Friday 1 March 2013

അർത്ഥങ്ങൾ മാഞ്ഞു പോയ നിഘൺടു.



       ഓർമ്മകൾക്കും വിസ്മൃതികൾക്കും ഇടയിൽ ചിതറിപ്പോകുന്ന ഒരു നിശബ്ദതയാണ്‌ ജീവിതം. ജീവിതേച്ഛകൾ ദുർബലപ്പെടുന്ന കാലത്ത് വിസ്മൃതികളുടെ ഗ്രാഫ് ഓർമ്മകളെ കവച്ചുവയ്ക്കാറാണ്‌ പതിവ്‌.വിസ്മൃതിയുടെ കടലാഴങ്ങളെ തേടി പദയാത്ര നടത്തുന്ന സൗവര്‍ണസ്മൃതികളെ പിൻനടത്തുവാൻ ചില ഓര്ർമ്മപ്പെടുത്തലുകളുടെ മുഖാമുഖങ്ങൾക്ക് കഴിഞ്ഞെന്നിരിക്കും. അത്തരമൊരു ഓര്ർമ്മപ്പെടുത്തലിന്റെ കഥ പറയുവാനായിരുന്നു അന്തരിച്ച കവി ശ്രീ ഡി വിനയചന്ദ്രനെ ഞാൻ ഒരു മധ്യാഹ്നത്തിൽ ഫോൺ ചെയ്തത്. ഒപ്പം ചിരകാലമായി മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന കവി വിഗ്രഹത്തെ അടുത്തറിയാനുള്ള അത്യാഗ്രഹവും.

        കൊല്ലം ജില്ലയിൽ എന്റെ മാതൃഗ്രാമമായ  ഭരണിക്കാവിനടുത്ത് പടിഞ്ഞാറേ കല്ലടയായിരുന്നു കവിയുടെ ജന്മദേശം. ശാസ്താംകോട്ട ശുദ്ധജല തടാകം, കല്ലടയാർ, അഷ്ടമുടിക്കായൽ തുടങ്ങിയ സമീപസ്തങ്ങളായ ഭൂപ്രകൃതിയിൽ, കാടിനേയും കാട്ടാറിനേയും സ്നേഹിച്ച് ഗ്രാമ വിശുദ്ധി നെഞ്ചേറ്റിയ കവിയെ അന്നാട്ടുകാർ വലിയ ആദരവോടെയാണ്‌ കൺടിരുന്നത്. നാടിന്റെ സ്വന്തം കവിയായിത്തന്നെ അവരദ്ദേഹത്തെ ആഘോഷിച്ചു. കവിയുടെ യൗവ്വനകാലത്ത് ഒരിക്കൽ അദ്ദേഹം,  എന്റെ ഉമ്മച്ചി പഠിച്ചിരുന്ന ട്യൂട്ടോറിയൽ കോളേജിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായെത്തുകയും, അവിടെ വച്ച് ഏറ്റവും അച്ചടക്കമുള്ള കുട്ടി എന്ന നേട്ടം ലഭിച്ച ഉമ്മച്ചിക്ക് സ്വന്തം കൈപ്പട ചാർത്തിയ ഒരു ഓക്സ്ഫോർഡ് ഇംഗ്ലീഷ്  നിഘൺടു സമ്മാനിക്കുകയും ചെയ്തു...ഇത്രയും കഥയുടെ ഫ്ളാഷ് ബാക്ക്.
 
              പിന്നീട് കുടുംബം പട്ടണത്തിലേക്ൿ ചേക്കേറുകയും കഥയിലേക്ക് ഞങ്ങളൊക്കെ രംഗപ്രവേശം ചെയ്യുകയുമുൺടായി. കുട്ടികളായ ഞങ്ങൾ ജീവിതത്തിൽ പല അർഥങ്ങളും തിരയാൻ തുടങ്ങിയപ്പോഴാണ്‌ ചുവന്ന ചട്ടയുള്ള നിഘൺടുവിനു പിന്നിലുള്ള കഥയറിയുന്നത്...ദേ, സൂക്ഷിച്ചുപയോഗിക്കണം. കീറിയേക്കരുത്..വിനയചന്ദ്രൻ മാഷ് എനിക്ക് സമ്മാനം തന്നതാണ്‌...എന്ന ഉമ്മച്ചിയുടെ ആത്മഹർഷത്തിന്റെ വാക്കുകൾ, പിന്നെ ഇടയ്ക്കൊക്കെ  മൂളിത്തരുമായിരുന്ന അദ്ദേഹത്തിന്റെ വായ്ത്താരികൾ...അതാണ്‌ കവിയേയും എന്നേയും ബന്ധിപ്പിച്ചത്.

