Thursday, 29 November 2012

മരുഭൂമിയിലെ ജിപ്സികൾ..


               അറബിക്കഥകളുടെ നിഗൂഢതകളും സ്വാധീനങ്ങളും ഏറെയുള്ള സൗദി അറേബ്യയുടെ, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്‌ 5000 മുതൽ 6000 വർഷം വരെ പഴക്കമുണ്‌ട്. ഭൂതങ്ങളുടെ ആഴങ്ങളിൽ നിന്ന് ഭാവിയുടെ ദൂരങ്ങളിലേക്ക് യുഗങ്ങളുടെ ജൈത്രയാത്ര. 1935 ൽ എണ്ണ നിക്ഷേപം കണ്‌ടു പിടിക്കുന്നതു വരെയും കൃഷിയും മറ്റുമായി ഒട്ടകത്തിന്റെ മൂക്കുകയർ പിടിക്കാൻ മാത്രമറിയുന്ന ഒരു സമൂഹമായിരുന്നു ഇവിടെ ഭൂരിഭാഗവും. അറബി ഭാഷയിൽ “സഹറ” എന്ന പദം കൊണ്‌ടു സൂചിപ്പിക്കുന്ന മരുഭൂമിയിൽ, എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന മരുപ്പച്ചകൾ തേടി താളത്തിൽ നീങ്ങുന്ന ഒട്ടക സംഘങ്ങൾക്കൊപ്പം, താവളം വിട്ട് താവളങ്ങളിലേക്ക് പ്രയാണം നടത്തിയിരുന്ന, മരുഭൂമിയിലെ ആദിമ നിവാസികളാണ്‌ “ബദുക്കൾ”എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബദവികൾ.

               ആഫ്രിക്കയിലെയും, അറേബ്യയിലെയും മരുഭൂവാസികളായി “നൊമാഡുകൾ” എന്ന് പരക്കെ അറിയപ്പെടുന്ന ഇവർക്ക് ഒരു പൊതു സംസ്കാരമുണ്‌ട്. ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി , ഇവർ മരുഭൂമിയെ തങ്ങളുടെ ഇച്ഛയ്ക്കൊത്ത് മെരുക്കിയെടുത്തിരിക്കുന്നു. മണൽപ്പരപ്പിലെ പ്രതികൂല കാലാവസ്ഥയിൽ കഴിയുന്നവരാകയാൽ, അതിജീവനത്തിന്റെ പുനർജന്മങ്ങളായേ നമ്മുക്കിവരെ കാണാൻ സാധിക്കുകയുള്ളു. പ്രവാചകന്റെ കാലത്തും അതിനു മുൻപും പിൻപും , അതിജീവനത്തിന്റെ കരുത്തു നേടാനായി, തങ്ങൾക്കുണ്‌ടാകുന്ന കുഞ്ഞുങ്ങളെ മരുഭൂമിയിലേക്കയക്കുകയെന്ന  രീതി അറബികൾക്കിടയിൽ സർവ്വസാധാരണമായിരുന്നു. ഉരുകിയും ഉറഞ്ഞും പ്രകൃതിയിലുണ്‌ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, അവർ മരുഭൂമിയുടെ അനന്തതയെ കീഴടക്കുന്നതോടൊപ്പം, ജീവിത വൈതരണികൾ മറികടക്കാനുള്ള പാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്തിരുന്നു.

