Sunday, 17 June 2012

പെണ്ണിടങ്ങളിലെ പ്രവാസ കാഴ്ചകൾ


               സാക്ഷരതയിലും, രാഷ്ട്രീയ പ്രബുദ്ധതയിലും ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിൽ നിന്ന്, പ്രൊഫഷണലുകൾ ജീവിതയോധനം തേടി കടൽ കടക്കുന്നതിന്‌ പ്രധാന കാരണം നാട്ടിലെ കുറഞ്ഞ വരുമാനവും, തൊഴിലിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയുമാണെന്ന് പറയാമെങ്കിലും, എളുപ്പവഴിയിൽ അതിവേഗം പണമുണ്ടാക്കുകയെന്ന ലക്ഷ്യവും അതിനോട് നാം കൂട്ടിവായിക്കേണ്ടതാണ്‌. ഇത്തരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ബ്രെയ്ൻ ഡ്രെയ്ൻ നമ്മുടെ രാജ്യത്തിന്‌ ഒരു വിധത്തിൽ ഗുണവും മറ്റൊരു വിധത്തിൽ ക്ഷീണവും തന്നെയാണ്‌. പുറമേക്ക്, പ്രൊഫഷണലുകളുടെ ഒഴുക്ക് തുടരുന്നത്, രാജ്യത്തിന്റെ വിദേശ നാണ്യ സമ്പാദനത്തിൽ മുതൽക്കൂട്ടാവുമ്പോൾ, മറുവശത്ത് ദേശത്തിന്റെ കർമ്മമണ്ഡലത്തിൽ ഇവരുടെ കാര്യശേഷിയുടെ കുറവ് നമ്മുക്കനുഭവപ്പെടുകയും ചെയ്യുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും മനക്കരുത്തിന്റെ പിൻബലത്തിൽ പിടിച്ച് നിൽക്കാൻ  പുരുഷന്മാർക്ക് കഴിയുമെങ്കിൽ, വിദേശ തൊഴിലിലേക്കിറങ്ങിത്തിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കാം? മാറിയ തൊഴിൽ സാഹചര്യങ്ങളിൽ എന്തെല്ലാം പ്രശ്നങ്ങളാവും അവർ അഭിമുഖീകരിക്കേണ്ടി വരുന്നത്? ഞങ്ങൾ ആദാമിന്റെ വാരിയെല്ലുകളല്ല എന്ന മോഡേൺ ഫെമിനിസ്റ്റ് ചിന്താഗതിക്കാരായിരിക്കില്ല അവർ ഒരിക്കലും.  
               കടൽ കടക്കുമ്പോൾ പുരുഷന്റെ കൈത്താങ്ങ് അവൾക്ക അത്യന്താപേക്ഷിതം തന്നെയാണ്‌ . കുടുംബം കൂടെയുള്ളവർ, പിന്തുണയുടെ കരുത്തിൽ ജോലി ചെയ്യുമ്പോൾ, നാടും വീടും ബന്ധുക്കളും അകന്ന് ഒറ്റയ്ക്ക് എത്തിപ്പെടുന്നവരാണ്‌ തീരാ വേദനയും മാനസീക പിരിമുറുക്കങ്ങളുമായി കഴിയുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ എല്ലാ തൊഴിൽ മേഖലകളിലും മലയാളി സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവുന്നുണ്ടെങ്കിലും അറേബ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ സ്ത്രീ പങ്കാളിത്തം പ്രധാനമായും ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ രംഗത്തും പിന്നെ വീട്ടുജോലിക്കാരി എന്ന ഖദ്ദാമപ്പണിയിലും ഒതുങ്ങുന്നു. അറബി ഭാഷയിൽ പ്രാവിണ്യമില്ലായ്മ, സ്വദേശികളുടെ വിദ്യഭ്യാസ മേഖലയിൽ ചുരുക്കം ചില സ്ത്രീകൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലേക്ക് ഒതുങ്ങുന്നതല്ലാതെ, മറ്റു അറബ് വംശജരെപ്പോലെ ഈ രംഗത്ത് തിളങ്ങുവാൻ നമ്മുടെ സ്ത്രീകൾക്ക് സാധിക്കുന്നില്ല. വിദേശികളുടെ കുട്ടികൾക്കായുള്ള ഇന്റർ നാഷണൽ സ്കൂളുകളിൽ ജോലി ചെയ്യുന്നവരാണ്‌ സിംഹഭാഗവും അദ്ധ്യാപികമാർ. ബിരുദങ്ങളുടെ പിൻബലത്തിൽ വെള്ളക്കോളറുകാരായി ഇവിടെ ജോലി ചെയ്യുന്നവർ വൻ പ്രതിമാസ വരുമാനം കൈപ്പറ്റുമ്പോൾ രാപ്പകൽ കഠിനാദ്ധ്വാനം ചെയ്തിട്ടും തുച്ഛ ശമ്പളം കൈപ്പറ്റുന്നവരാണ്‌ ഖദ്ദാമമാരെന്ന വീട്ടുജോലിക്കാരും മറ്റും. ഏതു ജോലിക്കും അതിന്റേതായ ഗുണദോഷങ്ങൾ ഉള്ള സ്ഥ്തിക്ക് , സ്വമനസ്സാലേ കർത്തവ്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നവർക്ക് ഇടയ്ക്ക് വച്ച് പിന്തിരിയാനാവുന്നതല്ല. രോഗവും നാശവുമാണ്‌ വിധിയെന്നറിഞ്ഞിട്ടും വേശ്യകൾ വ്യഭിചരിക്കുന്നില്ലേ?, വീണുമരിച്ചേക്കമെന്ന് ഉറപ്പുണ്ടായിട്ടും ട്രപ്പീസുകളിക്കാരൻ കളി തുടരുന്നില്ലേ? അതുപോലെ തന്നെയാണ്‌ പ്രവാസത്തിന്റെ അന്തരാവസ്ഥയും. മറ്റുള്ളവർക്കുവേണ്ടി സ്വന്തം അദ്ധ്വാനവും ആയുസ്സും സമർപ്പിക്കുകയാണെന്ന് തിരിച്ചറിവുണ്ടായിട്ടും അവർ കർമ്മനിരതരാവുന്നു. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവർക്ക് ചൂടും വെളിച്ചവും നൽകുന്ന സൂര്യ തേജസ്സുപോലെ അമ്മ, മകൾ, ഭാര്യ, പെങ്ങൾ  എന്നീ പദവികളിൽ നിന്നുകൊണ്ടുതന്നെ വിരഹത്തിന്റെ വേദന നെഞ്ചേറ്റി അവർ സമ്പാദിച്ചു കൂട്ടുന്നു. കുടുംബത്തിന്റെ ഉന്നമനത്തിനായി , ബന്ധങ്ങളുടെ ഉണർവ്വിനായി.
