Sunday 24 February 2013

മന്ദഹാസങ്ങൾ വിസ്മൃതമാകുമ്പോൾ


                   നാടുവിട്ടവരാണ്‌ നാടിനെയോർത്ത് അഭിമാന പുളകിതരാവുന്നത് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നത്, വിയർക്കുന്ന മനുഷ്യ ഗന്ധം മണക്കുന്ന ഗല്ലികളിൽ നിന്നുകൊണ്ട് അവൻ ജന്മനാടിനെയോർത്ത് വാചാലനാകുന്നത് കേൾക്കുമ്പോഴാണ്‌. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര റിപ്പബ്ളിക്കാണ്‌ ഭാരതമെന്ന നമ്മുടെയൊക്കെ സ്വപ്ന ഭൂമി എന്നുരുവിടുമ്പോൾ, അവന്റെ കണ്ണുകൾ അസാധാരണമാംവണ്ണം തിളങ്ങുന്നു. കലഹിച്ചു നേടിയെടുത്ത സ്വാതന്ത്രമുപയോഗിച്ച് രാഷ്ട്ര ശിൽപ്പികൾ നമുക്കൊരു ഭരണഘടന എഴുതിയുണ്ടാക്കുകയും അക്കാലത്തെ ജനജീവിതത്തെ പരിവർത്തനത്തിന്റെ പാതയിലേക്ക് നയിക്കുകയുമുണ്ടായി. മത നിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിലനിന്നിരുന്ന നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിൽ നാമൊക്കെ സർവ്വാത്മനാ അഭിമാനം കൊള്ളുന്നവരായിരുന്നു. സത്യവും നീതിയും സംസ്കാരവും കാത്തു സൂക്ഷിച്ചിരുന്ന ഒരു സാമൂഹിക സ്ഥിതി വിശേഷം നമുക്കുണ്ടായിരുന്നു. പരസ്പര സ്നേഹത്തിലധിഷ്ഠിതമായിരുന്നു അന്നത്തെ വ്യക്തി ബന്ധങ്ങൾ. ഉള്ളവർ ഇല്ലാത്തവനെ കയ്യഴിഞ്ഞ് സഹായിക്കുമായിരുന്നു. അയൽക്കാരന്റെ ദുഃഖം സ്വന്തം ദുഃഖമായി ഏറ്റെടുക്കാനുള്ള മനസ്സുണ്ടായിരുന്നു. സ്ത്രീയുടെ മാനത്തിന്‌ അന്ന് വലിയ വില കൽപ്പിച്ചിരുന്നു. അമ്മയായി, പെങ്ങളായി, ഭാര്യയായി അവളെ സമൂഹം ആദരിച്ചിരുന്നു.


                 മാറിയ ജീവിത സാഹചര്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തിരുത്തപെടാനാവാത്ത തെറ്റുകൾക്ക് നേരെ നിന്നുകൊണ്ട് ഭൂതകാലത്തിന്റെ ശബ്ദഹീനമായ വിങ്ങലുകൾക്ക് ഒന്നു കാതോർത്താൽ അതിന്റെ അനുരണനങ്ങൾ നമ്മുടെ കർണ്ണപുടങ്ങളെ വിറങ്ങലിപ്പിക്കുമെന്നത് തീർച്ചയാണ്‌. നിഷാദന്റെ പാപം ശാപഗ്രസ്തമാക്കിയ പുതു സമൂഹത്തിൽ നാടുമുടിഞ്ഞുകാണണം എന്ന ദുഷ്ടലാക്കോടെ യുവജനതയുടെ ചിന്താ പ്രക്ഷുബ്ദതയെ ആരൊക്കെയോ ചേർന്ന് വന്ധ്യംകരിച്ചിരിക്കുന്നു. കറക്കിവിട്ട പമ്പരങ്ങൾ പോലെ ചിന്താ ശേഷി പണയം വച്ച് കറങ്ങുകയാണ്‌ ഓരോരുത്തരും. അവരുടെ കണ്ണുകളിൽ അമ്മയില്ല, പെങ്ങളില്ല, എല്ലാം രതി ബിംബങ്ങൾ മാത്രം. അതുകൊണ്ടുതന്നെ സമൂഹം രോഗാതുരമായിരിക്കുന്നു എന്ന് പറയാതിരിക്കാനാവുന്നില്ല.

