Tuesday 29 November 2011

ചോളം മണക്കുന്ന ദുപ്പട്ട

  
            പോകരുതേയെന്ന്‌ അമ്മ കരഞ്ഞുകൊണ്ട്‌ വിലക്കിയിട്ടും ,ആ സ്നേഹത്തെ അവഗണിച്ച്‌ അവര്‍ക്കു നേരെ കാറിത്തുപ്പിയാണ്‌ അയാള്‍ കുന്നുകള്‍ കയറി മറിഞ്ഞതും ,ഒരിക്കലും എത്തിപ്പെടാനാഗ്രഹിക്കാത്തിടത്ത്‌ എത്തിച്ചേര്‍ന്നതും .ചോളപ്പാടങ്ങളും കുങ്കുമ വയലുകളും പിന്നിട്ടുള്ള ആ യാത്ര ഒരു പുത്തന്‍ ജീവിതത്തിലേക്കായിരിക്കുമെന്ന അയാളുടെ പ്രതീക്ഷ വെറുതെയായി. കുന്നിന്‍ ചെരുവിലെ കാരാഗൃഹത്തില്‍ ഒറ്റക്ക്‌ പാര്‍ക്കാന്‍ തുടങ്ങിയ നാളുകള്‍ അയാള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു. ഇരു കണ്ണുകളും മൂടപ്പെട്ട്‌ സംഘടന കമാന്റോകളുടെ കാവലില്‍ പാറയിടുക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ , ഭൂമിയുടെ ഏതു കോണിലാണ്‌ താനെന്നതിനെപറ്റി അയാള്‍ക്ക്‌ ഒരു രൂപവുമില്ലായിരുന്നു. ജ്വലിക്കുന്ന ഗ്രീഷ്മം മാത്രം അയാള്‍ തൊട്ടറിഞ്ഞു. കമാന്റോകള്‍ ഏല്പിച്ചു പോയ റൊട്ടിയും വെള്ളവും തീര്‍ന്നിട്ടും ,മണ്ണിന്റെ മണമുള്ള ആ വീട്ടില്‍ ചിതല്പുറ്റുകള്‍ക്കൊപ്പം ,ഇല്ലെങ്കിലും ഉണ്ടെന്ന്‌ നടിക്കുന്ന ചിത്തഭ്രമത്തോടെ അയാള്‍ നാളുകള്‍ തള്ളിനീക്കി. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ചവരുത്തുന്നവരെ പട്ടിണിക്കിട്ട്‌ കൊല്ലുന്ന ആ പ്രേതാലയത്തില്‍ , മരണത്തിന്റെ നിഴലനക്കങ്ങളില്‍ ഭീതിപ്പെട്ട്‌ കഴിയവെ, എപ്പോഴാണ്‌ രക്ഷകയുടെ വേഷത്തില്‍ ഒരു മാലാഖ കടന്നു വന്നത്‌?.

             കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ്‌ അവള്‍ "ദില്‍ഷാദ്‌ " വിജനമായ ആ പ്രേതാലയത്തിന്റെ പരിസരത്തെത്തിയത്‌. മരണത്തെ മുഖാമുഖം കണ്ടു കിടന്ന മനുഷ്യന്റെ ദയനീയത കേട്ട്‌ സഹതാപത്തിന്റെ നീലശലഭങ്ങള്‍ അവളുടെ കണ്‍കോണുകളില്‍ നിന്ന്‌ അയാള്‍ക്കു നേരെ പറന്നു ചെന്നു. തിരിച്ചു കിട്ടിയ ആട്ടിന്‍കുട്ടിയോടൊപ്പം മടങ്ങിപോരുമ്പോള്‍ അയാളുടെ ജീവിത കഥയില്‍ അവളുടെ കരളലിവിന്റെ കസവുനൂല്‍ തുന്നിച്ചേര്‍ത്തിരുന്നു. തന്റെ അമ്മയെപ്പോലെ ,ചോളത്തിന്റെ മണമായിരുന്നു അവള്‍ക്കെന്ന്‌ അയാള്‍ മനസ്സിലോര്‍ത്തു. ഒപ്പം ചോളപ്പൊടി ഉരുട്ടിയെടുത്താണ്‌ ,ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന മിത്തും .

