Sunday 11 January 2015

കാമനകളാൽ നിഷ്കാസിതനായവൻ - ഖൈസ്...

      പക്ഷി മൃഗാദികൾക്കും സസ്യലതാദി കൾക്കുമുള്ള  അവകാശം മാത്രമേ മനുഷ്യനും ഭൂമിയിലുള്ളു എന്ന് സമർത്ഥിക്കുമ്പോഴും കാമം ക്രോധം ലോഭം മദം മാൽസര്യം എന്നീ അടിസ്ഥാന ചോദനകൾ അവനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു എന്നു കൂടി നാം കൂട്ടി വായിക്കേണ്ടതുണ്ട്. ജീവരാശിയിലെ വ്യതിരിക്തവർഗ്ഗമായി രൂപം വരിച്ച നിമിഷം മുതലേ  മനുഷ്യനിൽ കാവ്യകൗതുകങ്ങൾ പ്രകാശിച്ചിരുന്നുവെന്നും പിന്നീട് മനുഷ്യന്‌ മനുഷ്യനിലേക്കുള്ള താല്പര്യത്തിൽ നിന്ന് അത് സാഹിത്യരൂപമായി പിറവിയെടുത്തു എന്നും വേണം കരുതാൻ. ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കവിതകളായി പിറവിയെടുക്കുമ്പോഴും ഭാവനാലോകത്ത് അലസഗമനം നടത്താൻ ഇഷ്ടപ്പെടുന്നവരാണ്‌ കവികൾ. എഴുത്തുകാർക്കും സഞ്ചാരികൾക്കും എന്നും വിസ്മയത്തിന്റെ വാതായനങ്ങൾ മലർക്കെത്തുറന്നു കൊടുക്കുന്ന മരുഭൂമിയെ ഒടുങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് കാവ്യവൽക്കരിക്കുകയും അത് സാർത്ഥവഹകസംഘങ്ങളായ ഒട്ടകസഞ്ചാരികൾക്കും ബദവികൾക്കും പാടി നടക്കാനുള്ള സംഗീതാത്മാകമായ ലയവ്യന്യാസങ്ങളാക്കുകയും ചെയ്ത പൗരാണിക അറേബ്യയിലെ കവി ഉമ്രുൽ ഖൈസ്, തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം ചെലവഴിച്ച റിയാദിലെ മറാത്ത് എന്ന സ്ഥലം ഈയിടെ സന്ദർശിക്കാൻ ഒരവസരം ലഭിക്കുകയുണ്ടായി.

      ജാഹിലിയ്യാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി പതിവായി കാവ്യരചനയും ആലാപനവും നടത്തിയിരുന്നത് ഒരു മലമുകളിലായിരുന്നു. അതിനോട് ചേർന്ന് ചതുപ്പ് നിറഞ്ഞ കുളത്തിലാണ്‌ കവി പതിവായി കുളിക്കാനെത്തിയിരുന്നതും. ആ മല ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപത്തിൽ അതിമനോഹരമായി ആധുനികലോകം വികസിപ്പിച്ചെടുത്തെങ്കിലും, ആൾപ്പൊക്കത്തിൽ വളർന്നു ചാഞ്ഞു നിൽക്കുന്ന പുൽപ്പടർപ്പുകളും ചുറ്റിലും പേരറിയാത്ത മരങ്ങളുമൊക്കെയായി, മരുഭൂമിയുടെ മധ്യത്തിൽ അത്തരമൊരു ചതുപ്പ് നിറഞ്ഞ കുളം ഇന്നും അതേപടി  നിലനിർത്തിയിരിക്കുകയാണ്‌.  അവിടെയുള്ള ഹെറിറ്റേജ് വില്ലേജിൽ കൃത്യമായി സൂക്ഷിച്ചു വച്ചിട്ടുള്ള ആ നൂറ്റാണ്ടിലെ ചില വസ്തുക്കളും കാണികൾക്ക് കൗതുകം പകരുന്നതാണ്‌. കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ പടിഞ്ഞാറു ദിക്കിൽ വിഷാദം കൊണ്ടു ചുവന്ന്  വിടപറയാനൊരുങ്ങുന്ന സൂര്യനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം പാഞ്ഞുവന്ന സാന്ധ്യമാരുതൻ  പതിഞ്ഞ ശബ്ദത്തിൽ ഏതോ  വിരഹഗാനം മൂളിയത് മനസ്സിൽ കവിത സൂക്ഷിക്കുന്ന ആരുടേയും  ആത്മാവിനെ വ്രണപ്പെടുത്തുക തന്നെ ചെയ്യും.