          കവികളേയും കവിതയേയും അടുത്തറിയാൻ തുടങ്ങിയിട്ടില്ലാത്ത ബാല്യത്തിൽ അതിനൊന്നും ഉചിതമായ പ്രാധാന്യം നൽകിയില്ല എന്നതാണ്‌ വാസ്തവം. ആ നിഘൺടു ഉമ്മച്ചിയുടെ സ്വകാര്യ അഹങ്കാരമായിരുന്നെന്നും കവി അഗ്രഗണ്യനായിരുന്നെന്നും മനസ്സിലാക്കാൻ പിന്നേയും വർഷങ്ങൾ വേൺടി വന്നു. ഞാൻ കവിതയെ സ്നേഹിച്ചു തുടങ്ങിയ കാലത്താണ്‌ അദ്ദേഹത്തിന്റെ് നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കൃതിക്ക്  കേരള സാഹിത്യ അക്കാഡമി അവാർഡ്  ലഭിച്ചത്. നിഘൺടു മുൻനിർത്തിയുള്ള ഒരദൃശ്യ ബന്ധം മനസ്സിലുൺടായിരുന്നതിനാലാവാം അദ്ദേഹത്തെ ഞാൻ സ്ഥിരമായി നിരീക്ഷിച്ചിരുന്നു. കവി ഒരു നിത്യപ്രണയി ആയിരുന്നു. പ്രണയം പ്രകാശാത്മകമായി അനുഭവിക്കുമ്പോഴാണ്‌ ഏറ്റവും നല്ല കവിതകളെഴുതാനാവുന്നതെന്ന്  പലയിടത്തും അദ്ദേഹം പറഞ്ഞിട്ടുൺട്. വിവാഹം കഴിച്ചാൽ പ്രണയം നഷ്ടമാകുമെന്നു പറഞ്ഞ കവി ജീവിതത്തിൽ വിവാഹമേ ഒഴിവാക്കികൊൺട് പ്രണയത്തെക്കുറിച്ച് വളരെ ഭാവുകത്വത്തോടെ എഴുതിയതിങ്ങനെ.
          "നീ ജനിക്കുന്നതിനു മുൻപേ നിന്നെ സ്നേഹിച്ചിരുന്നു ഞാൻ
          കാണുന്നതിനു മുൻപേ നിന്നെ കണി കൺടിരുന്നു ഞാൻ"

          ഒരിക്കൽ മഹാരാജാസ് കോളേജിൽ ഒരു ചടങ്ങിൽ  പങ്കെടുക്കാനെത്തിയ കവിയെ വളരെ ദൂരെ നിന്ന് കാണാനവസരമുൺടായി. അംഗവിക്ഷേപങ്ങളോടുകൂടിയ അദ്ദേഹത്തിന്റെ കാവ്യാവതരണശൈലിയെ അത്രമേൽ മാനിച്ചിരുന്നതു കൊൺടാണ്‌ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളേയും കാവ്യ വിഷയമാക്കി പ്രകൃതിയോട് സംവദിച്ച കവിയും നല്ല അദ്ധ്യാപകനുമായ അദ്ദേഹത്തെ മദ്യപാനിയെന്നും അരാചകവാദിയെന്നും ഉന്മാദിയെന്നുമൊക്കെ  ഒളിഞ്ഞും തെളിഞ്ഞും മുദ്ര കുത്തുന്നതിനെ ഞാൻ വെറുത്തത് .

          ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ പ്രവാസം ഒരു അനിവാര്യതയായപ്പോഴും കവിത ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ നിലനിന്നു. അതുകൊൺടു തന്നെ  കവിയെയും കവിതയേയും മനസ്സിൽ നിന്നിറക്കി വിട്ടിരുന്നില്ല. കഴിഞ്ഞ വർഷം മാധ്യമം വാരികയുടെ ഒരു ലക്കത്തിൽ അദ്ദേഹത്തിന്റെ കവിതയോടൊപ്പം എന്റെ കവിതയും പ്രസിദ്ധീകരിച്ചിരുന്നു. ആമുഖ പേജിൽ അദ്ദേഹത്തിന്റെ പേരിനോടു ചേർന്ന് എന്റെ പേരും. ഉമ്മച്ചിയെ വിളിച്ചാണ്‌ അന്നാദ്യം ഞാനെന്റെ സന്തോഷം പങ്കു വച്ചത്.

          അങ്ങനെ പ്രിയതരമായ ഒരു തോന്നലിനൊടുവിലാണ്‌ ഈ  കഴിഞ്ഞ ഫെബ്രുവരി മൂന്നിന്‌ ഞാനദ്ദേഹത്തെ വിളിക്കുന്നത്. ഇത്രയും പ്രശസ്തനായ കവി, എന്നെ തിരിച്ചറിയുമോ എങ്ങനെയാവും പ്രതികരണം എന്നൊക്കെയുള്ള ഉത്കണ്ഠകൾ മനസ്സിനെ മദിച്ചുവെങ്കിലും ചുവന്ന ചട്ടയുള്ള ആ നിഘൺടു ക്ഷണനേരത്തേക്ക് ഒരു പ്രചോദനമായി എന്റെ മുന്നിലേക്ക് വന്നു..ഇതാ, ഇപ്പോൾ ഫോൺ ശബ്ദിക്കുന്നുൺട്....ഹലോ...അതെ വിനയനാണ്‌...കാർക്കശ്യമോ കലമ്പലോ ഒക്കെച്ചേർന്ന് ഒരു പതർച്ച ഉൺടായിരുന്നില്ലേ ആ ശബ്ദത്തിന്‌..?..സ്വയം പരിചയപ്പെടുത്തലിന്റെ ചേലത്തുമ്പിൽത്തന്നെ ആ നിഘൺടുവിന്റെ കഥയും വളരെ വിദഗ്ദമായി ഞാൻ കൂട്ടിക്കെട്ടി...ഓ,ഓ..എന്ന്‌ അദ്ദേഹം എല്ലാത്തിനും മൂളുന്നുൺടായിരുന്നു.

           അപ്പോ നീയെന്റെ ശിഷ്യയുടെ മകൾ..അറിയാം പേരു കണ്ടിട്ടുൺട് പലയിടത്തും. പക്ഷേ ആ നിഘൺടുവിന്റെ കാര്യം ഞാനോർക്കുന്നില്ലല്ലൊ കുഞ്ഞേ...പ്രായമായില്ലേ മറന്നതാവാം...ഉമ്മയോട് എന്റെ ആശംസകൾ പറയൂ...നന്നായെഴുതൂ..നന്നായി വരൂ...
         വെള്ളിൽപ്പക്ഷികളെ അറിയുമോ നീ..?
         ഇല്ല
         ഓ..അവിടെ മരുഭൂമിയിൽ അതൊന്നുമുൺടാവാനിടയില്ല.
         എങ്കിൽപ്പിന്നെ പേരില്ലാപ്പക്ഷികളോടൊപ്പം പറക്കാം നമുക്ക്...
          സ്വർഗവൃക്ഷങ്ങളിൽ  ചേക്കേറാം...