    
                  പത്തു വർഷം മുമ്പ്, ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം ലഭിച്ച എനിക്ക്, നാട്ടിലെയും ഇവിടുത്തെയും തൊഴിൽ സാഹചര്യം താരതമ്യപ്പെടുത്തുമ്പോൾ നല്ലതു മാത്രമേ പറയാനുള്ളു. സ്വദേശികളുടേയും വിദേശികളുടേയും ശമ്പള വ്യവസ്ഥിതിയിൽ ,അവർ ഒരു പോലെ ജോലി എടുക്കുന്നവരാണെങ്കിൽ കൂടിയും ഏറ്റക്കുറവുകൾ ഉള്ളത്, അവരുടെ രാജ്യത്തെ അവരുടെ അവകാശമെന്ന നിലയ്ക്കും, നമ്മൾ ഇവിടെ സാമ്പത്തിക അഭയാർത്ഥികാളാണെന്ന നിലയ്ക്കും വകവച്ചു കൊടുത്തേ മാതിയാവൂ. തൊഴിൽ സംരക്ഷണവും, അവകാശങ്ങളും ഉറപ്പു വരുത്തുവാൻ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും, ഇവിടെ സമാധാനപരമായി ജോലി ചെയ്ത് മാന്യമായ വരുമാനം ലഭിക്കുന്നതിനാൽ അവയുടെ പിറകെ പോകാൻ നാമൊക്കെ വിമുഖരാണ്‌. ശരീ അത്ത് നിയമ വ്യവസ്ഥിതി നിലവിലുള്ള രാജ്യത്ത് അച്ചടക്കവും,നിയമം അനുസരിക്കലും ആരെയും പ്രത്യേകമായി ഉണർത്തേണ്ട കാര്യമില്ല. മരുന്നുകൾ കൈകാര്യം ചെയ്യുമ്പോൾ ബ്രാൻഡുകളുടെ അതി പ്രസരണം, നാട്ടിലെ അപേക്ഷിച്ച് കുറവായതിനാൽ മരുന്നു മാറിക്കൊടുക്കുക എന്ന റിസ്ക് ഫാക്ടർ ഇവിടെ നമ്മെ അലട്ടുന്നില്ല.
    
               പുരുഷന്മാരിൽ നിന്നു വ്യത്യസ്തമായി ഇവിടെ തൊഴിലിനെത്തുന്ന വനിതകൾക്ക്, ചില പ്രൊഫഷണുകൾക്കൊഴികെ ഫാമിലി വിസ ഇവിടുത്തെ സർക്കാർ അനുവദിക്കുന്നില്ല. മറിച്ച് അവർക്ക് സുരക്ഷിതവും സുഖകരവുമായ താമസവും, ഭക്ഷണവും, യാത്രാ സൗകര്യങ്ങളും അനുവദിച്ചുകൊടുക്കും. പുതിയ നിയമ വ്യവസ്ഥയുടെ ഇളവുകൾ പ്രകാരം , കുടുംബത്തെ
 സന്ദർശക വിസയിൽ കൊണ്ടുവരാൻ സാധിക്കും എന്നത് നേട്ടം തന്നെയാണെങ്കിലും, അങ്ങനെയെത്തുന്നവർക്ക് തൊഴിൽ ചെയ്യാനുള്ള അവകാശമില്ലാത്തതിനാൽ വീട്ടിലിരുന്ന് മുഷിയുകയേ അത്തരം ഭർത്താക്കന്മാർക്ക് നിവൃത്തിയുള്ളു. ട്രാൻസ്ഫർ ലഭ്യമാകാനുള്ള ബുദ്ധിമുട്ടുകൾ നിമിത്തം ഭാര്യയും ഭർത്താവും വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവരും ഉണ്ട്. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രം പരസ്പരം കണ്ടുമുട്ടുന്ന ഇത്തരം പ്രവാസികളിലെ പ്രവാസികൾ മിക്കവാറും കുട്ടികളെ നാട്ടിൽ ഏല്പിച്ചാണ്‌ ഇവിടെ കഴിയുന്നത്. ഇത്തരം അകന്നു നിൽക്കലുകൾ  സൃഷിടിക്കുന്ന മാനസിക വ്യഥകൾ ചില്ലറയല്ല. സർക്കാർ ജോലി സംബന്ധമായി ഇവിടെയെത്തുന്ന ഒരു വിഭാഗം നഴ്സുമാരെങ്കിലും  മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പോസ്റ്റിംഗ് ലഭിക്കുന്നവരാണ്‌. ഇപ്പോഴും കറന്റും വെള്ളവുമില്ലാതെ, രാത്രിയുടെ യാമങ്ങളിൽ ഒട്ടക ശല്യത്തിന്റെ ഭീതിയിൽ മങ്ങിയ വെളിച്ചം പൊലിയുന്നിടത്ത്, ആകാശവും മരുഭൂമിയും ഇരുളിൽ ലയിക്കുന്നിടത്ത്, വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്കു വേണ്ടി സ്ഥാപിതമായ ഹെൽത്ത് സെന്ററിൽ, പുറംലോകത്തെ അറിയാതെ അവർ പണിയെടുക്കുന്നു. മാസത്തിലൊരിക്കൽ അകലെയുള്ള ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വെള്ളവും അവശ്യ സാധനങ്ങളും ശേഖരിക്കുന്ന അവർക്ക്, മൊബൈൽ ടവറുകളുടെ അഭാവത്തിൽ പലപ്പോഴും ആശയ വിനിമയം ദൂരങ്ങളിലേക്ക് സധ്യമാകാറുമില്ല.
