം കൊണ്ടു ചുവന്ന്  വിടപറയാനൊരുങ്ങുന്ന സൂര്യനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം പാഞ്ഞുവന്ന സാന്ധ്യമാരുതൻ  പതിഞ്ഞ ശബ്ദത്തിൽ ഏതോ  വിരഹഗാനം മൂളിയത് മനസ്സിൽ കവിത സൂക്ഷിക്കുന്ന ആരുടേയും  ആത്മാവിനെ വ്രണപ്പെടുത്തുക തന്നെ ചെയ്യും.       അറബി സാഹിത്യത്തിൽ പൂർവ്വഗാമികളായ കാവ്യകൗതുകങ്ങളെ കണ്ടെത്താനുള്ള ഉദ്യമങ്ങൾ ആറാം നൂറ്റാണ്ടിലെ ആ വിദൂരബിന്ദുവോളം നീളുമ്പോൾ സാഹിത്യം കൊണ്ട് ലഹരി പിടിപ്പിക്കുന്ന കാവ്യപാരമ്പര്യത്തിന്റെ ആദ്യകണ്ണിയായ ഉമ്രുൽ ഖൈസിലാണ്‌ അത് ചെന്നെത്തുന്നത്.രാജപരമ്പരയിൽ ജനിച്ചുവെങ്കിലും വിവേകം പ്രവർത്തിക്കേണ്ട പ്രായത്തിലും ബാലിശമായ കാമനകളാൽ ബന്ധിതമായി കവിതയോടും സംഗീതത്തോടും അമിതാസക്തി പുലർത്തി വേറിട്ട വഴികളിൽ സഞ്ചരിച്ചതിനാൽ അന്നത്തെ നാട്ടുരാജാവായിരുന്ന  പിതാവ് അദ്ദേഹത്തെ  രാജ്യത്തു നിന്ന് ഭ്രഷ്ടനാക്കുകയാണുണ്ടായത്. നിഷ്കാസനത്തിന്റേതായ ആ നാളുകളിൽ മദ്യവും കവിതയും സ്ത്രീസംസർഗ്ഗങ്ങളുമായി അറേബ്യൻ ഉപദ്വീപിന്റെ തലങ്ങും വിലങ്ങും കവി അലഞ്ഞു നടന്നു. ക്ഷീരപഥങ്ങളേയും നക്ഷത്ര സമൂഹങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ട് വാചാലനായി.തുടക്കവും ഒടുക്കവുമില്ലാത്തെ, കാലങ്ങൾക്കതീതമായ സഞ്ചാരമാണ്‌ പ്രണയമെന്നും, രാപ്പകലുകളുടെ ലോകത്ത് ഉടലുകളുടെ തൃഷ്ണകൾക്കാണ്‌ മുൻതൂക്കമെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. ദുനിയാവ് ആഢംബരങ്ങളുടെ അരങ്ങാണെന്നും  അത് കാമിനിമാരോടൊത്ത് ആസ്വദിക്കാനുള്ളതാണെന്നും പറയുന്നതിനോടൊപ്പം തന്നെ വിരഹത്തിന്റെ മധുരവേദനയും വര്ർണിച്ചുകൊണ്ട് കവി കാലത്തെ പലതായി വായിച്ചു.


 “ഉന്മത്തതയ്ക്ക് കീഴ്പ്പെടുമ്പോൾ
  എന്റെ ഓരോ നിശ്വാസവും
  നീയായി പരിണമിക്കുകയാണ്‌ പ്രിയേ.."