            ജനലഴികളിലൂടെ നീണ്ട വെളിച്ചത്തിന്റെ ചതുരത്തില്‍ .കൈയ്യില്‍ ശിരസ്സും താണ്ടി , ഭൂതകാലം , വര്‍ത്തമാനത്തോട്‌ വിളക്കിച്ചേര്‍ത്ത്‌ മലര്‍ന്നു കിടക്കെ, കാറ്റിനൊപ്പം അവളുടെ കാല്‍ത്തളകളുടെ കിലുക്കവും ലഹങ്കയുടെ ഇളക്കവും അയാള്‍ തിരിച്ചറിഞ്ഞു..... ഉണങ്ങിയ വലിയ ചുരയ്ക്കാതോടിനുള്ളില്‍ പൊരിച്ച ചോളമണിയുമായി വീണ്ടും അവള്‍ ....ചോളത്തിന്റെ മണം അയാളുടെ നാസികകള്‍ക്ക്‌ ഉന്മാദമായി. വിഭ്രാന്തി വിട്ടകന്ന്‌ തികച്ചും ശാന്തനായി അയാള്‍ അവളെ കണ്‍നിറയെ കണ്ടു. ചെമ്പിന്റെ നിറമായിരുന്നു അവളുടെ മുടിയിഴകള്‍ക്ക്‌. ചുണ്ടുകള്‍ക്ക്‌ താഴെയുള്ള ഇരുണ്ട മറുക്‌ അവളെ കൂടുതല്‍ സുന്ദരിയാക്കി. തവിടുകളഞ്ഞ ഗോതമ്പു പൊടികൊണ്ട്‌ മണ്‍ചട്ടിയില്‍ ചുട്ടെടുത്ത മാര്‍ദ്ദവമുള്ള റൊട്ടിയും ,വെള്ളവും അവള്‍ കൂടെ കരുതിയിരുന്നു. ഹൃദയത്തില്‍ കത്തുന്ന വിളക്ക്‌ അണയാതിരിക്കാനും കൊടുങ്കാറ്റില്‍ മുന്നോട്ടുനീങ്ങാനും , കടല്‍ ക്ഷോഭത്തില്‍ പുഞ്ചിരിക്കാനും ആ സാന്നിധ്യം അയാളെ പഠിപ്പിച്ചു.രണ്ടു മൂന്നു ദിവസത്തെ ഇടവേളകളില്‍ ഭക്ഷണമെത്തിച്ച്‌, കരിഞ്ഞ ചോളപ്പാടത്ത്‌ അവള്‍ നീരുറവയായി. കടും വര്‍ണ്ണത്തിലുള്ള ഒരു ഒറ്റവരയായി അവള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു. ചെമ്മരിയാടുകള്‍ക്കൊപ്പം ഒരിളം കാറ്റുപോലെ അവളകന്നു പോകുമ്പോഴേക്കും ഭൂതകാലം വീണ്ടും അയാളെ ആക്രമിക്കാനൊരുങ്ങി.....ഒരു നിമിഷത്തിന്റെ ദൌര്‍ബല്യം കൊണ്ട്‌ അമ്മയില്‍ നിന്നു വീണുപോയ ശാപവാക്ക്‌ താങ്ങാനാവാതെ വീടുവിട്ടിറങ്ങിയവനാണ്‌ താന്‍ .പെറ്റുപോറ്റിവളര്‍ത്തിയ മകനില്‍ നിന്നും അല്പമെങ്കിലും ആശ്വാസം പ്രതീക്ഷിച്ച ആ അമ്മ അങ്ങനെയൊരു ശാപവാക്ക്‌ പറഞ്ഞില്ലെങ്കിലെ അതിശയമുള്ളു. തണ്ടും തടിയുമുണ്ടായിട്ടും വേലയെടുത്ത്‌ ഭക്ഷിക്കാതെ,വയസ്സായ അമ്മയെ ചോളപ്പാടത്ത്‌ പണിയെടുക്കാനയച്ച പുത്രനാണ്‌ തെറ്റുകാരന്‍. ചീട്ടുകളിച്ചും .സ്ത്രീകളോട്‌ അശ്ളീലം പറഞ്ഞും നടന്നിട്ടും ആ അമ്മ മകനെ ഗാഢമായി സ്നേഹിച്ചിരുന്നു. അവരെ വേദനിപ്പിച്ചതിന്റെ ശിക്ഷയാവാം വര്‍ത്തമാനകാലത്തെ മകന്റെ പ്രതിസന്ധി. അന്ന്‌ വീടുവിട്ട്‌ അലഞ്ഞുതിരിഞ്ഞ്‌ എത്തിച്ചേര്‍ന്നത്‌ ഒരു ഭീകര സംഘടനയുടെ ഒളി സങ്കേതത്തിലാണ്‌.  ആദ്യമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളെപറ്റി  ഒന്നു മറിയില്ലായിരുന്നു.ഏതൊക്കെയോ ആദര്‍ശങ്ങളുടെ പേരില്‍ യുദ്ധത്തിനിറങ്ങിയവര്‍. വിദഗ്ദ പരിശീലം നല്‍കിയായിരുന്നു ഓരോ സംഘങ്ങളേയും അവര്‍ ആക്രമണത്തിന്‌ സജ്ജമാക്കിയിരുന്നത്‌. നിവൃത്തിയില്ലാതെ അവരോടൊപ്പം ചേരേണ്ടിവന്ന തനിക്കും പരിശീലനഘട്ടത്തില്‍ മികച്ച ഭക്ഷണവും  സൌകര്യങ്ങളും ഉണ്ടായിരുന്നു. സംഘടനകളുടെ ആദര്‍ങ്ങളെ മസ്തിഷ്കത്തിലേക്ക്‌ ആവാഹിക്കുന്നതിനിടയിലും ,സ്വന്തം പെറ്റ തള്ളയെ ഉപേക്ഷിച്ചതിന്റെ തേങ്ങല്‍ അയാളെ അനുദിനം മൃദുമനസ്കനാക്കികൊണ്ടിരുന്നു.  ഒരിക്കല്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നാല്‍, സാധാരണജീവിതത്തിലേക്ക്‌ ഒരു തിരിച്ച്പോക്ക്‌ സാധ്യമല്ലെന്ന വാസ്തവം അംഗീകരിക്കേണ്ടി വന്നപ്പോഴൊക്കെ മാതൃസ്നേഹം ഒരു വിങ്ങലായി ഹൃദയത്തില്‍ നിറഞ്ഞു. അധികസമയവും മൌനിയായിരുന്ന അയാള്‍ക്ക്‌ സ്വസ്ഥത തീരെ ഉണ്ടായിരുന്നില്ല .ആദര്‍ശങ്ങളുടെ പേരില്‍ ഭീകര സംഘടനകള്‍  നടത്തുന്ന മനുഷ്യകുരുതികള്‍ സിഫിക്സിന്റെ കടങ്കഥ പോലെ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. സിഫിക്സിന്റെ അന്തകനായ ഈഢിപ്പസ്സിനെപ്പോലെ അയാള്‍ അവസരം പാര്‍ത്തിരുന്നു.