    
               മറ്റു രാജ്യങ്ങളിലെപ്പോലെ, ദിവസക്കൂലിക്ക് കെയർടേക്കറുകളായി നഴ്സുമാർ രോഗി പരിചരണത്തിനെത്തുന്നത് ഇവിടെ കുറവാണ്‌. ഏതെങ്കിലും പ്രൈവറ്റ് ഏജൻസിയുടെ റിക്രൂട്ട്മെന്റ് തട്ടിപ്പിന്‌ ഇരയായി അത്തരം സാഹചര്യത്തിലെത്തിപ്പെട്ടെങ്കിലേ ഉള്ളു. നമ്മുടെ നാട്ടിലെപ്പോലെ ഇവിടെ നഴ്സിംഗ് അസിസ്റ്റന്റുമാർ ഇല്ലാത്തതിനാൽ അത്യാസന്ന നിലയിലും അബോധാവസ്ഥയിലും കഴിയുന്ന രോഗികളുടെ എല്ലാവിധ പരിചരണവും ഡ്യൂട്ടി നഴ്സ് തന്നെ ചെയ്തുകൊടുക്കേണ്ടതായിട്ടുണ്ട്. പലപ്പോഴും കൃത്യ നിർവ്വഹണത്തിനിടയിൽ ഇത്തരക്കാർ ആവശ്യമായ മുൻകരുതലുകളുടെ അഭാവത്തിൽ ഗുരുതരമായ പകർച്ച വ്യാധികൾ സ്വയം ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നു. മനുഷ്യ സമൂഹത്തെയാകമാനം ഒരിക്കൽ മുൾമുനയിൽ നിർത്തിയ പന്നിപ്പനി രോഗ ബാധിതരെ ശുശ്രൂഷിച്ച എത്രയധികം നഴ്സുമാരാണ്‌ അസുഖ ബാധയേറ്റ് ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഹെപ്പറ്റൈറ്റിസ് പോലുള്ള അസുഖങ്ങളും ഇങ്ങനെ ലഭിച്ചതിന്റെ അനുഭവ സാക്ഷ്യങ്ങൾ പലർക്കുമുണ്ട് പറയാൻ. എയിഡ്സ് രോഗിയെ പരിചരിച്ചതിന്റെ കാലയളവിലെപ്പോഴോ അറിയാതെ കയ്യിൽത്തറച്ച സൂചിമുനയിലൂടെ രോഗാണു ആവാഹിക്കപ്പെട്ട്, മാറാരോഗത്തിനടിമയാവുകയും സ്വദേശത്തേക്ക് കയറ്റിവിടുകയും ചെയ്ത് അവസാനം മരണത്തിന്‌ കീഴടങ്ങേണ്ടിയും വന്ന ഫിലിപ്പിനൊ നഴ്സിന്റെ ദുരന്തം  ബാക്കിയുള്ളവർക്ക് ഇന്നും പേടി സ്വപ്നമാണ്‌. എന്നിട്ടും കർത്തവ്യത്തിന്റെ പാത തിരഞ്ഞെടുത്ത ഇവർ ഇടയ്ക്കു വച്ച് പിന്തിരിയുന്നില്ല.  ആതുര രംഗത്ത് പ്രവർത്തിക്കുന്ന ഈ വെളുത്ത മാലാഖമാരുടെ സേവനം നമ്മുക്ക് ഒഴിവാക്കാനാവുന്നതല്ലല്ലൊ. നാട്ടിലെ അവസ്ഥ താതമ്യപ്പെടുത്തുമ്പോൾ നട്ടെല്ലുപൊട്ടി പത്തുമണിക്കൂർ ജോലി ചെയ്താലും മാറിമാറി വരുന്ന സർക്കാരുകളുടെ അനാസ്ഥമൂലം തുച്ഛ ശമ്പളവും അവഗണനയും മാത്രം അനുഭവിക്കേണ്ടി വരുന്നവരെ അപേക്ഷിച്ച് ഇവിടുത്തെ നഴ്സിംഗ് ജോലി എത്രയോ ഭേദമാണെന്നാണ്‌ എനിക്ക് തോന്നുന്നത്.