             നാം മലയാളികൾ “കാട്ടറബികൾ” എന്ന് അഭിസംബോധന ചെയ്യുന്ന മരുഭൂമിയിലെ ജിപ്സികൾ കാലക്രമേണ പരിഷ്ക്കാരികളായിത്തീരുകയും ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറുകയും ചെയ്തു. പെട്രോ ഡോളറിന്റെ സമ്പന്നത, രാജ്യത്തിന്റെ സമ്പത് വ്യവസ്തയിൽ വൻ കുതിച്ചു കയറ്റം സാധ്യമാക്കിയപ്പോൾ മണിഹർമ്മ്യങ്ങളും, ഉദ്യാനങ്ങളും, ജലാശയങ്ങളും ഉണ്‌ടായി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. വിദ്യാ സമ്പന്നരായ ബദവികൾ പലരും ഇന്ന് രാജ്യത്തിന്റെ പല ഉന്നത പദവികളും അലങ്കരിക്കുന്നവരായി. ജീവിതത്തിരക്കുകൾക്കിടയിൽ അവധി ദിനങ്ങളിൽ മാത്രം, പ്രാചീനതയെ കൈവിടാൻ മനസ്സില്ലാത്ത ഒരു കൂട്ടം ആളുകൾ മരുഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവിടെ തമ്പടിച്ച് പൂർവ്വികരുടെ ജീവിത രീതി ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷേ പൂർവ്വികരായ ബദവികൾക്ക് സംസ്കാരത്തിലുണ്‌ടായ നൈർമല്യം പിൻഗാമികൾക്ക് കൈമോശം വന്നിരിക്കുന്നു എന്ന് പറയാതിരികാൻ വയ്യ.

             ഒരു ദല മർമ്മരം പോലെ ദൈവം സംസാരിച്ച ഭാഷയെ കവിതയിലൂടെയും സാഹിത്യത്തിലൂടെയും പുനർജ്ജനിപ്പിച്ചിരുന്നു. അക്കാലത്ത് അവരുടെ ഭാഷ, കല,സാഹിത്യം ഒക്കെയും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. സൂഫി സംഗീതത്തോട് ചേർന്നു നിൽക്കുന്ന ബാവുൽ ഗായകരെ ഓർമ്മപ്പെടുത്തുന്നതാണ്‌ ബദു സംഗീതം. മരത്തടിയിൽ തീർക്കുന്ന “റബാബ” എന്ന സംഗീതോപകരണത്തിൽ കുതിരവാൽ രോമങ്ങൾ കെട്ടി,ശ്രുതി മധുരമായി മീട്ടുവാൻ അവർക്ക് കഴിയുന്നു. അബ്ദുള്ള അദ്ദിൻദാനെപ്പോലെയുള്ള മഹാകവികൾ ബദുക്കൾക്കിടയിൽ പിറവിയെടുത്തിട്ടുണ്‌ട്. നിലവിൽ സൗദി അറേബ്യയുടെ സാംസ്കാരിക മേഖലയിൽ , സംഗീത കാവ്യ രംഗം സാന്ദ്രമാക്കുന്ന ഖലഫ് അദ്ദാൽ അൽ അത്തേബി, സഅദ് ബിൻ ജദ്ലാൻ, സുൽത്താൻ അൽ ഹാജിരി, ബന്ദർ ബിൻ സുറൂർ എന്നിവരൊക്കെ തന്നെയും ബദവികളാണ്‌.

