Friday, 15 June 2012

ചോര ചൊരിയാതെ ഒരടയാളവും ബാക്കിയാവുന്നില്ല......


            ബോധവും ഉന്മാദവും എതിർദിശകളിൽ നിന്നൊഴുകിയെത്തി, ശരീരത്തിന്റെ അറിയപ്പെടാത്ത അഴിമുഖങ്ങളിലേക്ക് നങ്കൂരമിടുമ്പോൾ അവ പലപ്പോഴും ശരീരത്തിലും മനസ്സിലും ചില അടയാളങ്ങൾ ശേഷിപ്പിക്കാറുണ്‌ട്. അവ, ഓർമ്മകളെ ജീവിതത്തിന്റെ വ്യത്യസ്ത കാലങ്ങളിലേക്കും അനുഭവങ്ങളിലേക്കും നമ്മെ നയിക്കും. ജന്മനാ ലഭിക്കുന്ന അടയാളങ്ങൾ മറുകുകളായോ, കാക്കപ്പുള്ളികളായോ വ്യക്തികളിൽ വ്യതിരിക്തത തീർക്കുമ്പോൾ, അനുഭവങ്ങൾ ബാക്കിവയ്ക്കുന്ന അടയാളങ്ങൾ, ഓർമ്മകളെ ഗതകാലത്തിലേക്ക് പിൻനടത്തും. അവയിൽ ചിലത് ആഹ്ളാദച്ചിലങ്ക കുലുക്കി, വാസന സോപ്പിന്റെ ഗന്ധങ്ങൾപോലെ മനസ്സിന്റെ മടിത്തട്ടിലിരുന്ന്‌ മൂളിപ്പാട്ട് പാടുമ്പോൾ, മറ്റു ചിലത് തൊലിപ്പുറത്ത്‌ കനലുപോലെ പുകഞ്ഞുകിടക്കും. അനുഭവങ്ങളുടെ തീക്ഷണത ഒരു പക്ഷേ ആ അടയാളങ്ങളിൽ നിന്ന് വീണ്‌ടും ചോരയിറ്റിച്ചേക്കാം. രക്തം ചൊരിയപ്പെടാതെ ഒരടയാളവും ബാക്കിയാവുന്നില്ല തന്നെ. തൊലിപ്പുറത്തെ അടയാളങ്ങൾ പലതും ആത്മാവിൽ തീർത്ത നിത്യ സ്മാരകങ്ങളാവുമ്പോൾ , അവയെക്കാളൊക്കെയുപരിയായി, വാക്കുകൾ മൂലമുണ്‌ടാവുന്ന അക മുറിവുകൾ ഹൃദയത്തെ നിത്യ ശൂന്യതയിലേക്ക് നയിച്ചേക്കാം. മറവി മനുഷ്യ സഹജമാണ്‌. എങ്കിലും മറവികൾക്കതീതമായി അവയ്ക്കുമേൽ അള്ളിപ്പിടിച്ചിരിക്കുന്ന ചില അടയാളങ്ങളുടെ സ്നിഗ്ദമായ ഓര്ർമപ്പെടുത്തലുകളാണിവിടെ....