                മനസ്സാക്ഷിയുടെ വിവേചന ശേഷിക്കുമേൽ അർബുദത്തിന്റെ ഞണ്ടിൻ കാലുകൾ പതിയുമ്പോൾ പെറ്റവയറിനോടുപോലും ആസക്തി തോന്നുന്നു യുവാക്കൾക്ക്. തന്ത രുചിച്ച പെണ്മക്കളുടെ ഉടലുകൾ സമൂഹത്തിന്‌ നേരെ കൊഞ്ഞനം കാട്ടുന്നു. ടി.വി ചാനലുകളും, ഇന്റർനെറ്റ് ആഗോളീകരണവും ജീവിതം ചന്തയിലേക്ക് വലിച്ചിഴക്കുമ്പോൾ വിവാഹവും കുടുംബവും വേണ്ട, ഉദാത്തമായ സെക്സ് മാത്രം മതിയെന്ന ചിന്തയും തുറന്ന ലൈംഗീകതയുടെ അധാർമ്മീകതയിലേക്ക് മലർക്കെത്തുറന്ന ഇന്റർനെറ്റ് വാതായനങ്ങളും കേരളത്തെ “സ്വതന്ത്ര രതിയുടെ സ്വന്തം നാട്” എന്ന വിശേഷണത്തിന്‌ അർഹമാക്കിക്കൊണ്ടിരിക്കുകായാണ്‌............. .

               ഓടുന്ന ട്രെയിനിലും ബസ്സിലും വരെ പെൺകുട്ടികൾ പീഢിപ്പിക്കപ്പെടുന്നു. വധശിക്ഷ നൽകിയതുകൊണ്ടൊ, കാമാർത്തരെ ഷണ്ഢീകരിച്ചതുകൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. നിലവിലുള്ള ജീവിത ക്രമം തന്നെ മാറേണ്ടിയിരിക്കുന്നു. നമ്മുടെ തണലുകളിൽ നിന്ന് ആധൂനിക ലോകത്തിന്റെ അരുതായ്മകളിലേക്ക് ഓടിപ്പോകാൻ നമ്മുടെ മക്കളെ അനുവദിക്കരുത്. സ്ത്രീയെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനസ്സ് നമ്മുടെ ആൺകുട്ടികളിൽ പാകപ്പെടുത്തിയെടുക്കുന്നതോടൊപ്പം, പെൺമക്കളുടെ വസ്ത്ര ധാരണ രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്താനും അമ്മമാർ തയ്യാറാകണം. വർത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി സ്ത്രീകൾ ഉത്ബുദ്ധരാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. .
               ഞാൻ  എറണാകുളം നഗരമദ്ധ്യേ ചിലവഴിച്ച കഴിഞ്ഞ രണ്ടാഴ്ചകളിൽ കണ്ട കാഴ്ചകളെ ഇങ്ങനെ വിലയിരുത്താം. ദേഹത്തൊട്ടിച്ചുവച്ച കീറത്തുണിയുമായി സമൂഹ മദ്ധ്യേ ക്യാറ്റ് വാക്ക് നടത്തുകയാണ്‌ നമ്മുടെ പെൺകുട്ടികൾ. ചില വനിതാ പ്രസിദ്ധീകരണങ്ങൾ ഫാഷന്റെ പേരും പറഞ്ഞ് കച്ചവട ലാഭത്തിനുവേണ്ടി പ്രചരിപ്പിക്കുന്ന കോമാളി വേഷങ്ങളണിഞ്ഞ് അവ തങ്ങളുടെ ശരീര പ്രകൃതിക്ക് യോജിച്ചതാണോയെന്നുപോലും പുനരാലോചിക്കാതെ, പരിസരബോധമില്ലാതെ മൊബൈൽ ശൃംഗാരവുമായി മലയാളിമങ്കമാർ നിരത്തുവക്കിലൂടെ ഹർഷ പുളകിതരായി നടക്കുന്നു. മലയാളിപ്പെണ്ണിന്റെ വസ്ത്രധാരണത്തിലെ ആ ആഢ്യത്വം എവിടെപ്പോയി? ഒരുവ്യക്തിയുടെ മനോവികാരം അയാളുടെ ഉടയാടകളിലൂടെ തിരിച്ചറിയാം എന്നാണ്‌ വയ്പ്പ്. അങ്ങനെ നോക്കുമ്പോൾ കൊക്കു വിടർത്തി കാത്തിരിക്കുന്ന കഴുകന്മാർക്കു നേരെ ഇറച്ചിക്കൊഴുപ്പ് പ്രദർശിപ്പിച്ച് കടന്നു ചെല്ലുന്ന കോഴികുഞ്ഞുങ്ങളെപ്പോലെ ഇതാ ഞാൻ ,എന്നെ പീഢിപ്പിച്ചോളൂ എന്ന് വ്യംഗ്യമായി ആവശ്യപ്പെടുകയല്ലേ അവർ? വൗ സെക്സി, സൊ ഹോട്ട് എന്നൊക്കെ പറയിപ്പിക്കാമെന്നല്ലാതെ , സ്വന്തം ശരീരത്തിന്റെ വ്യാസവും ചുറ്റുളവും മറ്റുള്ളവരെ കാണിക്കുന്ന ഒരു തരം പ്രദർശനപരത എന്ന മനോരോഗമാണിതെന്ന് പറയ്യാതെ വയ്യ. ഇതിനൊക്കെ വളം വച്ചു കൊടുക്കാൻ ന്യൂ ജനറേഷൻ സിനിമകൾ എന്നപേരിൽ പടച്ചുവിടുന്ന കുറെ വിഢ്ഢിച്ചിത്രങ്ങളും.