എന്ന് പൊതുവെ കവികളെല്ലാം  ഹൃദയത്തിൽ നിറഞ്ഞൊഴുകുന്ന പ്രണയ സാന്ദ്രതയെ വെളിപ്പെടുത്തുമ്പോൾ, പ്രണയത്തിന്റെ ശൂന്യത തീർക്കുന്നചുഴികളിൽ അകപ്പെട്ടു പോകുന്നവർ ആ വരികളിലെ പ്രണയത്തിന്റെ ആഴങ്ങൾ മാത്രമേ കണ്ടെടുക്കാൻ ശ്രമിക്കുന്നുള്ളു. മരുഭൂമിയിൽ കെട്ടിയുണ്ടാക്കിയിരിക്കുന്ന മൺചുവരുകളിലെല്ലാം ഞാൻ കോറിയിട്ടിരിക്കുന്നത് നിന്റെ പേരു മാത്രമാണ്‌.ഇരുൾ നിബിഢമായ ഇടനാഴിയിലും നമ്മുടെ കാലൊച്ച മാത്രമേയുള്ളു എന്നിങ്ങനെ സൃഷ്ടിയുടെ ഓരോ സന്ധിയിലും, അനന്തവിഹായസ്സിലെ ഭാരമില്ലായ്മയിലേക്ക് കുതിക്കുന്ന കവി കണ്ണടച്ച് കാതുകളടച്ച് തന്റെ കാമിനിയുടെ സ്നേഹസങ്കീർത്തനങ്ങൾക്കു മാത്രം കാതോർക്കുന്ന ഒരു തരം ആത്മലയം. ഉടലിന്റെ തടവുകാരനാണ്‌ ഞാൻ, അതിനാൽ ഏതു മനുഷ്യനും അടിസ്ഥാനപരമായി ഇഷ്ടപ്പെടേണ്ട ആ വികാരം പകർത്തുവാൻ എനിക്ക് നിറമില്ല ഭാഷയില്ല എന്നു പരിതപിച്ചുകൊണ്ട്, വികാരങ്ങൾ മാർഗ്ഗദർശനം ചെയ്യുന്ന ഇടങ്ങളിലേക്ക് മാത്രം ഖൈസ് എന്ന കവി സ്വൈരവിഹാരം ചെയ്തുകൊണ്ടിരുന്നു. മരുഭൂമിയുടെ ആകാശത്ത് നിലാവ് വെട്ടിത്തിളങ്ങുമ്പോൾ മണൽപ്പരപ്പിലോ മലമുകളിലോ ഇരുന്ന് പ്രണയാതുരനായി കാവ്യാലാപനം നടത്തിയിരുന്ന കവിയുടെ ജീവിതം ഒന്നിലേറെ ഇണകൾക്കു വേണ്ടി സമർപ്പിതമായിരുന്നു.കാറ്റടങ്ങിയ മരുഭൂമിയുടെ രാത്രികളിൽ അപരിചിതരായ ഒട്ടകസഞ്ചാരികൾ പോലും ഖൈസിനെ ഏറ്റുപാടി. ആ ലളിതകോമള പദാവലികൾ ജനഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ഒളിഞ്ഞും തെളിഞ്ഞും  ഒരു തരം ലൈംഗീക അരാജകത്വത്തിന്‌ അത് കാരണമാകുകയും ചെയ്തു. എന്നിട്ടും വികാരങ്ങളും ചിന്തകളും സ്വപ്നങ്ങളും ആവിഷ്കരിച്ച് കവി തന്റെ ദേശ കാലത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. സൗന്ദര്യത്തിന്റെ ആരാധകനായതിനാൽത്തന്നെ സുന്ദരമായതെന്തും സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള അഭിവാഞ്ജ ഒട്ടനവധി സ്ത്രീസംസർഗ്ഗങ്ങളിലേക്ക് കവിയെ വലിച്ചിഴക്കുകയും രതിവർണനകളിൽ മാത്രം തന്റെ കവിത്വം തളച്ചിടപ്പെടുകയും ചെയ്തു. കാമിനിയുമായി ശയിക്കുമ്പോഴുണ്ടാകുന്ന അനിർവ്വചനീയതകൾ സുന്ദരപദാവലികളുടെ രൂപത്തിൽ  താളാത്മകമായി അവതരിപ്പിക്കുകയും ആ പരമാനന്ദത്തെ ജീവിതദർശനമാക്കുകയും ചെയ്ത കവിയണ്‌ ഖൈസ്.ഉനൈസ എന്ന് വിളിപ്പേരുള്ള ഫാത്തിമ എന്ന യുവതിയുമായി കവിക്കുണ്ടായിരുന്ന പ്രണയം അവരുടെ ശരീരവർണനകളുടെ രൂപത്തിൽ കവി ആവിഷ്കരിച്ചിരുന്നു.       മർത്ത്യാ, നീ അറിയേണ്ടതും സ്നേഹിക്കേണ്ടതും ഉടലിനെ മാത്രമാണെന്ന് പറയുമ്പോഴും പ്രപഞ്ചത്തിന്റെ നിയന്ത്രണം ഒരു പരാശക്തിയുടെ പക്കലാണെന്നുള്ള ധ്വനി ആ കവിതകളിൽ നിഴലിച്ചിരുന്നു. മേഘങ്ങളുടെ സഞ്ചാരവും കാറ്റിന്റെ ദിശയും നിഴലിന്റെ രൂപവും സൂര്യന്റെ ചൂടും ചന്ദ്രന്റെ ആകാശവും നോക്കി സമയവും കാലവും നിശ്ചയിച്ചിരുന്ന ആ യുഗത്തിൽ മനുഷ്യനെ ലൗകീകതയുമായി കൂടുതലടുപ്പിക്കാൻ ദിവാസ്വപ്നങ്ങളിലൂടെ  തന്റെ തൂലികയെ വലിച്ചിഴയ്ക്കുകയെന്ന ധർമ്മമാണ്‌ കവി നിർവ്വഹിച്ചത്. മേഘപാളികളിൽ നിന്നടരുന്ന ശിശിരത്തിൽ തണുത്തു വിറങ്ങലിക്കുന്ന മരുഭൂമിയെ ഒന്നാകെ തന്നിലേക്കാവാഹിക്കത്തക്കവിധത്തിൽ രതിയുടെ ഊർജ്ജം ആ രചനകളിൽ മുഴങ്ങിയിരുന്നു.വരികളുടെ കൃത്യതയിൽ അർഥമറിഞ്ഞ് ആസ്വദിക്കുമ്പോൾ ഏതൊരു സദാചാരവാദിക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു ഖൈസിന്റെ കവിതകൾ. അതുകൊണ്ടു തന്നെ പിൽക്കാലത്ത് ഇസ്ലാമിന്റെ ആവിർഭാവത്തോടുകൂടി ആരും അനുധാവനം ചെയ്യാനില്ലാതെ ഖൈസിന്റെ ഒട്ടുമിക്ക രചനകളും മണ്മറഞ്ഞുപോയി എന്നതാണ്‌ വാസ്തവം. എങ്കിലും കവിയുടെ മുഅല്ലക്കത്തുകളിൽ ചിലതിലെങ്കിലും കൊടുങ്കാറ്റുണ്ട് എന്നുവേണം കരുതാൻ, അലഞ്ഞു തിരിയുന്നതിനിടയിലെപ്പോഴോ  സ്വന്തം പിതാവിന്റെ കൊലപാതകത്തെപ്പറ്റി അറിയുകയും പിന്നീട് പിതൃഘാതകരോട് പകരം വീട്ടാനുറച്ച്  സ്വദേശത്തേക്ക് മടങ്ങിപ്പോവുകയും ചെയ്ത കവിയുടെ ജീവിതം ദ്വേഷത്തിന്റേയും പ്രതികാരത്തിന്റേയുമായി മാറുന്നുണ്ട്. നാല്പതുകളുടെ തുടക്കത്തിൽ തന്നെ കവി ലോകത്തോട് വിട പറഞ്ഞു. കവിയുടെ മരണത്തെപ്പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ടെങ്കിലും അന്ന് പടർന്നു പിടിച്ച പ്ലേഗ് എന്ന മഹാമാരിയാണ്‌ മരണകാരണമെന്നാണ്‌ പരക്കെയുള്ള വിശ്വാസം.

