Thursday 29 August 2013


“മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റയെപ്പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയിത്തീരുന്ന ദിവസം ” (സുറ:ഖാരിഅ 4, 5 )
         അന്ത്യദിനത്തെപ്പറ്റി പരിശുദ്ധ ഖുർ ആൻ പറഞ്ഞിരിക്കുന്ന ഈ വചനങ്ങൾ പുലർന്നു കാണും വിധമുള്ള കാഴ്ചകളാണ്‌ കഴിഞ്ഞ ദിവസം സിറിയയിലെ സംഭവങ്ങൾ ടെലിവിഷനിലൂടെ കണ്ടത്. സാധാരണ കൂറകൾക്ക് മരുന്നടിക്കുമ്പോൾ, കുറേയൊക്കെ തൽസമയം തന്നെ പിടഞ്ഞ് ചാവുകയും മറ്റു കുറേയെണ്ണം പ്രാണരക്ഷാർത്ഥം ഓടിയകന്ന് കാണാമറയത്ത് കൈകാലിട്ടടിച്ച് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു. അപ്രകാരമായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ തളർന്നു വീണ്‌ ജീവൻ വെടിഞ്ഞതും മുതിർന്നവർ ദൂരേക്ക് ഓടിയകന്ന് ശ്വാസം കിട്ടാതെ കൈകൾ തൊണ്ടയിൽ പിണച്ച് മരിച്ചു വീണതും. ശരീരത്തിലും ശ്വാസകോശത്തിലും അതിക്രമിച്ചു കയറിയ വിഷത്തെ നിർവീര്യമാക്കാൻ ജലാശയങ്ങളിലേക്കും മറ്റും എടുത്തു ചാടുകയായിരുന്നു അവരിൽ പലരും. ഹൃദയമുള്ള ആർക്കും തന്നെ അധികനേരം കണ്ടിരിക്കാനാവില്ല ആ കാഴ്ചകൾ...
       
      അറിവും വിജ്ഞാനവും ഏറിവരുംതോറും മനസ്സാക്ഷി ഇല്ലാതാവുകയാണ്‌ മനുഷ്യകുലത്തിന്‌. ലോക രാഷ്ട്രത്തലവന്മാർ രാസായുധങ്ങൾ കൊണ്ടാണ്‌ കുരങ്ങുകളി നടത്തുന്നത്. കീടനാശിനികളും രാസായുധങ്ങളും ഞങ്ങൾ പ്രയോഗിക്കുക തന്നെ ചെയ്യും . ജീവൻ വേണ്ടവർ മാറി നിൽക്കുക എന്ന മലയാളി മാന്യന്റെ വിദഗ്ദാഭിപ്രായം തന്നെ ഒബാമയും മറ്റു രാഷ്ട്രത്തലവന്മാരും സ്വീകരിക്കുകയാണെങ്കിൽ സംശയമില്ല, അന്ത്യ ദിനത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി സുഹ്രുത്തുക്കളെ...

“നീയും നിന്റെ വംശവും കൂടെ മുടിഞ്ഞുപോമില്ലൊരു സംശയം മൂന്നു പതിറ്റാണ്ടു ചെല്ലുമ്പോൾ”

      എന്ന് പണ്ടു കുരുക്ഷേത്രഭൂമിയിൽ വച്ച് ഗാന്ധാരി ശ്രീകൃഷ്ണന്റെ കുലത്തെ ശപിച്ചതുപോലെ ലോകത്തിന്റെ വിവിധകോണുകളിൽ അനേകായിരം അഭിനവ ഗാന്ധാരിമാരുടെ ശാപങ്ങളും വിലാപങ്ങളും ഏറ്റുവാങ്ങേണ്ടി വരിക തന്നെ ചെയ്യും ഇതിനൊക്കെ കാരണഭൂതരായവർ.

2 comments:

  1. കൂടുതല്‍ പേര്‍ വായിക്കപ്പെടേണ്ട എഴുത്തുകളാണ് സബീനയുടെത്.
    തുടരുക,

    ReplyDelete
  2. അറിവും വിജ്ഞാനവും ഏറിവരുംതോറും മനസ്സാക്ഷി ഇല്ലാതാവുകയാണ്‌ മനുഷ്യകുലത്തിന്‌. ലോക രാഷ്ട്രത്തലവന്മാർ രാസായുധങ്ങൾ കൊണ്ടാണ്‌ കുരങ്ങുകളി നടത്തുന്നത്. (Y)

    ReplyDelete