       അറബി സാഹിത്യത്തിൽ പൂർവ്വഗാമികളായ കാവ്യകൗതുകങ്ങളെ കണ്ടെത്താനുള്ള ഉദ്യമങ്ങൾ ആറാം നൂറ്റാണ്ടിലെ ആ വിദൂരബിന്ദുവോളം നീളുമ്പോൾ സാഹിത്യം കൊണ്ട് ലഹരി പിടിപ്പിക്കുന്ന കാവ്യപാരമ്പര്യത്തിന്റെ ആദ്യകണ്ണിയായ ഉമ്രുൽ ഖൈസിലാണ്‌ അത് ചെന്നെത്തുന്നത്.രാജപരമ്പരയിൽ ജനിച്ചുവെങ്കിലും വിവേകം പ്രവർത്തിക്കേണ്ട പ്രായത്തിലും ബാലിശമായ കാമനകളാൽ ബന്ധിതമായി കവിതയോടും സംഗീതത്തോടും അമിതാസക്തി പുലർത്തി വേറിട്ട വഴികളിൽ സഞ്ചരിച്ചതിനാൽ അന്നത്തെ നാട്ടുരാജാവായിരുന്ന  പിതാവ് അദ്ദേഹത്തെ  രാജ്യത്തു നിന്ന് ഭ്രഷ്ടനാക്കുകയാണുണ്ടായത്. നിഷ്കാസനത്തിന്റേതായ ആ നാളുകളിൽ മദ്യവും കവിതയും സ്ത്രീസംസർഗ്ഗങ്ങളുമായി അറേബ്യൻ ഉപദ്വീപിന്റെ തലങ്ങും വിലങ്ങും കവി അലഞ്ഞു നടന്നു. ക്ഷീരപഥങ്ങളേയും നക്ഷത്ര സമൂഹങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ട് വാചാലനായി.തുടക്കവും ഒടുക്കവുമില്ലാത്തെ, കാലങ്ങൾക്കതീതമായ സഞ്ചാരമാണ്‌ പ്രണയമെന്നും, രാപ്പകലുകളുടെ ലോകത്ത് ഉടലുകളുടെ തൃഷ്ണകൾക്കാണ്‌ മുൻതൂക്കമെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. ദുനിയാവ് ആഢംബരങ്ങളുടെ അരങ്ങാണെന്നും  അത് കാമിനിമാരോടൊത്ത് ആസ്വദിക്കാനുള്ളതാണെന്നും പറയുന്നതിനോടൊപ്പം തന്നെ വിരഹത്തിന്റെ മധുരവേദനയും വര്ർണിച്ചുകൊണ്ട് കവി കാലത്തെ പലതായി വായിച്ചു.


 “ഉന്മത്തതയ്ക്ക് കീഴ്പ്പെടുമ്പോൾ
  എന്റെ ഓരോ നിശ്വാസവും
  നീയായി പരിണമിക്കുകയാണ്‌ പ്രിയേ.."