            കാലത്തോടൊപ്പം ജനങ്ങളും ഏറെ പുരോഗമിച്ചെങ്കിലും ഇന്നും, നഗരങ്ങൾ താണ്ടി, ഗ്രാമങ്ങളിലേക്ക് പദമൂന്നിയാൽ, അറേബ്യൻ സംസ്കാരത്തിന്റെ പടിപടിയായ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, മൺമറഞ്ഞ സംസ്കാരംങ്ങളുടെ അവശിഷ്ടങ്ങൾഒക്കെയും ഇടിഞ്ഞു പൊളിഞ്ഞ മൺവീടുകളായും ഗ്രാമ ചത്വരങ്ങളായും പൊതു കിണറുകളായുമൊക്കെ നമ്മുക്ക് ദൃശ്യമാകുന്നതാണ്‌.ഗ്രാമ പരിധികൾപിന്നിലാക്കി വീണ്ടും മരുഭൂമിയുടെ വന്യതയിലേക്കിറങ്ങി ചെന്നാൽ മരുഭൂമിയുടെ നവരസങ്ങൾക്കൊപ്പം നരവംശത്തിന്റെ പ്രാചീന രൂപങ്ങളായി എണ്ണത്തിൽ കുറഞ്ഞ ബദവികളെ നമ്മുക്ക് കണ്ടെത്താനാകും. രാജ്യത്തെ പൗരന്മാരുടെ തലയെണ്ണുന്ന കാനേഷ്കുമാരിയിൽ പോലും ഉൾപ്പെടാതെ ഒട്ടകങ്ങളോടും ആടുകളോടും മാത്രം ഇടപഴുകി കഴിയുന്നവര്ർ. കത്തി ജ്വലിക്കുന്ന സൂര്യനു താഴെ അവരുടെ നിശ്വാസങ്ങൾക്ക് പോലും ഒട്ടകത്തിന്റെ ചൂരാണ്‌. സൗദി അറേബ്യയുടെ അയൽരാജ്യങ്ങളായ ജോർദ്ദാൻ, ഇറാക്ക്, കുവൈത്ത് അതിർത്തി പ്രദേശങ്ങളായ അറാർ, ഹഫർ അൽ ബാത്തിന്‍ ,അൽ ജൗഫ്, തബൂക്ക് തുടങ്ങി മദീന ഹായിൽ അൽ ഖസീം എന്നീ പ്രദേശങ്ങളാണ്‌ ബദവികളുടെ കൂടുതൽ സങ്കേതങ്ങൾ കാണപ്പെടുന്നത്. ജീവിതോപാധി തിരഞ്ഞ്‌ മരുഭൂമിക്ക് പുറത്ത്പോയ ബദവികൾ തങ്ങളുടെ നാൽക്കാലി സമ്പത്ത് നോക്കി നടത്താനും മറ്റുമായി അമ്മാലുകൾ (തൊഴിലാളികൾ) എന്നറിയപ്പെടുന്ന വിദേശികളായ വേലക്കാരെ ഏർപ്പാടു ചെയ്യുന്നു. പല നല്ല ജോലികളുടെ വാഗ്ദാനം ലഭിച്ച് വിസ ഏജന്റുമാരുടെ തട്ടിപ്പിനിരയായി ഇവിടെയെത്തി ബദുക്കളോടൊപ്പം ആടുകളെയും ഒട്ടകങ്ങളെയും പരിപാലിക്കേണ്ടി വരുന്നവരുടെ കദന കഥകൾ നമ്മുക്കൊക്കെയും സുപരിചിതമാണ്‌. രക്ഷപ്പെടാൻ പഴുതുകളില്ലാതെ പലരും ബദു സംസ്കാരവുമായി യോജിച്ച് അവരിലൊരാളായി തങ്ങളുടെ ശിഷ്ടജീവിതം ജീവിച്ച് തീർക്കുന്നു.