                സ്ത്രീകൾ പർദ്ദയിട്ടെ നിരത്തിലിറങ്ങാവൂ എന്ന കടുംപിടുത്തത്തോട് ഞാൻ യോജിക്കുന്നില്ല. താല്പര്യമുള്ളവർക്ക് ഉപയോഗിക്കാം, മറിച്ച് വസ്ത്രം വിശാലമാകണം. അയഞ്ഞ വസ്ത്രങ്ങളണിഞ്ഞാൽ നേരെചൊവ്വെ ശ്വാസം വിടുകയെങ്കിലും ചെയ്യാമല്ലൊ. കാണുന്നവനും അസ്കിത തോന്നുകയില്ല.എന്നാൽ ആസ്വാദന നിരാസം എന്ന രഹസ്യ അജണ്ട മുൻനിർത്തി ചില പുല്ലിംഗങ്ങൾ ഇന്ന് മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ അവളുടെ അവകാശങ്ങളെ വിസ്മരിച്ച് കൊണ്ട് ഇസങ്ങളുടെ പേരിൽ വിമർശിക്കുകയും അല്പ വസ്ത്ര ധാരിണികളെ വെള്ളപൂശുകയും ചെയ്യുന്ന രോഗാതുരമായ സംസ്കാരം നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന കാഴ്ചയാണ്‌ നാം കാണുന്നത്. അല്പ വസ്ത്രധാരണം എന്ന അജണ്ടയുമായി നമ്മുടെ പെൺകുട്ടികൾ മുന്നോട്ടു പോകുന്ന പക്ഷം നാട്ടിലെ തുണി വ്യവസായം കട്ടയും ബോർഡും മടക്കേണ്ടി വരുമെന്നു ഭയക്കേണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നാഴികക്ക് നാല്പതു വട്ടം മുറവിളികൂ​‍ൂട്ടുന്നവർ പരമ പ്രധാനമായി പരിഗണിക്കേണ്ടതും വസ്ത്രധാരണത്തിലെ സമൂലമാറ്റമാണ്‌...  .