    
                എല്ലാ രംഗത്തെയും പോലെതന്നെ ആരോഗ്യ മേഖലയിലും സൗദി വൽക്കരണം നടപ്പക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പലരും ഇന്ന് പിരിച്ചുവിടൽ ഭീഷണിയുടെ നിഴലിലാണ്‌. രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി വിവിധ പ്രവിശ്യകളിൽ സ്ഥാപിതമായ മെഡിക്കൽ കോളേജുകളിൽ നിന്ന് നിരവധി സ്വദേശികൾ ബിരുദധാരികളായി പുറത്തു വരുന്നത് മൂലവും, അടിസ്ഥാന യോഗ്യത ജനറൽ നഴ്സ്ംഗിൽ നിന്ന് ബി ഏസ് സി നഴ്സിംഗ് ആക്കിയതിനാലും നിരവധി പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പാരാ മെഡിക്കൽ രംഗവും ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഏതു നിമിഷവും ഒരു തിരിച്ചു പോക്ക് മനസ്സിൽ കരുതിക്കൂട്ടിയിരിക്കുന്നവരാണ്‌ എല്ലാവരും തന്നെ. വിദേശത്ത് ജോലി ലഭിക്കാനുള്ള എളുപ്പ വഴി നഴ്സിംഗ് പഠിക്കുകയാണെന്ന ധാരണയിൽ പഠിച്ചിറങ്ങി, നേരെ ഡൽഹിക്കോ, മുംബൈയിലേക്കോ വണ്ടി കയറുന്നവരായിരുന്നു പലരും. അവിടെയുള്ള പ്രൈവറ്റ് ഏജൻസികൾ വഴി വിദേശത്തേക്ക് പറക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ജനറൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് നിർത്തലാക്കിയത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക വൻ തിരിച്ചടിയാണ്‌. ഹിമയുഗത്തിൽ തണുപ്പിനെതിരെ പൊരുതിയ ആദിമ മനുഷ്യൻ ജീവിതം ഒരുതരം ചൂടായാണ്‌ കരുതിയത്. എന്നതുപോലെ ഇവിടെ ജീവിതം പരമാനന്ദത്തിലാണെന്ന ധാരണയിൽ പഠിച്ചിറങ്ങുന്നവരൊക്കെയും വിദേശ ജോലിക്കു വേണ്ടി പായുന്നു. ഇക്കരെ നിന്നാൽ അക്കരെപ്പച്ച എന്നല്ലാതെ എന്തു പറയാൻ.