           ഗർഭപാത്രത്തിലെ ചൂടിൽ നിന്ന്‌ പുറത്തിറങ്ങാൻ വെമ്പുന്ന ഓരോ കുഞ്ഞും, പൊക്കിൾക്കൊടി ഭേദിച്ച് അമ്മയുടെ ശരീരത്തിൽ എന്നെന്നേക്കുമായി ഒരടയാളം ബാക്കിവയ്ക്കുന്നു. പൂർണ്ണതയോടെ ഈ ലോക സൗകുമാര്യങ്ങളിലേക്ക് കൺതുറക്കുന്ന ശിശുവിന്റെ ശരീരത്തിലെ ആദ്യ തിരിമുറിവും അതോടെ നാഭിയിൽ മുദ്രവയ്ക്കപ്പെടുന്നു.  ജീവിതത്തിന്റെ അപരിചിതവഴികൾ താണ്‌ടിക്കയറി, ശിശുവിൽ നിന്ന് പൂർണ്ണതയിലെത്തിയ ഒരു സ്ത്രീയിലേക്കുള്ള പരിണാമത്തിനിടയിൽ ,നിരവധി മാറ്റങ്ങൾ ശരീരം കൊണ്‌ടും മനസ്സുകൊണ്‌ടും. അവൾക്ക് ഏറ്റെടുക്കേണ്‌ടി വരുന്നു.അമ്മിഞ്ഞപ്പാലിൽ നിന്ന് ,ചെന്നിനായകത്തിന്റെ രുചി, രസനകൾ ഏറ്റുവാങ്ങുന്നതിനു മുന്നേ, ഇടത്തെ ചുമലിൽ പതിഞ്ഞിട്ടുണ്‌ടാവും രോഗ പ്രതിരോധത്തിനായി ഏറ്റുവാങ്ങുന്ന ബി.സി.ജി അടയാളം. ഒരു കുന്നിക്കുരുവിന്റെ വലിപ്പത്തിൽ നിന്ന് കാലക്രമേണ ഇരുപത്തഞ്ചു പൈസാ നാണയ അളവിലേക്ക് അത് ഒരു മുദ്രയായി വികസിക്കും, ഉറയ്ക്കാത്ത ബോധതലങ്ങളെ ഓർമപ്പെടുത്താൻ. അമ്മയുടെ മടിയിൽ നിന്നിറങ്ങി ബാല്യം പിച്ചവയ്ക്കാൻ തുടങ്ങുമ്പോൾ തൊടിയും മൈതാനവും കീഴടക്കാനുള്ള വെമ്പലിൽ, കല്ലു തട്ടിയും കാലിടറി വീണും ഏറ്റുവാങ്ങുന്ന പരിക്കുകളിൽ പലതിനെയും കാലം ചിന്തേറിട്ട് മിനുക്കിയെടുക്കുമെങ്കിലും മറ്റു ചിലത് മായാത്ത നിത്യസ്മാരകങ്ങളായി ജീവിതാവസാനം വരെ സഹയാത്ര ചെയ്യും.

             കാട്ടിൽ പോവാം, കൂട്ടിൽ പോവാം, ആനയെ കണ്‌ടാൽ പേടിക്കുമോ എന്നു ചോദിച്ച് കണ്ണിലൂതുന്ന ബാല്യ കാലം... വിദ്യാലയത്തിൽ നിന്നുള്ള മടക്കയാത്രയിൽ വീട്ടിലേക്കുള്ള ഇടവഴിയെത്തുമ്പോഴേ ഊരിപ്പിടിച്ചിട്ടുള്ള യൂണിഫോമും ബാഗും ഉമ്മറപ്പടിയിലേക്കെറിഞ്ഞ് , പെറ്റിക്കോട്ടിന്റെ വേഷപ്പകർച്ചയുമായി, ആ കൂട്ട ഓട്ടങ്ങൾ നിലയ്ക്കുന്നത് നാട്ടുമാവിൻ ചുവട്ടിലെ ചുനമണത്തിലായിരിക്കും. അന്നൊക്കെ, മാങ്കുലകളുടെ ഞെട്ടിനെ ലക്ഷ്യമിട്ട് പായുന്ന കല്ലുകൾ ഉന്നം തെറ്റിപ്പതിച്ചുണ്‌ടാവുന്ന മുറിവുകളിൽ കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് ചാറ്‌ ഇറ്റിക്കും, പിന്നെ ഇളം തെങ്ങിന്റെ പുതു മടലുകൾക്കുമീതെ പറ്റിയിരിക്കുന്ന പൊടി ചുരണ്‌ടി മുറിവ് മൂടും. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസിനു പോലുമില്ലാത്ത കൈവഴക്കം..... മണിക്കൂറിന്‌ ഒരു രൂപ നിരക്കിൽ വാടകയ്ക്ക് ലഭിക്കുന്ന സൈക്കിളിനെ വിറളിപിടിച്ച കുതിരയെ മെരുക്കുംപോലെ ആയാസപ്പെട്ട് മെരുക്കുകയും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സവാരി നടത്തുകയും ചെയ്യുമ്പോഴൊരിക്കലാണ്‌, കുരിശുപള്ളിയുടെ മുന്നിൽ പെരുന്നാളാഘോഷത്തിന്‌ തോരണം കെട്ടാനിട്ടിരുന്ന വള്ളിയിൽ കുടുങ്ങി, ആ മുക്കോലപ്പെരുവഴിയിൽ സൈക്കിളഭ്യാസി നിലംപൊത്തിയത്. ഇടത്തെ കൈത്തണ്‌ടയിൽ കമ്പി തുളച്ചു കയറിയ ആ അടയാളം നാട്ടുകാരുടെ പരിഹാസച്ചിരിയുടെ മുഴക്കത്തോടെ ഇന്നും കൺമുന്നിൽ. കിതപ്പിന്റെ എവറസ്റ്റ് കയറി മറിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവിടുന്നും കിട്ടി പൊള്ളുന്ന ചൂരൽക്കഷായം. ഓലയുടെ തുഞ്ചാണികൾക്കും, മഞ്ഞൾ പുരട്ടിയ ചൂരലുകൾക്കും, ഒരിക്കലും ശാശ്വതമായി നിലനിൽക്കുന്ന അടയാളങ്ങൾ തീക്കാനായിട്ടില്ല. അതുകൊണ്‌ടുതന്നെ അന്നത്തെ കുസൃതികൾ വീണ്‌ടും വീണ്‌ടും ആവർത്തിച്ചുകൊണ്‌ടിരുന്നു.