                  കിരാതമായ ആക്രമണങ്ങൾ ക്കിരകളായി  സ്വന്തം പേരുപോലും നഷ്ടപ്പെടുന്ന പെൺകുട്ടികളെ നാം എന്തേ മറന്നു പോകുന്നു? അത്തരം സംഭവങ്ങൾ നടക്കുമ്പോൾ മാത്രം ചാനൽ ചർച്ചകളായും, മാധ്യമ ഫീച്ചറുകളായും മലയാളിയുടെ പ്രതിഷേധം ഒതുങ്ങിപ്പോകുന്നു. പരമാധികാര റിപ്പബ്ളിക്കിന്റെ ഭാഗഭാക്കുകളെന്ന നിലക്ക് മാനവികതയെയും നൈതീക മൂല്യങ്ങളേയും കുറിച്ച് ബോധവാന്മാരായ മലയാളി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന അഴിമതി ഇല്ലാതാക്കണം. മത സ്പർദയ്ക്കും തീവ്രവാദചിന്തകൾക്കും കടിഞ്ഞാണിടണം. നീതിന്യായ വ്യവസ്ഥിതി കുറ്റമറ്റതാക്കണം. നിരപരാധികളെ തടവിലിട്ട് പീഢിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കണം. വർഷങ്ങൾക്ക് ശേഷം കാലം യഥാർത്ഥ പ്രതികളെ തിരിച്ചറിയുമ്പോഴേക്കും അത്രയും കാലയളവിൽ നിരപരാധികൾ അനുഭവിച്ച മനോവ്യഥക്കും, യാതനകൾക്കും, നഷ്ടപ്പെട്ട ജീവിതത്തിനും, സമൂഹത്തിൽ ഉണ്ടായ മാനഹാനിക്കും പകരമായി രഹസ്യ താല്പര്യമുണ്ടായിരുന്ന ഭരണകൂടവും കൂട്ടുനിന്ന നിയമ പാലകരായ ഉദ്യോഗസ്ഥന്മാരും എന്തു തിരിച്ച് നൽകാൻ കഴിയും. ഇതാണ്‌ ജനാധിപത്യ ഇന്ത്യയിൽ ഇന്ന് നടമാടുന്ന നിയമവ്യവസ്ഥിതിയെന്ന് സാമൂഹിക സാംസ്കാരിക നായകന്മാർ വിളിച്ച് പറയുന്നതെന്ന് നാം മനസ്സിലാക്കണം.
           
              ഇന്ന് സാമുഹിക , സാംസ്കാരിക, ഭരണ രംഗത്ത് സംഭവിച്ചിരിക്കുന്ന ജീർണ്ണത സമൂഹം നേരിടുന്ന ഒരുവലിയ വെല്ലുവിളിയാണ്‌..,  നാം പണത്തിന്‌ പിന്നാലെ പായുമ്പോൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും  കാത്തു സൂക്ഷിക്കേണ്ട സ്വകാര്യതയും,   മാനവും, മാന്യതയും സകല സീമകളും ലംഘിച്ച് ജീർണ്ണതയുടെ പടുകുഴിയിലേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന സമൂഹത്തി ലെത്തിച്ചേരുന്ന കാഴച്ചയാണ്‌ ഇന്ന് കാണുന്നത്. സ്മാർട് സിറ്റി, മെട്രൊ റെയിൽ, സ്കൈ ബസ് തുടങ്ങിയ അതിനൂതന വികസന പദ്ധതികൾ നടപ്പിലാക്കുന്ന മുറയ്ക്ക് അത്തരം ഹൈ ടെക് ജീവിത സൗകര്യങ്ങൾ ധാർമികതയെ വിലയ്ക്കെടുക്കാതിരിക്കാൻ ഭരണാധികാരികളും, സാമാജികരും, മതനേതൃത്വങ്ങളും പ്രഥമ പരിഗണന നൽകണം. അതല്ലെങ്കിൽ പതിറ്റാണ്ടുകൾ അന്യദേശത്ത് പണിയെടുത്ത് നാടും വീടും താങ്ങി നിർത്തി അവസാന കാലത്ത് തിരികെയെത്തുമ്പോൾ നാടിന്റെ മാനമെങ്കിലും ബാക്കിയില്ലാതിരിക്കുന്ന അവസ്ഥ നാം ഏതു പ്രവാസിയുടേയും മന്ദഹാസം പോലും വിസ്മൃതമാക്കിയേക്കും.