                 സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ ശമ്പളത്തിന്‌ 12 മണിക്കൂർ ജോലി ചെയ്യുന്നവർ, മറ്റു സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ സ്ഥിതി പലപ്പോഴും പരിതാപകമാണ്‌. കണ്ണുകൾക്കിരുവശവും പട്ട വച്ചു കെട്ടിയ കുതിരകളെപ്പോലെയാണവർ. അവർക്ക് കടിഞ്ഞാണുകളുണ്ട്. യജമാനന്റെ ഇഷ്ടത്തിനൊത്ത് തെളിക്കുന്ന കടിഞ്ഞാൺ. ചികിത്സാ സൗകര്യങ്ങളോ കൃത്യമായ ശമ്പളമോ ലഭിക്കാത്ത അത്തരക്കാർ ചിരിക്കുമ്പോഴും ഉള്ളിൽ തേങ്ങിക്കരയുന്നവരാണ്‌. എങ്കിലും മറ്റു അറബ് രാജ്യങ്ങളിലും മറ്റും കണ്ടു വരുന്നതുപോലെ സ്ത്രീ വാണിഭവും മറ്റും സൗദിയിലെ കർക്കശ നിയമ പരിധിക്കുള്ളിൽ സാധ്യമാവുകയില്ലെന്നുള്ളത് നമുക്കെല്ലാം നിർഭയത്വം നൽകുന്ന വസ്തുത തന്നെയാണ്‌. കൂടാതെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും സഹായമെത്തിക്കാനുമൊക്കെയായി നിരവധി സംഘടനകൾ കർമ്മോന്മുഖമാണെന്നുള്ളത് ഭയ രഹിതമായി ജോലിയെടുക്കാൻ സ്ത്രീ തൊഴിലാളികളെ പ്രേരിപ്പിക്കുന്നു. ചതിക്കുഴികളിൽ വീണും വിലപിച്ചും, ഏറ്റെടുത്ത നിയോഗങ്ങൾ പൂർത്തിയാക്കാൻ പെടാപ്പാടു പെടുന്നവർക്ക് വലിയൊരനുഗ്രഹമാണ്‌ ഇത്തരം സാമൂഹിക സംഘടനകൾ.

നിസാ ബീഗം : കൊല്ലം അഞ്ചൽ സ്വദേശിനി റിയാദിനടുത്ത് ജലാജിൽ എന്ന സ്ഥലത്ത് പത്ത് വർഷത്തോളമായി ഗവണ്മെന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സ് ആയി ജോലി ചെയ്യൂന്നു. നാട്ടിൽ ഗവണ്മെന്റ് ജോലിയുള്ളത് രണ്ടു തവണ ലീവ് പുതുക്കിയെങ്കിലും കേരള സർക്കാരിന്റെ പുതിയ നിയമ വ്യവസ്ഥയുടെ ഭാഗമായി തിരിച്ചുപോകണമോ അതോ ഇവിടെ തുടരണോ എന്ന ആശങ്കയുടെ നിഴലിൽ.

റോബിയ ജേക്കബ് : കാസർക്കോടു നിന്ന് ആതുര ശുശ്രൂഷാർത്ഥം ജോലി തേടി സൗദി അറേബ്യയിലെത്തി. റിയാദിനടുത്ത് ഹോത്ത സുദൈറിൽ ജോലി ചെയ്യുന്നു. സൗദി അറേബ്യയെപ്പറ്റി നിലവിലുണ്ടായിരുന്ന വിശ്വാസങ്ങളൊക്കെ തിരുത്തിയാണ്‌ അവർ ഏഴാം വർഷവും ഇവിടെ തുടരുന്നത്. തലയ്ക്ക് തല, കൈയ്ക്ക് കൈ എന്ന ശരീ അത്ത് നിയമത്തെ ഭീകരതയിലേക്ക് ഒരിക്കലും വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. കുടുംബവും കുട്ടികളുമായിക്കഴിയുന്ന ജോലിക്കരായ സ്ത്രീകൾക്ക് ചെറിയ കുട്ടികളുടെ പകൽ സമയ സംരക്ഷണം ഒരു സമസ്യയാണ്‌. അതിനു വിരുദ്ധമായി സ്വന്തം തൊഴിലിടത്തിലെ സൗഹൃദപരതകൊണ്ട് ഒരു വയസ്സുള്ള മകളെയും കൂട്ടിയാണ്‌ റോബിയ ജോലിക്കെത്തുന്നത്. നമ്മുടെ നാട്ടിൽ ഏത് ഗണ്മെന്റ് അല്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഇങ്ങനെയൊരു സൗകര്യം ലഭിക്കും. വിശ്വാസപരമായ വൈജാത്യങ്ങൾ ഉണ്ടെങ്കിലും ഇഴപിരിയാനാവാത്ത ഒരാത്മ ബന്ധം ഈ രാജ്യത്തോടുണ്ടെന്ന് റോബിയ സാക്ഷ്യപ്പെടുത്തുന്നു.