            നാടും വീടും ബന്ധങ്ങളും കെട്ടുപാടുകളും ഉപേക്ഷിക്കണം . ആദര്‍ശമാണ്‌ വലുത്‌... ചുറ്റുമുള്ള ചെറുപ്പക്കാരുടെ സിരകളില്‍ ആദര്‍ശബിംബങ്ങളുടെ സൂക്ഷ്മാണുക്കളെ കുത്തിവയ്ക്കുന്നതില്‍ ഭീകരവാദികള്‍ വിജയിച്ചു. ബന്ധങ്ങള്‍ ബന്ധനങ്ങളാവാതെ തോക്കുകളെയും ബയണറ്റുകളെയും താലോലിക്കാന്‍ യുവാക്കളെ പരിശീലിപ്പിച്ചുകൊണ്ടിരുന്നു.    ആദര്‍ശങ്ങളുടെ ആത്മവീര്യവും ,കണ്ണില്‍ കത്തുന്ന ക്രൌര്യവും അയാളില്‍ കണ്ടെത്താത്തതിനാലാവാം ചാവേറുകളെ പരിശീലിപ്പിക്കുന്നിടത്തേക്ക്‌ അയാള്‍ക്ക്‌ മാറ്റം ലഭിച്ചത്‌. ഒരു ബോംബിന്റെ പൊട്ടിത്തെറിക്കൊപ്പം ചിതറിത്തെറിക്കുന്ന സ്വന്തം ശരീരം , പിന്നീടുള്ള ദിനങ്ങളില്‍ അയാളുടെ കനവുകളെ ഭീതിതമാക്കിക്കൊണ്ടിരുന്നു. സുഷുപ്തി വിട്ടകന്നു. ശരീരത്തിന്റെ വിശപ്പ്‌ അവഗണിച്ചു. മനസ്സിന്റെ ദുര്‍ബലത ശരീരത്തിലേക്കും ആവാഹിക്കപെട്ടപ്പോള്‍ , അമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന കുഞ്ഞു പൈതലാവാന്‍ അയാള്‍ കൊതിച്ചു. അവരുടെ ശരീരത്തില്‍ തങ്ങി നിന്ന ചോളമണത്തിനുവേണ്ടി അയാള്‍ ഭ്രാന്തനായി..... പരിഭ്രാന്തിയുടെ ഉച്ചവെയിലിലെങ്ങോ ,അയാളിലെ മനോവിഭ്രാന്തി തിരിച്ചറിഞ്ഞ സംഘാംഗങ്ങള്‍  അയാളെ നാഴികകള്‍ക്കപ്പുറമുള്ള പഴകിയടര്‍ന്ന കാരാഗൃഹത്തിലെത്തിക്കുകയായിരുന്നു. ഇവിടെ വീണ്ടും അയാളുടെ ചിന്തകള്‍ ഋജുരേഖയിലാവുകയാണ്‌.