    അല്ലയോ സുഹൃത്തേ,
    നിങ്ങളാ മിന്നൽപ്പിണർ കാണുന്നില്ലേ
    കിരീടം ചൂടിയ മേഘങ്ങൾ
    കൈകൾ പരസ്പരമുരുമ്മുമ്പോൾ
    വാനിടം പ്രകാശത്താൽ ജ്വലിക്കുന്നത്
    സന്യാസിയുടെ വിളക്കിലെ
   തിരിയുടെ ആളൽ പോലെയാണ്‌...


       എന്നിങ്ങനെ പ്രകൃതി മനുഷ്യനോട് എങ്ങനെ താദാത്മ്യപ്പെടുന്നു എന്ന് വാക്കുകളിലൂടെ വ്യംഗ്യപ്പെടുത്തുമ്പോൾ, അറിവിന്റെ പരിച്ഛേദങ്ങളായ സൂഫി സാഹിത്യത്തോട് അതിന്‌ സാമ്യമുണ്ടോ എന്നു ചിലപ്പോൾ ശങ്കിക്കാവുന്നതാണ്‌. ഇന്ദ്രിയാതീതമായ ആ ധിഷണ പക്ഷേ യുക്തികളെയെല്ലാം തോൽപ്പിക്കുന്ന ഭൗതീകജീവിതവുമായി രമിക്കുക എന്ന ദൗർബല്യത്തിന്‌ ആത്മാവ് പണയപ്പെടുത്തിക്കളഞ്ഞു. രതിയിലൂടെ മാത്രമേ സ്വർഗ്ഗത്തിന്റെ സുന്ദരചിത്രം പൂർത്തീകരിക്കാനാകൂ എന്നും ഓരോ രാത്രിക്കവസാനവും സ്വർഗ്ഗം പിരിഞ്ഞുപോകുന്നു എന്നും വീണ്ടുവിചാരമില്ലാത്ത ജല്പനങ്ങൾ നടത്തിയപ്പോൾ വരും തലമുറയ്ക്ക് ദിശാബോധം നൽകാനാവാതെ കാലയവനികയ്ക്കുള്ളിൽ മറയേണ്ടി വന്നു കവിക്ക്. ആദർശം കൊണ്ട് വിപ്ളവം വരുത്താത്ത കവിയെ, ജാഹിലിയ്യാ കാലത്തിനു ശേഷം ഇസ്ലാം നിലവിൽ വന്നപ്പോൾ മുഹമ്മദ് നബി (സ) വിശേഷിപ്പിച്ചത് “ കവികളിൽ വച്ച് ഏറ്റവും ശ്രേഷഠനും എന്നാൽ നരകാഗ്നിയിൽ മുമ്പനും എന്നാണ്‌.