               പുല്ലിന്റെ ലഭ്യതയനുസരിച്ച്, കുടുംബത്തോടൊപ്പം താമസ സൗകര്യത്തിനുള്ള ഖൈമയും  (തമ്പ്) ജലവാഹിനികളുമായി കാലികളെയും തെളിച്ച് പ്രത്യേകം ഊരും പേരുമില്ലാത മരുഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സഞ്ചരിക്കുന്ന ഇവരുടെ പ്രധാന വളർത്തു മൃഗങ്ങൾ ഒട്ടകങ്ങളും ആടുകളുമാണ്‌.വില കൂടിയ ഇനമായ തേയിസിനു പുറമേ ആകൃതിയിലും പ്രകൃതിയിലും വിത്യസ്തങ്ങളായ മആസ്, ഖറൂഫ്‌,ബെർബെറി എന്നീ ഇനങ്ങളിൽപ്പെട്ട ആടുകളാണ്‌ ഇവിടെ സാധാരണയായി കാണുന്നത്‌. ദ്രവ്യം ആട്ടാനും, മരുഭൂ യാത്രക്കും മാംസത്തിനും പാലിനും
വേണ്ടി പൊതുവെ ഉപയോഗപ്പെടുത്തുന്ന ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരങ്ങളും വേഗതാ മത്സരങ്ങളും അറബ് സംസ്കാരത്തിന്റെ മുഖമുദ്രയാണ്‌. രൂപത്തിലും ഭാവത്തിലും ചലനത്തിലും സൗമ്യത സൂക്ഷിക്കുന്ന സാധു മൃഗങ്ങളാണ്‌ ഒട്ടകങ്ങൾ. യാജമാനന്മാരോട് ഇണക്കവും പ്രതിപത്തിയുമുള്ള ഇവറ്റകളുടെ സ്ഥായിഭാവം എന്നും നിസ്സംഗതയാണ്‌. മരുഭൂമിയെ കീഴടക്കാൻ മനുഷ്യരെ പ്രാപ്തരാക്കിയതും ഒട്ടകങ്ങൾ തന്നെ. പ്രത്യേക തരം പാദഘടന, പൊടിമണലിലൂടെ കാലുകൾ വലിച്ചിഴച്ച് അനായാസം നീങ്ങുവാൻ അതിനെ പ്രാപ്തനാക്കുന്നു. കഴുത്തിന്റെ നീളം, കാലുകളുടെ വളവ്, നിറം, ചുണ്ടിന്റെ പ്രത്യേകത, പൂഞ്ഞയുടേയുംരോമത്തിന്തെയും ഘടന എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ ഒട്ടകങ്ങളുടെ സൗന്ദര്യം നിശ്ചയിക്കുന്നത്. സൗന്ദര്യവും വേഗതയുമുള്ള ഒട്ടകങ്ങൾ വൻതുകകൾക്കാണ്‌ ലേലം ചെയ്യപ്പെടുന്നത്. പ്രായമായ ഒട്ടകങ്ങളെയാണ്‌ സാധാരണ അറവിനായി കൂടുതലും ഉപയോഗിക്കുന്നത്. ഇളം പ്രായ ഒട്ടകയിറച്ചിക്ക് പ്രിയം കൂടുതലാണ്‌. നീണ്ട വടികൊണ്ട് കണ്ണിൽകുത്തി ക്രോധമുണര്ർത്തിയാണ്‌ അതിനെ വധിക്കുന്നത്. കഴുത്തിന്റെ ഏറ്റവും താഴെയാണ്‌ കത്തി ആദ്യം പതിയുന്നത്. ക്രൗര്യമുണർത്തിയാൽ ഒട്ടകം മനുഷ്യനെ കഴുത്തുകൊണ്ട് അടിക്കുകവരെ ചെയ്യും.

                 ഒറ്റ മഴ പെയ്താൽ മതി , മണ്ണിനടിയിൽ ജന്മ കാത്തുകിടക്കുന്ന വിത്തുകൾ കണ്ണുതുറക്കുകയും മണൽപ്പരപ്പിൽ പുല്ലും തളിരിലകളും സുലഭമാകുകയും ചെയ്യും. പുല്ലിന്റെയും മണ്ണിന്റെയും ഗന്ധമടിച്ച് ഒറ്റകങ്ങൾ ഉന്മാദികളാകും.മരുഭൂമിയിലെ കാലികൾക്ക് ശരത് കാലത്ത് പച്ചപ്പുല്ലുകൾ ലഭ്യമാകുമ്പോൾ ഗ്രീഷ്മത്തിൽ ഉണങ്ങിയ പുല്ലും മുള്ളുകളൂം ചവച്ചിറക്കേണ്ടി വരുന്നു. ഒട്ടകത്തിന്റെ പാൽ ഏറെ ഔഷധ ഗുണമുള്ളതാണ്‌. അതിന്‌ നെയ്യില്ല, പാടയും കെട്ടാറില്ല. കറന്ന ഉടനെ ഇളം ചൂടോടെ കുടിക്കുന്നത് ധാതുപുഷ്ടിക്ക് ഗുണം ചെയ്യും. സമൂഹമായി ജീവിക്കുകയെന്നതിലുപരിയായി സുലഭമായി ലഭിക്കുന്ന പാൽക്കട്ടി, ഒലിവ് ,ഈന്തപ്പഴം എന്നിവയാണ്‌ ബദുക്കളുടെ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും രഹസ്യം. മഴക്കാലത്ത് മരുഭൂമിയിൽ കാണപ്പെടുന്ന “ഷഹേമി”, “ദുഖൽ” എന്നീ വെട്ടിൽപ്പക്ഷികളും “ഫഗ”, “കമഅ” എന്നൊക്കെ അറിയപ്പെടുന്ന കിഴങ്ങുകളും കൂണുകളും “ദബ്ബ്” എന്ന ഉടുമ്പും “ജുർബുഅ” എന്ന കീരിയെപ്പോലുള്ള ജീവിയും ബദുക്കളുടെ ഇഷ്ട വിഭവങ്ങളാണ്‌. സ്ഥിരമായി ഒരു മരുപ്പച്ചയോ ജലസ്രോതസ്സോ കണ്ടെത്തിയാൽ അവയുടെ പരിസരങ്ങളിൽ താൽക്കാലിക കൃഷിയിനങ്ങളായ ഗോതമ്പ്, സവാള, തക്കാളി, തണ്ണിമത്തൻ, ചോളം,മുന്തിരി മുതലായ ഭക്ഷ്യ വകകളും ബർസീം എന്ന പുല്ലും ഇവർ കൃഷിചെയ്യുന്നു. കൂടാതെ തണുപ്പുകാലത്തെ ഉപയോഗത്തിനായി വിറകിന്റെ ആവശ്യങ്ങൾക്ക് പാഴ്മരങ്ങൾ നട്ടുപിടിപ്പിക്കുകയും അത് ഉപജീവനത്തിന്റെ മാര്ർഗ്ഗങ്ങളാക്കുകയും ചെയ്യുന്നവരുമുണ്ട്.