            യുദ്ധം എന്തിന്റെ പേരിലായാലും അത്‌ സമൂഹത്തിലെ നിസ്വരായ ജനങ്ങളെ കൊന്നൊടുക്കാനെ ഉപകരിക്കൂ. കൂടാതെ മരണത്തില്‍ നിന്നു രക്ഷപ്പെടുന്നവരെ അപമാനിക്കുകയും അപമാനവീകരിക്കുകയും ചെയ്യും. തീവ്രവാദത്തെപറ്റി കേട്ടുകേഴ്‌വി പോലുമില്ലാത്ത താനെങ്ങനെ തോക്കെടുത്ത്‌ നിറയൊഴിക്കും ?.ബെല്‍റ്റ്‌ ബോംബ്‌ അരയില്‍ തിരുകി എങ്ങനെ ജനസഞ്ചയത്തിലേക്ക്‌ നടക്കും ? ചെയ്ത പാപങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്താതെ എങ്ങനെ മരിക്കും ? നിഴലുകള്‍ ദൈവത്തെ അന്വേഷിക്കുന്നതുപോലെ അയാളുടെ തളര്‍ന്ന നോട്ടത്തിന്റെ ഉടഞ്ഞ ചീളുകള്‍ പുറത്തേക്കു നീണ്ടു. ദില്‍ഷാദ്‌ വരാതായിട്ട്‌ ആഴ്ചകള്‍ പിന്നിടുന്നു.അവസാനം കാണുമ്പോള്‍ അവള്‍ ഏല്‍പ്പിച്ചുപോയ ഈര്‍ച്ചവാളിന്റെ കൂര്‍ത്ത പല്ലുകള്‍ ആ ജനലഴികളെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നു. പുറത്തെ വെളിച്ചത്തെ ഭയപ്പെട്ടിട്ടെന്നോണം അയാല്‍ ആ ജനല്‍പ്പാളികള്‍ കൊട്ടിയടച്ചു. താഴ്‌വരയിലെവിടെയൊക്കെയോ വെടിയൊച്ചകള്‍.....എങ്ങും അസമാധാനത്തിന്റെ അലയൊലികള്‍. അയാള്‍ക്കു മുന്നില്‍ വിശപ്പ്‌ ഒരു സങ്കീണ്ണ സമസ്യയായി. പട്ടിണി തിന്ന്‌ അവിടെ മരിച്ചൊടുങ്ങിയ ആത്മാക്കളുടെ മൂളലുകള്‍ ആ പ്രേതാലയത്തെ ചൂഴ്‌ന്നു നിന്നു. വീണ്ടും വിഭ്രമത്തിന്റെ തേനീച്ചകള്‍ തലച്ചോറില്‍ മുരളുകയാണോ ?