ഷാഹിദ അഷറഫ് :പത്തനംതിട്ട സ്വദേശിനി മജ്മയിലെ ആശുപത്രിയിൽ നഴ്സാണ്‌. നാട്ടിലേക്കാൾ വർക്ക്ലോഡും ടെൻഷനും കുറവാണെന്ന് അഭിപ്രായപ്പെടുന്നു. നമ്മുടെ നാട്ടിലെ പ്രബുദ്ധരായ രോഗികളെപ്പോലെ, ഇവിടുള്ളവർ അവരെ ശുശ്രൂഷിക്കുന്നവരെ ചോദ്യം ചെയ്യാറില്ല. ഇവിടുത്തെ സ്ത്രീയുടെ തൊഴിലിടങ്ങളെ , നാട്ടിലെ തൊഴിൽ ഇടങ്ങളുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, ഒരു പ്രൊഫഷണൽ എന്ന നിലയ്ക്ക് സ്ത്രീയ്ക്ക് അങ്ങേയറ്റം ബഹുമാനം ഈ രജ്യക്കാർ നൽകുന്നു.
     പടിഞ്ഞാറൻ രാജ്യങ്ങളിൽ കാണപ്പെടുന്നത് പോലെ ഒരിക്കലും ഒരു ദാസ്യപ്പണിയുടെ ലേബൽ ഇവർക്ക് നൽകുന്നില്ല. സ്വകാര്യ മേഖലയെ വച്ചു നോക്കുകയാണെങ്കിൽ ഈ രംഗത്ത് യാതൊരു വിധ പീഢനങ്ങൾക്കൊന്നും വകുപ്പില്ല. സ്ത്രീയോട് മാന്യമായും, സമത്വ ഭാവനയോടും ഇടപെടുന്ന സ്വദേശികളും മറ്റു രാജ്യക്കാരുമായ സഹ പ്രവർത്തകരെപ്പറ്റിയും നല്ലതു മാത്രമേ പറയാനുള്ളു.
  സ്വകാര്യ ആശുപത്രി അടുത്തില്ലാത്ത ഉൾപ്രദേശങ്ങളിൽ പ്രസവക്കേസ്സുകളും കൈകാര്യം ചെയ്യേണ്ടത് ഈ നഴ്സുമാർ തന്നെയാണ്‌. രാത്രിയുടെ ഇരുണ്ട യാമത്തിലെപ്പോഴോ ഇത്തരത്തിൽ ഒരു സ്ത്രീയുടെ പ്രസവത്തിന്‌ സാക്ഷിയാവേണ്ടിവന്ന അനുഭവം നിസാ ബീഗം പറയുന്നു. കുട്ടിയുടെ തല അൽപം വലുതായതിനാൽ പ്രസവം പൂർത്തിയാവാതെയും, ബ്ളീഡിംഗ് നിൽക്കാതെയുമുള്ള അവസ്ഥയിൽ , ആ രൂപത്തിൽ തന്നെ അമ്മയെയും കുഞ്ഞിനെയും പിക്കപ്പ് വാനിന്റെ പിന്നിൽ കിടത്തി പ്രധാന ആശുപത്രിയിൽ എത്തിച്ച്‌ രണ്ടു ജീവനുകൾ രക്ഷിച്ചതിന്റെ ചാരിതാർത്ഥ്യം ആ വാക്കുകളിൽ തുടിച്ചെങ്കിലും ആ ഓർമ്മകൾ ഭീതിതമായിരുന്നുവെന്ന് ആ കണ്ണുകൾ വിളിച്ചോതി.

            (2011 ജനുവരി ലക്കം സൗദി ടൈംസ്   മാഗസിൻ‍ , മിഡിൽ ഈസ്റ്റ്)No comments:

Post a Comment