            ഉയരത്തിൽ പടര്ർന്നു കിടന്ന കാട്ടുപീച്ചിൽ കായ്കൾ പറിക്കുവാൻ മരത്തിൽ മടല്‌ ചാരിവച്ചു കയറി നിന്ന്‌ കാൽ ഉന്തിച്ച് ആയാസപ്പെടുന്നതിനിടയിലാണ്‌ കണ്ണാടി വീട്ടിലെ, കഴുത്തിൽ ചുവന്ന ബെൽറ്റുള്ള ജിമ്മി പിറകിലൂടെ പാഞ്ഞുവന്ന് വലത്തെ തുടയിൽ ആഞ്ഞു കടിച്ചത്. പതിവു പോലെ ഉമ്മ ദേഷ്യം പിടിച്ച് തുടയിൽ നുള്ളിയതാണെന്നാണ്‌ തലച്ചോറ്‌ ആദ്യം രേഖപ്പെടുത്തിയത്. മരത്തിലെ പിടിവിട്ട് നുള്ള് തടുക്കുവാൻ ഒരു ശ്രമം നടത്തിയപ്പോൾ കൈക്കും കിട്ടി ഒന്നാന്തരമൊരു കടി. ക്ഷണ നേരം കൊണ്‌ട് യാഥാര്ർത്ഥ്യത്തിന്റെ സംവേദ തരംഗങ്ങൾ നാഡികോശങ്ങൾ ബോധതലത്തിലെത്തിച്ചു. ഇടവപ്പാതിപ്പോലെയാണ്‌ അന്ന് കരഞ്ഞു തീർത്തത്. ജിമ്മിയുടെ പല്ലിന്റെ ശൗര്യം ഇന്നും വലത്തെ തുടയിൽ.... എന്നിട്ടും ആകാശത്തിന്റെ സ്വാതന്ത്ര്യവും ഭൂമിയുടെ വാഴ്വും ആവോളം നുകർന്നുതന്നെയാണ്‌ ബാല്യം ആഘോഷിച്ചത്.

           മെടഞ്ഞിട്ട മുടിക്കൊപ്പം മുല്ലപ്പൂവും കനകാംബരമാലകളും അണിഞ്ഞുനടന്ന അരുണാഭമായ ഒരു സായാഹ്നത്തിലാണ്‌, രക്തം കിനിയുന്ന മറ്റൊരോർമ്മയായി കിനാവുകൾ രജസ്വലയായത്. ഋതുവിൽ മുറിഞ്ഞ നോട്ടങ്ങൾ ജീവിതത്തിന്റെ മറ്റൊരടയാളത്തിന്‌ വഴിമാറിക്കൊടുക്കുകയായിരുന്നു. സഹപാഠികളിൽ നിന്ന് ലഭിച്ച അറിവുണ്‌ടായിരുന്നിട്ടുകൂടി, ഭയം ഒരാശങ്കയായി നിശ്വാസങ്ങളിൽ നതോന്നത പാടി. അങ്ങനെ ബാല്യത്തിന്റെ രാത്രി സ്വപ്നങ്ങളും പ്രലോഭനങ്ങളും പതിയെ കൗമാരത്തിന്‌ അരങ്ങൊഴിഞ്ഞു കൊടുത്തു. വാക്കിലെ സാന്ത്വനങ്ങളും പുഞ്ചിരിയിലെ മാസ്മരവും തേടലുകളായി മനസ്സിൽ നിറഞ്ഞു. ശാരികക്കന്യകളെപ്പോലെ ശങ്കരാഭരണം പട്ടുപാവാട ഞൊറികളിൽ കൗമാരം കാകളിയൊഴുകി.