             ഓ ജാഫര്‍ ഭായ്‌, ഖിട്കി ഖോലോനാ...അപ്രതീക്ഷിതമായാണ്‌ അവളുടെ വിളി കാറ്റിനൊപ്പം കടന്നു വന്നത്‌. സുഷിരങ്ങള്‍ വീണ ജനല്‍പ്പാളികളുടെ ചിതല്‍ശേഷിപ്പുകള്‍ അയാള്‍ അനായാസം തുറന്നു.... അവളുടെ മുഖം അപ്രസന്നമായിരുന്നു. നടപ്പാതയില്‍ പന്തലിച്ചിരുന്ന മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയാവണം സുന്ദരമായ അവളുടെ ദുപ്പട്ട കീറിതൂങ്ങിയിരുന്നു. കയ്യിലിരുന്ന കൂടയില്‍ നിന്ന്‌ ഭക്ഷണവും വെള്ളവും നീട്ടുമ്പോള്‍ അയാളുടെ കണ്ണുകളില്‍ തങ്ങിനിന്ന ചോദ്യഭാവത്തിന്‌ മറുപടിയായി ,അവളുടെ ചുണ്ടുകളില്‍ തളം കെട്ടിയ സങ്കടമണികള്‍ ഉതിര്‍ന്നുവീഴാന്‍ തുടങ്ങി....


              നീണ്ടു ചുവന്ന, നീളമുള്ള വസ്ത്രങ്ങളും ധരിച്ച്‌ , കൂര്‍ത്ത കണ്ണുകള്‍ മാത്രം പുറത്തുകാണിച്ച്‌ , തലപ്പവിന്റെ അറ്റംകൊണ്ട്‌ മുഖമാകെ ചുറ്റിമറച്ച ഏതാനും പേര്‍ തങ്ങളുടെ വീട്ടിലേക്ക്‌ കയറി വന്നതുമുതലുള്ള സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവളുടെ സ്വരം നന്നേ ഇടറിയിരുന്നു. വിളവു കഴിഞ്ഞ ചോളപ്പാടത്ത്‌ പണിയെടുത്തുകൊണ്ടിരുന്ന സഹോദരനെ അടുത്ത്‌ വിളിച്ച്‌  പതിഞ്ഞ സ്വരത്തില്‍ അവര്‍ എന്തൊക്കെയോ സംസാരിക്കുന്നതും അയാളുടെ കണ്ണുകളില്‍ ഭീതി ഇരച്ചിറങ്ങുന്നതും  അവള്‍ ശ്രദ്ധിച്ചിരുന്നു. ഏറെ നേരം നീണ്ട അവരുടെ സംഭാഷണങ്ങളും , വാഗ്വാദങ്ങളും എന്തെന്നറിയാതെ ചോളമണികള്‍ ഉതിര്‍ക്കുകയായിരുന്നു ആ അമ്മയും മകളും . അപരിചിതര്‍ തിരികെപ്പോയിട്ടും ഭക്ഷണം പോലും കഴിക്കതെ, ഒരു വാക്കും ഉരിയാടാതെ , ആര്‍ക്കും മുഖം കൊടുക്കാതെ അയാള്‍ കിടാക്കയില്‍ അമര്‍ന്നു. ഭയപ്പാടുകളുടെ സമ്മിശ്രത നിറഞ്ഞ മുഖങ്ങളെല്ലം കനത്ത മൌനത്തിന്റെ ഇരുളിലേക്കാഴ്‌ന്നുപോയി.

           പുലര്‍ച്ചെ, പൊരിച്ച ചോളമണികളില്‍ ഉപ്പിന്റെ തരി വിതറുന്നതിന്നിടെ പുത്രന്റെ ഭാവമാറ്റത്തിലുണ്ടായ ആശങ്ക പുറത്തറിയിക്കാതിരിക്കാന്‍ ആ അമ്മയ്ക്കായില്ല. പക്ഷെ അയാളുടെ വാക്കുകള്‍ മുറിഞ്ഞു. പോപ്കോണിന്റെ പായ്കറ്റുകള്‍ അടുക്കിവച്ച വണ്ടിയും തള്ളി പട്ടണത്തിലേക്ക്‌ പുറപ്പെടുമ്പോള്‍ ,രക്ത ബന്ധങ്ങള്‍ക്ക്‌ ഗാഢാലിംഗനം. കുന്നിറങ്ങി മറയും വരെയും അയാള്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. ആ നോട്ടത്തിന്റെയും ആലിംഗനത്തിന്റെയും അര്‍ത്ഥമറിയാതെ നിര്‍ന്നിമേഷരായി അവരും .....