          കുഞ്ഞേടത്തിയോടും ആശംസ പറയണം
          അവിടുത്തെ ഷേയ്ഖിനോടും ആശംസ പറയണം...
          ഷേയ്ഖന്മാർ കവിതയെഴുതാറുൺടോ..?
           മതിഭ്രമം ബാധിച്ചവനെപ്പോലെ അദ്ദേഹം ഉന്മത്തതയുടെ അതിവാചാലതയിലേക്ക് പടവുകൾ കയറുകയാണെന്ന് ഞാൻ ശങ്കിച്ചു. മനപ്പൂർവ്വം ഞാനാ സംഭാഷണത്തിൽ നിന്നു വിരമിച്ചു. കവി അയ്യപ്പൻ മരണപ്പെട്ടപ്പോൾ, ഇനി നീയാണു ഞങ്ങളുടെ അയ്യപ്പൻ എന്ന് കാവ്യ സ്നേഹികൾ ഇദ്ദേഹത്തെപ്പറ്റി  പറഞ്ഞത് നേരാണെന്ന് ആ നിമിഷം ഞാനോർത്തു. ചിന്തകളിൽ ഔന്നത്യമുള്ളവരാണ്‌ കവികളെന്നാണ്‌ ഞാൻ വിശ്വസിച്ചിരുന്നത്. ആ ചിന്താദ്യുതിയെ മദ്യത്തിനും ലഹരിക്കും അടിയറവു വയ്ക്കേൺടവനാണോ ഉത്തമ കവി..? ആ സ്വയം ചോദ്യംചെയ്യലിന്റെ ഒറ്റ മാത്രയിൽ ഞാനദ്ദേഹത്തെ വെറുത്തു. അണയാതിരുന്ന ആത്മരോഷം അന്നു തന്നെ ഫേസ് ബുക്കിലെ സ്റ്റാറ്റസ്സായ് കോറിയിടുകയും ചെയ്തു..

           “ഉദിച്ചുയരുന്ന രാഗചന്ദ്രിക പോലും ചോദിച്ചു
            കവി ഉന്മാതത്തിന്റെ ഏതു താഴ്വരയിലായിരുന്നുവെന്ന്‌
            പ്രചൺട സൂര്യൻ ജ്യോതീരഥത്തിലെഴുന്നള്ളിയിട്ടും
            കിഴക്കൻചുരം കടന്നു വന്ന കാറ്റ്
            മൂർദ്ധാവിലെ വിയർപ്പാറ്റിയിട്ടും
            ഭ്രമങ്ങൾ വേരിറങ്ങിയ ചിത്തം
            ഭാവപ്രചുരിമ തീർക്കാതെ,കവിയേ,
            അങ്ങയുടെ വിഹ്വലാത്മാവ്
           എന്തിനു വെറുതേ നാകം കിനാ കാണുന്നു..? ”...

           നല്ലൊരു ശതമാനം ആത്മസുഖം ആ വരികളിൽ നിന്നെനിക്ക് ലഭിച്ചു. ഒരു കവിക്ക് മറ്റൊരു കവിയോടുള്ള വിരോധം  കവിതയിലൂടെയല്ലേ തീർക്കാനൊക്കൂ.

           പക്ഷേ വലിയ  തെറ്റാണ്‌ എനിക്ക് പറ്റിയത്.ആ ദിനങ്ങളിൽ അദ്ദേഹം കടുത്ത ശാരീരിക പ്രതിസന്ധികളിലായിരുന്നുവെന്ന് സുഹൃത്ത് അനിൽ പറയുമ്പോഴാണ്‌ ഞാനറിയുന്നത്. മരണത്തിന്റെ നിഴൽ കൂടെയുൺടായിരിക്കുക, മരണവുമായി ചതുരംഗക്കളി തുടങ്ങിക്കഴിയുക...ഒരു പക്ഷേ കെട്ടുകളഴിഞ്ഞ്‌ മനസ്സ് ലാഘവപ്പെടാനായിരിക്കില്ലേ അദ്ദേഹം എന്നോടങ്ങനെയൊക്കെ സംസാരിച്ചിരിക്കുക..? അനുഗ്രഹം ലഭിച്ചിട്ടും അനീതിയല്ലെ ഞാൻ തിരികെക്കൊടുത്തത്...? കവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത എന്നിൽ വ്യക്തിപരമായ ഒരു അന്തഃസംഘർഷം തീർത്തു. ആശുപത്രി വരാന്തയിൽ നിന്നുകൊൺട് അനിൽ അദ്ദേഹത്തിന്റെ ഓരോ അവസ്ഥയും എനിക്ക് മെസ്സേജ് ചെയ്തുകൊൺടിരുന്നു. പ്രാർഥന മാത്രമേ എനിക്കദ്ദേഹത്തിനായി കൊടുക്കാനുൺടായിരുന്നുള്ളു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി എന്ന സന്ദേശത്തിനു പിറകെ തന്നെയാണ്‌ മരണവാർത്തയും സ്ഥിരീകരിച്ചത്‌. വിങ്ങിവിങ്ങിത്തീർന്ന ശ്വാസം....എങ്ങും അടക്കിപ്പിടിച്ച കണ്ണീര്‌.....