എന്ന് പൊതുവെ കവികളെല്ലാം  ഹൃദയത്തിൽ നിറഞ്ഞൊഴുകുന്ന പ്രണയ സാന്ദ്രതയെ വെളിപ്പെടുത്തുമ്പോൾ, പ്രണയത്തിന്റെ ശൂന്യത തീർക്കുന്നചുഴികളിൽ അകപ്പെട്ടു പോകുന്നവർ ആ വരികളിലെ പ്രണയത്തിന്റെ ആഴങ്ങൾ മാത്രമേ കണ്ടെടുക്കാൻ ശ്രമിക്കുന്നുള്ളു. മരുഭൂമിയിൽ കെട്ടിയുണ്ടാക്കിയിരിക്കുന്ന മൺചുവരുകളിലെല്ലാം ഞാൻ കോറിയിട്ടിരിക്കുന്നത് നിന്റെ പേരു മാത്രമാണ്‌.ഇരുൾ നിബിഢമായ ഇടനാഴിയിലും നമ്മുടെ കാലൊച്ച മാത്രമേയുള്ളു എന്നിങ്ങനെ സൃഷ്ടിയുടെ ഓരോ സന്ധിയിലും, അനന്തവിഹായസ്സിലെ ഭാരമില്ലായ്മയിലേക്ക് കുതിക്കുന്ന കവി കണ്ണടച്ച് കാതുകളടച്ച് തന്റെ കാമിനിയുടെ സ്നേഹസങ്കീർത്തനങ്ങൾക്കു മാത്രം കാതോർക്കുന്ന ഒരു തരം ആത്മലയം. ഉടലിന്റെ തടവുകാരനാണ്‌ ഞാൻ, അതിനാൽ ഏതു മനുഷ്യനും അടിസ്ഥാനപരമായി ഇഷ്ടപ്പെടേണ്ട ആ വികാരം പകർത്തുവാൻ എനിക്ക് നിറമില്ല ഭാഷയില്ല എന്നു പരിതപിച്ചുകൊണ്ട്, വികാരങ്ങൾ മാർഗ്ഗദർശനം ചെയ്യുന്ന ഇടങ്ങളിലേക്ക് മാത്രം ഖൈസ് എന്ന കവി സ്വൈരവിഹാരം ചെയ്തുകൊണ്ടിരുന്നു. മരുഭൂമിയുടെ ആകാശത്ത് നിലാവ് വെട്ടിത്തിളങ്ങുമ്പോൾ മണൽപ്പരപ്പിലോ മലമുകളിലോ ഇരുന്ന് പ്രണയാതുരനായി കാവ്യാലാപനം നടത്തിയിരുന്ന കവിയുടെ ജീവിതം ഒന്നിലേറെ ഇണകൾക്കു വേണ്ടി സമർപ്പിതമായിരുന്നു.കാറ്റടങ്ങിയ മരുഭൂമിയുടെ രാത്രികളിൽ അപരിചിതരായ ഒട്ടകസഞ്ചാരികൾ പോലും ഖൈസിനെ ഏറ്റുപാടി. ആ ലളിതകോമള പദാവലികൾ ജനഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ഒളിഞ്ഞും തെളിഞ്ഞും  ഒരു തരം ലൈംഗീക അരാജകത്വത്തിന്‌ അത് കാരണമാകുകയും ചെയ്തു. എന്നിട്ടും വികാരങ്ങളും ചിന്തകളും സ്വപ്നങ്ങളും ആവിഷ്കരിച്ച് കവി തന്റെ ദേശ കാലത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. സൗന്ദര്യത്തിന്റെ ആരാധകനായതിനാൽത്തന്നെ സുന്ദരമായതെന്തും സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള അഭിവാഞ്ജ ഒട്ടനവധി സ്ത്രീസംസർഗ്ഗങ്ങളിലേക്ക് കവിയെ വലിച്ചിഴക്കുകയും രതിവർണനകളിൽ മാത്രം തന്റെ കവിത്വം തളച്ചിടപ്പെടുകയും ചെയ്തു. കാമിനിയുമായി ശയിക്കുമ്പോഴുണ്ടാകുന്ന അനിർവ്വചനീയതകൾ സുന്ദരപദാവലികളുടെ രൂപത്തിൽ  താളാത്മകമായി അവതരിപ്പിക്കുകയും ആ പരമാനന്ദത്തെ ജീവിതദർശനമാക്കുകയും ചെയ്ത കവിയണ്‌ ഖൈസ്.ഉനൈസ എന്ന് വിളിപ്പേരുള്ള ഫാത്തിമ എന്ന യുവതിയുമായി കവിക്കുണ്ടായിരുന്ന പ്രണയം അവരുടെ ശരീരവർണനകളുടെ രൂപത്തിൽ കവി ആവിഷ്കരിച്ചിരുന്നു.