     മുഅല്ലക്കത്തുകൾ എന്നറിയപ്പെടുന്ന ആ തൂക്കു കവിതകൾ ഭാഷയിലെ ഔന്നത്യം നിറഞ്ഞ സാഹിത്യഭംഗിയും സംഗീതസാന്ദ്രതയും കൊണ്ട് പിൽക്കാലത്ത് സാഹിത്യകുതുകികൾക്ക് പ്രചോദനമാവുകയും, കവിതകളിൽ വ്യന്യസിക്കപ്പെട്ടിരുന്ന ഭാഷാചാതുരിയും വസ്തുനിഷ്ഠയാഥാർത്ഥ്യത്തിൽ നിന്ന് കാൽപ്പനീക തലത്തിലേക്ക് വസ്തുതകളെ വിക്ഷേപിക്കാനുള്ള അസാധാരണമായ കഴിവുമാണ്‌ പിന്നീട് ആ കവിതകൾ പഠനവിധേയമാകാനും ഉമ്രുൽ ഖൈസിനെ അറേബ്യൻ കവിതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാനും ഇടയായത്.

     
       അറബി സാഹിത്യം പഠിക്കുന്ന ഏതൊരാൾക്കും  ഉമ്രുൽ ഖൈസിന്റെ കവിതകൾ പഠിക്കാതെ മുന്നോട്ട് പോകാനാവില്ല.. എട്ടാം നൂറ്റാണ്ടിലാണ്‌ ആ കവിതകൾ ശേഖരിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെട്ടതും. പിന്നീട് പല ഭാഷകളിൽ പല പേരുകളിൽ ആ കവിതകളും കവിയുടെ ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ പ്രകാശങ്ങളേയും പകലെന്നും എല്ലാ ഇരുളിനേയും രാത്രിയെന്നും വിളിക്കാനാവാത്തതുപോലെ കാമവും ദ്വേഷവും ഒരുപോലെ  ജീവിതപ്പെട്ടു കിടക്കുന്ന ആ കവിതകളിലെ തീ പടർത്തുന്ന അതിവൈകാരികത പ്രത്യാശയുടെ സ്ഫുരണങ്ങളില്ലാതെ തന്നെ  ചരിത്രത്തിനു പോലും മായ്ക്കാനാവാതെ  നിലനിൽക്കുകയാണ്‌..
                                                                                                               സബീന എം സാലി

                                                                                                         


Sunday, 14 December 2014

കാവ്യബിന്ദുക്കൾ

സ്വപ്നം കൊണ്ട്
പലവട്ടം ശ്രമിച്ചിട്ടും
തുറക്കപ്പെടാത്ത
മേഘമാളികയുടെ
കളഞ്ഞുപോയ
ഒറ്റത്താക്കോൽ
കണ്ടുകിട്ടിയില്ലെന്ന്
കാറ്റിനോട്
വെയിൽ മർമ്മരം.

Monday, 30 June 2014

മൗനം നനയുന്നവർനമുക്കിടയിലെ
മൗനത്തിന്റെ
ശിഖരങ്ങൾ 
പൂത്തപ്പോഴാണ്‌
ധ്യാനത്തോട്
നീയതിനെ
കൂട്ടിയിണക്കിയത്.

മൗനം തീർത്ത
കണ്ണീർപ്പെയ്ത്തിലാണ്‌
നീയില്ലാതെ ഞാനും
ഞാനില്ലാതെ നീയും
തമ്മിലെത്തിപ്പെടാൻ
കുടകൾ തിരഞ്ഞത്.