                  ഇരുമ്പുകുറ്റികളിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ബദുക്കളുടെ തമ്പുകൾക്ക്  മണൽക്കാറ്റിനെ അതിജീവിക്കനുള്ള കരുത്തുണ്ട്. തമ്പുകളുടെ ഉൾവശം പലതായി തിരിച്ച് കട്ടിയുള്ള വിരിപ്പുകളും മജ്ലിസുകളും(തറയിൽ ഇരിക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ച് കൊണ്ട് നിർമ്മിക്കുന ഉയരമില്ലാത്ത സോഫ സെറ്റ്) കൊണ്ട് അലങ്കരിച്ചിരിക്കും. “ഖൈമ ” എന്ന പേരിൽ അറിയപ്പെടുന്ന ഈ തമ്പുകൾ പല രീതിയിൽ നിർമ്മിക്കാറുണ്ട്. ഒട്ടകത്തോൽ കൊണ്ട് നിർമ്മിക്കുന്ന ഖൈമക്കുള്ളിൽ തണുപ്പ് അതിക്രമിച്ച് കടക്കറില്ല. “മബ്കറ” എന്നറിയപ്പെടുന്ന നെരിപ്പോടിൽ  "ബുഖൂർ "(കുന്തിരിക്കം) തുടങ്ങിയ ധൂപക്കൂട്ടുകൾ എരിച്ചും, "ശീശ " (മറ്റൊരു രീതിയിൽ പുകവലിക്കാൻ ഉപയോഗിക്കുന്ന നീളകുഴലുള്ള  ഉപകരണം) വലിച്ചും ചൂടുള്ള "ഖഹ്‌വ" (കാപ്പിയും മറ്റു ചേരുവകളും ചേർത്ത് തിളപ്പിക്കുന്ന അവരുടെ ഇഷ്ട പാനിയം) പകർന്നു കുടിച്ചും രാത്രിയിലെ നക്ഷത്ര വെളിച്ചത്തിൽ ഉറയുന്ന കൊടും തണുപ്പിനെ ഇവർ പ്രതിരോധിക്കുന്നു. കൊടും ചൂടിലാകട്ടെ കട്ടിയുള്ള ചാക്കുകൾ നനച്ചു തൂക്കുമ്പോൾ അതിലൂടെ കടന്നെത്തുന്ന വായു ശീതീകരണിയുടെ പോലെ തണുത്ത കാറ്റായി മാറുന്നു.