              പരീക്ഷാക്കാലത്തെ ഒരു പുലർവേളയിൽ പുസ്തത്താളിലെ തപസ്സിന്നിടയിലാണ്‌, അസാധാരണമായി കരഞ്ഞുകൊണ്‌ട് ഉമ്മയുടെ സ്വരം ചിലമ്പിയത്. നമ്മുടെ രാജീവ് ഗാന്ധി പോയി... ബാക്കിയൊന്നും ഉരിയിടാൻ ആ നാവിന്‌ കെല്പുണ്‌ടായിരുന്നില്ല. ആ വാർത്തയുടെ ഭീകരതയുംപേറി ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറി. പച്ചവെള്ളംപോലും കുടിക്കാതെ അന്നെല്ലാവരും പട്ടിണി കിടന്നു. ചിതറിത്തെറിച്ച മാംസക്കഷണങ്ങളായി പ്രിയ നേതാവ് ഒടുങ്ങുമ്പോൾ ഏത് അനുയായിക്കാണ്‌ ഒരിറ്റുവെള്ളമിറങ്ങുക. വിശപ്പിനെ തോൽപ്പിക്കുകയെന്ന ബാലികേറാമല അസാധ്യമായതിനാലോ , അതിനുള്ള പ്രത്യയ ശാസ്ത്രങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയോ ആയിരിക്കാം, ഒരു തേങ്ങ പൊതിച്ച് ശർക്കരയും കൂട്ടി കഴിക്കാം എന്ന നിഗമനത്തിലെത്തിച്ചത്. വശമില്ലാത്ത പണിക്ക് മുതിര്ർന്നതിനാലാവാം, ഒന്ന് രണ്‌ട് മൂന്നാമത്തെ വെട്ട് കൃത്യം ഇടതുകൈയ്യിലെ തള്ളവിരലിൽ പതിഞ്ഞതും, രക്തത്തുള്ളികൾ സുനാമി തീർത്തതും. നാലഞ്ചു തുന്നലുകൾ തീർത്ത ആ മുദ്രയിലേക്ക്  കണ്ണോടുമ്പോൾ ഇന്നും ബോംബിന്റെ ഭീകരതയിലൊടുങ്ങിയ ഒരു നേതാവിന്റെ ചിത്രം, കറുത്ത വേദനയായി ചോരതുള്ളികൾ പൊടിക്കാറുണ്‌ട്.

            നീ കാറ്റായിരുന്നാൽ ഞാൻ മരമായിരിക്കാം
            നീ മഴവെള്ളമെങ്കിൽ ഞാൻ കളിത്തോണിയും.... കിനാവിന്റെ തൂവലുമായി നിദ്രയുടെ പക്ഷികൾ ചിറകടിച്ചു വരുമ്പോഴും ഉണർന്നിരുന്ന് കവിത കുറിക്കുന്ന അരു കാലമുണ്‌ടായിരുന്നു. ചങ്ങമ്പുഴ കവിതകളുടെ കാല്പനികത നെഞ്ചിലേറ്റി അന്തർമുഖത്വത്തിന്റെ ആമത്തോടണിഞ്ഞ കലാലയകാലം പക്ഷെ ഓർക്കാൻ അടയാളങ്ങളൊന്നും അവശേഷിപ്പിച്ചില്ല. മധുപനെ തേടുന്ന മലർക്കുലകൾ പോലെയായിരുന്നു അവിടെ യുവതികളുടെ കൂട്ടങ്ങൾ. കൗമാരത്തിന്റെ സുഖദസുന്ദര സ്വപ്നങ്ങൾക്കിടയിൽ, കളകൾക്കിടയിൽപ്പെട്ടു കരിഞ്ഞുപോകുന്ന ചെടികളെ പോലെ, പ്രണയത്തിന്റെ ഉഴവുചാലിൽ പതിച്ച ഏതൊക്കെയോ ഇഷ്ടങ്ങൾ തളിർക്കുന്നതിനു മുമ്പേ കരിഞ്ഞുണങ്ങി.പുരുഷ  സൗന്ദര്യത്തെ ഉപാസിക്കുമ്പോഴൊക്കെയും അവന്റെ ഹൃദയക്കൂട്ടിലെ സ്വർണ്ണമത്സ്യം ഞാനായിരുന്നെങ്കിൽ, എന്റെ വാക്കിനുള്ളിലെ വാക്ക് അവനായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്‌ട്. പബ്ലിക് ലൈബ്രറിയുടെ ഇടനാഴിയിലൊക്കെയും നിശബ്ദ പ്രണയങ്ങളുടെ മുക്തചന്ദസ്സ്. കാലം അതിന്റെ കുതിപ്പുകൾ രേഖപ്പെടുത്തുമ്പോൾ ആധൂനിക പ്രണയം യൂ ട്യൂബും ജി-ടാക്കുമായി ഇന്റർ നെറ്റിൽ ചൂണ്‌ടയിട്ടിരിക്കുന്ന സൂചിമുഖങ്ങളാവുന്നു. നിഴലായ് നിലാവായ് കൂടെയുണ്‌ടായിരുന്ന മിഥ്യകൾക്കൊപ്പം, കടം കൊണ്‌ട ഹൃദയങ്ങളെല്ലാം തിരികെയേല്പിച്ച് കലാലയത്തിന്റെ പടിയിറങ്ങിയപ്പോൾ കൈവിട്ടുപോയത് ജീവിതത്തിന്റെ സുവർണ്ണകാലം.

              പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള ചുവടു വയ്പുകൾക്കിടയിൽ, നെഞ്ചിൽ തിളച്ചു പതഞ്ഞ സ്നേഹത്തിന്റെ ഓഹരി പങ്കിടാൻ, കന്യകത്വത്തിൽ അഭയം തേടി പെൺമയുടെ ആഴങ്ങളെ കണ്‌ടെടുക്കാൻ, അധികാര മുദ്രയുടെ സത്യവാചകം ചൊല്ലി ഒരാൾ കടന്നു വരുന്നതോടെ , പ്രണയം, രതി , അത്മീയത, ജീവിതാസക്തി എന്നീ തലങ്ങൾ യഥാർത്ഥ അളവിൽ ചേർന്ന് ജീവിതം വഴി തിരിയേണ്‌ട ഒരു മൈൽക്കുറ്റിയായി മാറൂന്നു വിവാഹം. ഉല്പാദകന്റെയും ഉടമസ്ഥന്റെയും രക്ഷകന്റെയും സർവ്വാധികാരിയുടെയും സ്ഥാനം ഭർത്താവിന്‌. ആ അടയാളപ്പെടുത്തലിലും രക്തം വാകപ്പൂക്കളുടെ ഗന്ധമായി തങ്ങി നിൽക്കും. രാവുകളിൽ കേളി പത്മങ്ങളിൽ നക്ഷത്രങ്ങൾ പെയ്തിറങ്ങും. മിന്നൽപ്പിണറുകൾക്കൊപ്പം രാത്രിഗീതങ്ങൾ നൃത്ത ചവിട്ടും....

            പ്രണയത്തിന്റെ മഞ്ഞച്ചരടുകളിൽ കണിക്കൊന്നകൾ പൂവിടും...ഒരു പുതിയ ജന്മത്തെ വെളിച്ചത്തിലെത്തിക്കാനുള്ള അമ്മയുടെ ഈറ്റുനോവിനും അടയാളപ്പെടുത്താനുള്ളത്‌ മറ്റൊരു രുധിരശോഭ. ദാഹിച്ചു പിളരുന്ന ചോരച്ചുണ്‌ടുകളെ നെഞ്ചോടടുപ്പിച്ച് ആത്മ സുഖത്തിന്റെ പരകോടിയിലെത്തുമ്പോൾ അമ്മയുടേ ശരീരത്തിലും മനസ്സിലും ജീവിതത്തിൽത്തന്നെയും മുദ്രയായി ഒരു കുഞ്ഞു പൈതൽ. അമ്മയാവുന്നതിലൂടെ മാത്രമേ സ്ത്രീത്വം പരിപൂർണ്ണതയിലെത്തുകയും പക്വതയുള്ള ഒരു മുതിർന്ന സ്ത്രീയായി ഏതൊരു പെണ്ണും രൂപാന്തരപ്പെടുകയും ചെയ്യുകയുള്ളൂ. അടിവയറ്റിൽ നെടുകയോ കുറുകയോ തിണർത്തു കിടക്കുന്നുണ്‌ടാവും ആ തുന്നൽ മുദ്രകൾ. അവയ്ക്കെല്ലാം പറയാനുള്ളത് ഒരേ കഥയാണ്‌. ഒഴുകിപ്പോയ ചോരയുടെ കഥ. സഹനത്തിന്റെ കരുത്തും സ്നേഹത്തിന്റെ ആർദ്രതയും, ആത്മാംശത്തിന്റെ നിറക്കൂട്ടും തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി, ശിഷ്ട ജീവിതം അവര്ർക്കായി സമർപ്പിക്കുമ്പോൾ, ജീവിതത്തിന്റെ ഇഴബന്ധങ്ങളിൽ സ്വന്തം മാതാവിനെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് തീരുമാനിക്കേണ്‌ടത് മക്കളുടെ മാത്രം മനോധര്ർമ്മമാണ്‌.

                           (2012 മെയ് 7 മാധ്യമം ആഴ്ചപ്പതിപ്പ്- കണ്മഷി)

 

No comments:

Post a Comment