       മർത്ത്യാ, നീ അറിയേണ്ടതും സ്നേഹിക്കേണ്ടതും ഉടലിനെ മാത്രമാണെന്ന് പറയുമ്പോഴും പ്രപഞ്ചത്തിന്റെ നിയന്ത്രണം ഒരു പരാശക്തിയുടെ പക്കലാണെന്നുള്ള ധ്വനി ആ കവിതകളിൽ നിഴലിച്ചിരുന്നു. മേഘങ്ങളുടെ സഞ്ചാരവും കാറ്റിന്റെ ദിശയും നിഴലിന്റെ രൂപവും സൂര്യന്റെ ചൂടും ചന്ദ്രന്റെ ആകാശവും നോക്കി സമയവും കാലവും നിശ്ചയിച്ചിരുന്ന ആ യുഗത്തിൽ മനുഷ്യനെ ലൗകീകതയുമായി കൂടുതലടുപ്പിക്കാൻ ദിവാസ്വപ്നങ്ങളിലൂടെ  തന്റെ തൂലികയെ വലിച്ചിഴയ്ക്കുകയെന്ന ധർമ്മമാണ്‌ കവി നിർവ്വഹിച്ചത്. മേഘപാളികളിൽ നിന്നടരുന്ന ശിശിരത്തിൽ തണുത്തു വിറങ്ങലിക്കുന്ന മരുഭൂമിയെ ഒന്നാകെ തന്നിലേക്കാവാഹിക്കത്തക്കവിധത്തിൽ രതിയുടെ ഊർജ്ജം ആ രചനകളിൽ മുഴങ്ങിയിരുന്നു.വരികളുടെ കൃത്യതയിൽ അർഥമറിഞ്ഞ് ആസ്വദിക്കുമ്പോൾ ഏതൊരു സദാചാരവാദിക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു ഖൈസിന്റെ കവിതകൾ. അതുകൊണ്ടു തന്നെ പിൽക്കാലത്ത് ഇസ്ലാമിന്റെ ആവിർഭാവത്തോടുകൂടി ആരും അനുധാവനം ചെയ്യാനില്ലാതെ ഖൈസിന്റെ ഒട്ടുമിക്ക രചനകളും മണ്മറഞ്ഞുപോയി എന്നതാണ്‌ വാസ്തവം. എങ്കിലും കവിയുടെ മുഅല്ലക്കത്തുകളിൽ ചിലതിലെങ്കിലും കൊടുങ്കാറ്റുണ്ട് എന്നുവേണം കരുതാൻ, അലഞ്ഞു തിരിയുന്നതിനിടയിലെപ്പോഴോ  സ്വന്തം പിതാവിന്റെ കൊലപാതകത്തെപ്പറ്റി അറിയുകയും പിന്നീട് പിതൃഘാതകരോട് പകരം വീട്ടാനുറച്ച്  സ്വദേശത്തേക്ക് മടങ്ങിപ്പോവുകയും ചെയ്ത കവിയുടെ ജീവിതം ദ്വേഷത്തിന്റേയും പ്രതികാരത്തിന്റേയുമായി മാറുന്നുണ്ട്. നാല്പതുകളുടെ തുടക്കത്തിൽ തന്നെ കവി ലോകത്തോട് വിട പറഞ്ഞു. കവിയുടെ മരണത്തെപ്പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ടെങ്കിലും അന്ന് പടർന്നു പിടിച്ച പ്ലേഗ് എന്ന മഹാമാരിയാണ്‌ മരണകാരണമെന്നാണ്‌ പരക്കെയുള്ള വിശ്വാസം.

    അല്ലയോ സുഹൃത്തേ,
    നിങ്ങളാ മിന്നൽപ്പിണർ കാണുന്നില്ലേ
    കിരീടം ചൂടിയ മേഘങ്ങൾ
    കൈകൾ പരസ്പരമുരുമ്മുമ്പോൾ
    വാനിടം പ്രകാശത്താൽ ജ്വലിക്കുന്നത്
    സന്യാസിയുടെ വിളക്കിലെ
   തിരിയുടെ ആളൽ പോലെയാണ്‌...