നുറുങ്ങിപ്പൊടിയുന്ന
ഹൃദയലിപികളാൽ
മനസ്സാഴങ്ങളിലെ
കടലാരവങ്ങൾ
പരസ്പരമറിയുമ്പോഴും
മൗനം വിരിച്ചിട്ട
നിലാവഴികളിൽ
പൂകൊഴിയും കാലം
കാത്തിരിക്കുന്ന
വെറും മൗനികൾ
നാം രണ്ടു പേർ.

Tuesday, 24 June 2014

വാക്കിനുള്ളിലെ ദൈവം

പ്രപഞ്ചം ഇന്നേവരെ
ഉച്ചരിച്ചിട്ടില്ലാത്ത
ചില വാക്കുകളുണ്ട്
അവയ്ക്ക് 
ദൈവത്തിന്റെ ഛായയാണ്‌.
ഒരായിരം മിടിപ്പുകൾക്കിടയിലും
ഒരിക്കലും എഴുതപ്പെടാതെ
എന്നെയ്ം നിന്നെയും
ചേർത്തു വയ്ക്കുന്നവ.

Sunday, 22 June 2014

പെയ്യുമ്പോൾ ഒഴിയുന്നത്..


നിറങ്ങ തിരിച്ചറിയാൻ
വെളിച്ചം കൂടിയേ തീരൂ
ആസക്തികൾ ജ്വലിക്കാൻ
ഇരുട്ടും.
അതുകൊണ്ടാവാം
ഉദയത്തിനും
അസ്തമയത്തിനുമിടയ്ക്ക്
നൂൽപ്പാലം കെട്ടാൻ കഴിയാതെ
കുരുടുള്ള വർണക്കിളികൾ
വകതിരിവില്ലാതെ
തമ്മിൽക്കൊത്തുന്നതും
കലപില കൂട്ടുന്നതും.

കടം കൊണ്ട ദു:ഖമേ
പ്രണയത്തിന്റെ
പട്ടടയിലാളിയ
അവസാന തീക്കനലും
കൺപെയ്ത്തുകളിൽ
കെട്ടടങ്ങിയിരിക്കുന്നു.

വിതുമ്പാൻ മറന്ന മനസ്സേ,
ഇനി മുതൽ
മേഘവും നീ തന്നെ
മഴയും നീ തന്നെ.
ഉള്ളിന്റെയുള്ളിൽ
മർമ്മരം കൊള്ളുന്ന
കവിതച്ചിന്തുമായി
ഇനി, പൂന്തോപ്പുകളിലേക്ക് മാത്രം 

നീ പെയ്തിറങ്ങുക.


Saturday, 21 June 2014

നല്ല വാക്കുകളുടെ നിറച്ചാർത്ത്..പി കെ

അനുമോദനങ്ങളുമായി സഖാവ്

ആശംസ....ശ്രീ എം വി ബെന്നി

അനുഗ്രഹത്തിന്റെ കൈത്താങ്ങുമായ്..എന്റെ സ്വന്തം ടീച്ചർ..

കൃതഞ്ജ്തയുടെ കൃതാർത്ഥത..റഷീദ് കറുകശ്ശേരി

അനിവാര്യമായ പരിചയപ്പെടുത്തലുമായ് സഹീറ.

സ്നേഹസരോവരത്തിൽ...

പരസ്യമായി ഒരു രഹസ്യം....

ചാനൽ പുലികൾ —

ഒരു പ്രവാസിയുടെ ഇതിഹാസം..ശ്രീ ബാലഗോപാൽ

സൗഹൃദ നിമിഷങ്ങൾ...

ആശംസ......ശ്രീ ടി എ സൈദു കുഞ്ഞ്..

ആശംസ....അഡ്വ: ഇസ്മായിൽ. 

ആ നിമിഷത്തിന്റെ നിർവൃതിയിൽ....


സ്നേഹത്തിന്റെ കയ്യൊപ്പ്..

തലമുറകളെ ബന്ധിപ്പിച്ച്...

മറുമൊഴിയടയാളം.......
Add caption
ആശംസ....വിശാലാക്ഷി ടീച്ചർ..
സ്വാഗതം..കെ രാധാകൃഷ്ണൻ
Add caption

വേറിട്ട ഒരു സ്വകാര്യ വായന


ഇരുപത്തിമൂന്നു കഥകളുടെ സമാഹാരം കന്യാവിനോദം കഴിഞ്ഞ മാതൃഭാഷാദിനത്തിൽ(ഫെബ്രുവരി 21) സഖാവ് ബിനോയ് വിശ്വം ശ്രീ പി കെ പാറക്കടവിന്‌ ആദ്യ കോപ്പി നൽ-കിക്കൊണ്ട് നിർവ്വഹിച്ചു.