           അന്തിച്ചുവപ്പ്‌ മാഞ്ഞ്‌ ആകാശത്ത്‌ നക്ഷത്രങ്ങള്‍ തിരിതെളിഞ്ഞിട്ടും , തിരികെയെത്താതിരുന്ന മകനെക്കാത്ത്‌ അവര്‍ മണ്‍കുടിലിലെ വിളക്കിന്റെ തിരി താഴ്ത്തിയില്ല. രാത്രി കനത്ത ഇടനേരത്തിലെപ്പോഴോ ഉറക്കത്തിന്റെ ചിലന്തി വലകള്‍. കുന്നുകള്‍ താണ്ടി കുതിര വണ്ടിയില്‍ എത്തിയ ആരോ പറഞ്ഞാണ്‌ , പട്ടണ മധ്യേ പൊട്ടിത്തെറിച്ചത്‌ നദീംഖാന്റെ വണ്ടിയായിരുന്നുവെന്ന്‌ ഗ്രാമം അറിഞ്ഞത്‌. അപരിചിതരുടെ ആഗമനോദ്ദേശ്യം അറിയാതെ പോയതിലുള്ള ഖേദം അവളുടെ വാക്കുകളില്‍ നിറഞ്ഞു. ഏതു ഭീഷണിക്കുമുന്നിലായിരിക്കാം തന്റെ സഹോദരന്‍ നദീംഖാന്‍ ഇത്തരമൊരു സാഹസത്തിന്‌ മുതിര്‍ന്നതെന്ന്‌ അവള്‍ക്കറിയില്ലായിരുന്നു. ആ കണ്ണുകളില്‍ നിന്ന്‌ ദുഃഖം ഒഴുകിയിറങ്ങി.

          ജാഫര്‍ഖാന്റെ തലച്ചോറില്‍ വീണ്ടുംതേനീച്ചകള്‍ ഇളകി. അയാള്‍ തലമുടി പിടിച്ചുവലിച്ചു. കണ്ണുകള്‍ ചുഴട്ടി. ചുമരില്‍ ചാരി അനക്കമറ്റു നിന്നു.....ഒരേ അച്ചുദണ്ടില്‍ ഭൂമി അവിരാമം കറങ്ങിക്കൊണ്ടിരുന്നു യാതൊരു മാറ്റവുമില്ലാതെ. നിയതിക്കു മുന്നില്‍ നിസ്സഹായനെങ്കിലും മനുഷ്യന്റെ അഹങ്കാരത്തിനും ക്രൂരതയ്ക്കും മാത്രം യാതൊരു നിയന്ത്രണവുമില്ല...ഈര്‍ച്ചവാളുകള്‍ ദുര്‍ബലപ്പെടുത്തിയ കമ്പികളുടെ വിടവിലൂടെ സ്വന്തം ശരീരത്തെ പുറത്തുകടത്തുമ്പോഴും , മരീചിക തെളിഞ്ഞ മണ്ണിന്റെ വിജനതയിലൂടെ സുന്ദരമായ ആ ലഹങ്കയുടെ താളത്തിനൊപ്പം നടന്നകലുമ്പോഴും പ്രതീക്ഷകള്‍ അയാളുടെ കണ്ണിലൂടെ പരന്നൊഴുകുന്നുണ്ടായിരുന്നു. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്വന്തം ജീവിത വിധിയില്‍ അജ്ഞരായി തോളറ്റം വരെ വെളുത്ത വളകളണിഞ്ഞ്‌ ഗ്രാമീണ സ്ത്രീകള്‍ അപ്പോഴും ചോളപ്പാടത്ത്‌ പണിയെടുക്കുകയായിരുന്നു. ചോളക്കതിരുകള്‍ക്കിടയിലൂടെ മുഴുതിങ്കള്‍ ഉദിക്കുമ്പോഴും ആര്‍ക്കോ വേണ്ടി ഒരു പകരക്കാരനായി അയാള്‍ അവള്‍ക്കൊപ്പം നടന്നു കയറുകയായിരുന്നു ജീവിതത്തിലേക്ക്‌.....
(ജയ കേരളം ഓൺലൈൻ മാഗസിൻ &  സൻഡേ പ്ലസ്, ‌മലയാളം ന്യൂസ്,സൗദി അറേബ്യ)

No comments:

Post a Comment