                സാധാരണ ബദു വിവാഹങ്ങൾ വളരെ ആഢംബരമായിട്ടാണ്‌ നടത്തപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ കാലഘട്ടത്തിനു മുമ്പ് (ജാഹിലിയ്യ കാലഘട്ടം) സമൂഹത്തിൽ പെൺകുട്ടികൾക്ക് ഭ്രഷ്ട് ഉണ്ടായിരുന്നെങ്കിലും ഇന്ന്, ലോകത്തെ മറ്റേത് സംസ്കാരത്തിൽ നിന്നും വ്യത്യസ്ഥമായി അറേബ്യൻ നാട്ടിൽ കൂടുതൽ പെൺമക്കളുള്ള മാതാപിതാക്കൾക്കാണ്‌ സമൂഹത്തിൽ മുൻഗണന. സ്ത്രീയെ വേൾക്കണമെങ്കിൽ നല്ലൊരു തുക ആഭരണമായോ കന്നുകാലികളായോ പണമായോ അവൾക്കുള്ള മഹർ വധുവിന്റെ പിതാവിനെ ഏൽപ്പിക്കുകയും അവളുടെ സംരക്ഷണത്തിനും ചെലവിനുമുള്ള എല്ലാ സൗകര്യങ്ങളും വരൻ സജ്ജീകരിക്കുകയും വേണം. വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന ബന്ധുമിത്രാധികൾ കന്നുകാലികളെയാണ്‌ സംഭാവന ചെയ്യുന്നത്. ബദവി പുരുഷന്മാരെ സംബന്ധിച്ച് രസാവഹമായ വസ്തുത കാലികളുടെ എണ്ണം പെരുകുന്നതനുസരിച്ച് അവരുടെ ഭാര്യമാരുടെ എണ്ണത്തിലും(നാലൂവരെ) വർദ്ധനവുണ്ടാകുന്നു എന്നതാണ്‌. പുരുഷന്മാർ കന്നുകാലി വളർത്തലിലും കൃഷിയിലും വ്യാപൃതരാകുമ്പോൾ തലമുറകളുടെ പരിപാലന കർമ്മം സ്ത്രീകളിൽ നിക്ഷിപ്തമാകുന്നു.

                സ്ത്രീജന്മത്തിന്റെ ദൈന്യം ചുമക്കുന്നവരാണ്‌ ബദു മങ്കമാർ. കിനിഞ്ഞിറങ്ങുന്ന വിയർപ്പു തുള്ളിയിൽ, കിതച്ചുയരുന്ന നിശ്വാസങ്ങളിൽ,മരുഭൂമിയിലെ ഈ ജന്മങ്ങൾ അതിജീവനത്തിന്‌ പെടാപ്പട്‌ പെടുന്നവരാണ്‌.ശരിയായ വൈദ്യസഹായമില്ലാതെ പച്ചിലകൾ കൊണ്‌ടുള്ള നാട്ടു ചികിൽസയും ആശുപത്രികളെ ആശ്രയിക്കാതെയുള്ള പ്രസവവുമൊക്കെ ഇവരുടെ ജീവനു തന്നെ ഭീഷണി ഉയർത്തുന്നു. കന്നുകാലികൾക്കൊപ്പമുള്ളാ വൃത്തിഹീനമായ ചുറ്റുപാടും, അവറ്റകളുമായുള്ള സ്ഥിരസമ്പർക്കവും സോറിയാസിസ്‌ പോലെയുള്ള അസുഖങ്ങളായി ഇവരെ അലട്ടുന്നു.സ്ഥിരമായി, തിളപ്പിക്കതെയുള്ള പാലിന്റെ ഉപയോഗം ബ്രൂസല്ലോസിസിനും കാരണമാകുന്നു. മരുഭൂമിയുടെ വന്യതയിൽ നിന്ന്‌, പരിഷ്കൃത സമൂഹത്തിലേക്ക്‌ ഇത്തരമൊരു ബദു കടന്നു വന്നാൽ, മൂക്കു പൊത്തും വിധമാണ്‌ അവരുടെ ചൂര്‌.