       എന്നിങ്ങനെ പ്രകൃതി മനുഷ്യനോട് എങ്ങനെ താദാത്മ്യപ്പെടുന്നു എന്ന് വാക്കുകളിലൂടെ വ്യംഗ്യപ്പെടുത്തുമ്പോൾ, അറിവിന്റെ പരിച്ഛേദങ്ങളായ സൂഫി സാഹിത്യത്തോട് അതിന്‌ സാമ്യമുണ്ടോ എന്നു ചിലപ്പോൾ ശങ്കിക്കാവുന്നതാണ്‌. ഇന്ദ്രിയാതീതമായ ആ ധിഷണ പക്ഷേ യുക്തികളെയെല്ലാം തോൽപ്പിക്കുന്ന ഭൗതീകജീവിതവുമായി രമിക്കുക എന്ന ദൗർബല്യത്തിന്‌ ആത്മാവ് പണയപ്പെടുത്തിക്കളഞ്ഞു. രതിയിലൂടെ മാത്രമേ സ്വർഗ്ഗത്തിന്റെ സുന്ദരചിത്രം പൂർത്തീകരിക്കാനാകൂ എന്നും ഓരോ രാത്രിക്കവസാനവും സ്വർഗ്ഗം പിരിഞ്ഞുപോകുന്നു എന്നും വീണ്ടുവിചാരമില്ലാത്ത ജല്പനങ്ങൾ നടത്തിയപ്പോൾ വരും തലമുറയ്ക്ക് ദിശാബോധം നൽകാനാവാതെ കാലയവനികയ്ക്കുള്ളിൽ മറയേണ്ടി വന്നു കവിക്ക്. ആദർശം കൊണ്ട് വിപ്ളവം വരുത്താത്ത കവിയെ, ജാഹിലിയ്യാ കാലത്തിനു ശേഷം ഇസ്ലാം നിലവിൽ വന്നപ്പോൾ മുഹമ്മദ് നബി (സ) വിശേഷിപ്പിച്ചത് “ കവികളിൽ വച്ച് ഏറ്റവും ശ്രേഷഠനും എന്നാൽ നരകാഗ്നിയിൽ മുമ്പനും എന്നാണ്‌.

     മുഅല്ലക്കത്തുകൾ എന്നറിയപ്പെടുന്ന ആ തൂക്കു കവിതകൾ ഭാഷയിലെ ഔന്നത്യം നിറഞ്ഞ സാഹിത്യഭംഗിയും സംഗീതസാന്ദ്രതയും കൊണ്ട് പിൽക്കാലത്ത് സാഹിത്യകുതുകികൾക്ക് പ്രചോദനമാവുകയും, കവിതകളിൽ വ്യന്യസിക്കപ്പെട്ടിരുന്ന ഭാഷാചാതുരിയും വസ്തുനിഷ്ഠയാഥാർത്ഥ്യത്തിൽ നിന്ന് കാൽപ്പനീക തലത്തിലേക്ക് വസ്തുതകളെ വിക്ഷേപിക്കാനുള്ള അസാധാരണമായ കഴിവുമാണ്‌ പിന്നീട് ആ കവിതകൾ പഠനവിധേയമാകാനും ഉമ്രുൽ ഖൈസിനെ അറേബ്യൻ കവിതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാനും ഇടയായത്.

     
       അറബി സാഹിത്യം പഠിക്കുന്ന ഏതൊരാൾക്കും  ഉമ്രുൽ ഖൈസിന്റെ കവിതകൾ പഠിക്കാതെ മുന്നോട്ട് പോകാനാവില്ല.. എട്ടാം നൂറ്റാണ്ടിലാണ്‌ ആ കവിതകൾ ശേഖരിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെട്ടതും. പിന്നീട് പല ഭാഷകളിൽ പല പേരുകളിൽ ആ കവിതകളും കവിയുടെ ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ പ്രകാശങ്ങളേയും പകലെന്നും എല്ലാ ഇരുളിനേയും രാത്രിയെന്നും വിളിക്കാനാവാത്തതുപോലെ കാമവും ദ്വേഷവും ഒരുപോലെ  ജീവിതപ്പെട്ടു കിടക്കുന്ന ആ കവിതകളിലെ തീ പടർത്തുന്ന അതിവൈകാരികത പ്രത്യാശയുടെ സ്ഫുരണങ്ങളില്ലാതെ തന്നെ  ചരിത്രത്തിനു പോലും മായ്ക്കാനാവാതെ  നിലനിൽക്കുകയാണ്‌..
                                                                                                               സബീന എം സാലി