          പോയി...പ്രാർത്ഥനകൾ വിഫലം എന്നായിരുന്നു അനിലിന്റെ അവസാന സന്ദേശം.
ഞൊടിയിടയിൽ  ജീവിത നിഘൺടുവിലെ അർത്ഥങ്ങളൊക്കെ മാഞ്ഞ്‌ ശൂന്യത പടർന്ന പോലെ...മറുവാക്കൊന്നും പറയാനാവാതെ മാപ്പിരക്കാനാവാതെ....

         ഒരു തൂവൽക്കനമായി സൗഹൃദങ്ങളുടെ ആകാശങ്ങളിൽ പറന്നു നടക്കാൻ കൊതിച്ച കവി, വിസ്മൃതിയുടെ സമുദ്രഗർത്തങ്ങളിൽ ഒരു പക്ഷേ ആ ചുവന്ന ചട്ടയുള്ള നിഘൺടു തിരഞ്ഞിരിക്കാനിടയുൺടോ..? ലോകത്തെ ഏതു നിഘൺടുവിലേയും വാക്കർത്ഥങ്ങൾക്കതീതമായി, സ്നേഹത്തെപ്പറ്റി സഹവർത്തിത്വത്തെപ്പറ്റി, പ്രണയത്തെപ്പറ്റി, നമ്മളെ പഠിപ്പിച്ച കവി വിഷാദത്തിന്റെ ഏകാകിതയില്ലാത്ത ലോകത്തേക്ക് പോയിരിക്കുന്നു...അല്ലെങ്കിലും മരണമെപ്പോഴും അനീതിയേ പ്രവർത്തിക്കാറുള്ളു.
                                                                                                                                                                                       
        (ഫ്രൈഡെ ചന്ദ്രിക 1.3.2013)














6 comments:

  1. ഹൃദയ സ്പര്‍ശിയായ ഒരനുഭവം ..അതും മലയാളസാഹിത്യത്തിലെ കവിതകളുടെ മുഖഛായ തിരുത്തിയ ആധുനിക കവിത്വത്തിന്റെ വക്താക്കളിലൊരാളെ കുറിച്ചായപ്പോള്‍ തികച്ചും അവസരോചിതം ...ഉല്‍കൃഷ്ടവും മനോഹരവുമായ ഭാഷയില്‍ കയ്യടക്കത്തോടെ വിഷയങ്ങളെ സമീപിക്കുമ്പോള്‍ സബീന അക്ഷരങ്ങളുടെ പ്രിയ തോഴിയെന്നു വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നതില്‍ ഏറെ അഭിമാനം തോന്നുന്നു..ഭാവുകങ്ങള്‍..ഒപ്പം ആ ശ്രേഷ്ഠ കവിക്ക് ആദരാഞ്ജലികളും അര്‍പ്പിക്കുന്നു.....

    ReplyDelete
  2. ആര്‍ദ്രമായ വരികള്‍ .... കവിക്ക്‌ ആദരാഞ്ജലികള്‍ ... !

    ReplyDelete
  3. കവിയെ മറക്കാത്ത കവി
    ഓര്‍മകള്‍ സൂക്ഷിക്കുന്നു .

    ReplyDelete
  4. പ്രിയകവിയെക്കുറിച്ചുള്ള നല്ലൊരു ഓര്‍മ്മക്കുറിപ്പ് ..സബീ <3

    ReplyDelete
  5. മനോഹരമായ ഒരോര്‍മ്മക്കുറിപ്പ്.

    ReplyDelete