                ആധുനിക ചികിൽസാരീതികളൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത്‌, ഇവരുടെ നാട്ടുചികിൽസാ രീതിക്ക്‌ ഏറെ പ്രാധാന്യമുന്‌ടായിരുന്നു..ഹെന്ന (മൈലാഞ്ചി), ഹൽ (സുർക്ക) ,എൻസൂൺ (ഒരു തരം ജീരകം), ഉലുവ എന്നിവയൊക്കെ മരുന്നുകളുടെ കൂട്ടത്തിൽ പെട്ടിരുന്നു. ശരീരത്തിൽ അശുദ്ധരക്തത്തിന്റെ സാനിധ്യമാണ്‌ എല്ലാ അസുഖങ്ങളുടേയും മൂലകാരണം എന്ന വിശ്വാസത്തിൽ അതു നീക്കം ചെയ്യാനായി “ ഹജാമ” എന്ന ചിൽസാരീതി ബദവികൾക്കിടയിൽ നിലനിന്നിരുന്നു.വിശുദ്ധ ഖുർ ആനിൽ നബി(സ) പോലും ഉപയോഗിച്ചിരുന്ന ഈ ചികിൽസാ രീതി ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിൽ ചെയ്തു വരുന്നു. നമ്മുടെ നാട്ടിലെ “ ലീച്ച്  തെറാപ്പി” ഇതിന്റെ വകഭേദമാണ്‌. തീ കൊൺട് ചൂടാക്കിയ പിച്ചാത്തിയോ, ഇരുമ്പു ദണ്‌ടോ കൊൺട് ശരീരഭാഗങ്ങൾ പൊള്ളിച്ചാൽ അസുഖങ്ങൾക്ക്‌ ശമനമാകുമെന്നും ഇവർ അന്ധമായി വിശ്വസിക്കുന്നു.

               പലായനത്തിന്റെ ചരിത്രം പേറുന്നവരുടെ താവളം വിട്ട്‌ താവളങ്ങളിലേക്കുള്ള പ്രയാണം കുറഞ്ഞെങ്കിലും,പുറം ലോകത്തു നടക്കുന്ന ദ്രുത വികസനങ്ങളിൽ അന്ധരും ബധിരരുമായി ഒരു കൂട്ടം മനുഷ്യരെന്ന ജൈവയന്ത്രങ്ങൾ ഇപ്പോഴും പ്രകൃതിയുടെ പ്രതികൂലതകളായ ചൂട്‌, തണുപ്പ്‌,കാറ്റ്‌,പൊടി എന്നിവയെ നേരിടുകയും കരുത്തുള്ളവർ അതിജീവിക്കുകയും അതിനു കഴിയാത്തവർപ്രകൃതിക്ക്‌ കീഴടങ്ങിയും കാലത്തോടൊപ്പം മുന്നേറുന്നുണ്‌ട്‌ ഇവിടെ. റിയാദിലെ ജനാദ്രിയയിൽവർഷം തോറും സ്ംഘടിപ്പിക്കുന്ന പൈതൃകമേളയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങളും ജീവിത രീതികളും ആചാരങ്ങളും തനതു രീതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. ബദവി സംസ്കാരത്തെ അടുത്തറിയാൻ ഈ മേള ഒരു പരിധി വരെ സഹായകമാണ്‌.

                                                          ( മാധ്യമം, വാരാദ്യപ്പതിപ്പ് 04 നവ: 2012.
                                                             ഗൾഫ് മാധ്യമം, ചെപ്പ് 09 നവ: 2012  )

4 comments:

 1. കൊള്ളാം ഇഷ്ടമായി ..നല്ല അദ്ധ്വാനം ഉണ്ട് രചനയ്ക്ക് പിന്നില്‍ ..അഭിനന്ദങ്ങള്‍ ...കവേ..:)

  ReplyDelete
 2. നന്നായിടുണ്ട് ..........ദൈവം അനുഗ്രഹികട്ടെ

  ReplyDelete
 3. കൊടും ചൂടിലാകട്ടെ കട്ടിയുള്ള ചാക്കുകൾ നനച്ചു തൂക്കുമ്പോൾ അതിലൂടെ കടന്നെത്തുന്ന വായു ശീതീകരണിയുടെ പോലെ തണുത്ത കാറ്റായി മാറുന്നു.

  വളരെ ആഴങ്ങളിലൂടെ നന്നായിത്തന്നെ ചരിത്രം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്രയും വിശദമായ ഒരു ലേഖനം തയ്യാറാക്കാന്‍ എടുത്ത പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും തികയാതെ വരും.

  ReplyDelete