         (മിഡിൽ ഈസ്റ്റ് ചന്ദ്രിക, റിപ്പബ്ളിക് ദിന പ്രത്യേക പതിപ്പ് 2013)


5 comments:

  1. നല്ല ലേഖനം.വളരെ യുക്തിഭദ്രമായിത്തന്നെ നിലവിലുള്ള ജീവിത ക്രമം തന്നെ മാറേണ്ടിയിരിക്കുന്നു എന്ന തത്വത്തെ വിശദീകരിച്ചു.ആശംസകള്‍ .

    ReplyDelete
  2. നല്ല ലേഖനം ..ഭാഷയുടെ ശക്തി വിഷയത്തിന്റെ മൌലികതക്ക് മിഴിവേകുന്നു..സുതാര്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വിഷയം അതി മനോഹരമായി തന്നെ അവതരിപ്പിച്ചു..ഉടലിനെ ആടയില്‍ പൊതിഞ്ഞും പൊതിയാതെയും വ്യക്തിത്വത്തെ തെരുവിലെ ചവറ്റു കൂനയില്‍ തള്ളുന്നവരുടെ കണ്ണു തുറപ്പിക്കാനായെങ്കില്‍ .....

    ReplyDelete
  3. ഭാഷയുടെ മാസ്മരികത ലേഖനത്തെ കരുത്തുറ്റതാക്കി.
    വസ്ത്രം എന്നത് ഇനിയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം എന്നാണ് തോന്നിയിട്ടുള്ളത്. മനുഷ്യന്‍ തുടരുന്ന ശീലങ്ങള്‍ക്ക്‌ എതിരായിരിക്കും എപ്പോഴും മാറ്റങ്ങള്‍ വരുത്തുന്ന സമരങ്ങള്‍ സമ്മാനിക്കുന്നത്. അതൊരുപക്ഷേ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ലാന്‍ കഴിയില്ല. കാരണം തറഞ്ഞുപോയ ശീലങ്ങള്‍ തന്നെ. എന്ത് മാറ്റങ്ങളും അതിന്റെ ശരിയായ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ സ്വാഭാവികമായി അതിനെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം മാറ്റങ്ങള്‍ക്ക് മുന്‍പേ രൂപപ്പെടെണ്ടിയിരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു, അല്ലെങ്കില്‍ മാറ്റത്തോടപ്പമെങ്കിലും. തുണിയില്ലാതിരുന്ന ആദിമമനുഷ്യനില്‍ നിന്ന് തുണിയുടുക്കാന്‍ ശീലിച്ചതോടെ മനുഷ്യനില്‍ അരികുചേര്‍ന്ന് വളര്‍ന്ന ഒരു ആകാംക്ഷ പരിണാമങ്ങളിലൂടെ പെരുകിക്കൊണ്ടിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ശരിക്കും പറഞ്ഞാല്‍ ആ പഴയ യുഗത്തിലെക്കുള്ള ഒരു തിരിച്ച് പോക്ക് പുതിയ രൂപത്തില്‍.

    ചര്‍ച്ച ഇനിയും തുടരേണ്ട ശ്രദ്ധേയമായ ലേഖനം

    ReplyDelete