                                                                                                         


















9 comments:

  1. എഴുത്തുകാർക്കും സഞ്ചാരികൾക്കും എന്നും വിസ്മയത്തിന്റെ വാതായനങ്ങൾ മലർക്കെത്തുറന്നു കൊടുക്കുന്ന മരുഭൂമിയെ ഒടുങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് കാവ്യവൽക്കരിക്കുകയും അത് സാർത്ഥവഹകസംഘങ്ങളായ ഒട്ടകസഞ്ചാരികൾക്കും ബദവികൾക്കും പാടി നടക്കാനുള്ള സംഗീതാത്മാകമായ ലയവ്യന്യാസങ്ങളാക്കുകയും ചെയ്ത പൗരാണിക അറേബ്യയിലെ കവി ഉമ്രുൽ ഖൈസ്.

    നല്ല പരിചയപ്പെടുത്തല്‍.

    ReplyDelete
  2. നന്നായി എഴുതിയിരിക്കുന്നു സാലി. ഒരുപാടു കാര്യങ്ങൾ വളെരെ വിശദമായി വർണ്ണിച്ചുകൊണ്ടുള്ള ഈ എഴുത്ത് നല്ല മനോഹരമായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
    Replies
    1. Thank you Geetha...I am sabeena. Sali is may husband..:)

      Delete
  3. അപ്രതീക്ഷിതമായാണു ഈ മണൽഗ്രാമത്തിലെത്തിയത്...
    കാച്ചിക്കുറുക്കിയ വാക്കുകൾ...ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത മനോഹരമായ ദ്രിശ്യങ്ങൾ..
    ചെങ്കോലില്ലാതെയും ഒരു ജനതയ്ക്കുമേൽ രാജാവായി വാണവൻ..വരണ്ട മരുഭൂമിയിൽ പ്രണയത്തിന്റെ മാസ്മരികതയിൽ ജീവിതം തേടിയലഞ്ഞ പാവം യാത്രികൻ..ഉംറുൽ ഖൈസിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം നന്ദി...രചനയ്ക്ക് അഭിനന്ദനങ്ങൾ...

    ReplyDelete
    Replies

    1. മഴയോട് ഇഷ്ടം..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ പടിഞ്ഞാറു ദിക്കിൽ വിഷാദം കൊണ്ടു ചുവന്ന് വിടപറയാനൊരുങ്ങുന്ന സൂര്യനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം പാഞ്ഞുവന്ന സാന്ധ്യമാരുതൻ പതിഞ്ഞ ശബ്ദത്തിൽ ഏതോ വിരഹഗാനം മൂളിയത് മനസ്സിൽ കവിത സൂക്ഷിക്കുന്ന ആരുടേയും ആത്മാവിനെ വ്രണപ്പെടുത്തുക തന്നെ ചെയ്യും..............entallo...enthru sahityam.....satyam paranjal onum manasilayilla.....

    ReplyDelete
    Replies

    1. എല്ലാ സാഹിത്യവും എല്ലാവർക്കും മനസ്സിലായിക്കോളണമെന്നില്ല.....മനസ്സിലാകരുത് എന്ന ഉദ്ദേശ്യത്തോടെ അനോണിമസ് ആയവരെപ്പോലെ...പക്ഷേ മനസ്സിലാക്കേണ്ടവർ സാഹിത്യത്തെ മനസ്സിലാക്കും എന്നാലും പേരില്ലാത്തവരെ ഒരിക്കലും മനസ്സിലാക്കില്ല.

      Delete
  5. സ്ത്രീകളുടെ കവി എന്ന് അദ്ധേഹത്തിന് ഒരു അപരനാമമുണ്ടോ

    ReplyDelete