Sunday 16 December 2012

വെറുതെ ഒരു സ്വപ്നസഞ്ചാരം...

എല്ലാ ഋതുക്കളിലും പൂക്കുന്ന  കാടിനു നടുവിലായിരുന്നു കവി അയ്യപ്പന്റെ മഴവില്ലുറങ്ങുന്ന ആ തടാകം. നീലമേഘത്തുണ്ടില്‍ സന്ദേശകാവ്യമയച്ച്‌ നിഴലനക്കങ്ങളെ  പിന്തുടര്‍ന്നു നടക്കുന്ന വിരഹികളായ യക്ഷന്മാരും,ഇന്ദുപുഷ്പംചൂടിയ അപ്സരകന്യകളുമുണ്ടായിരുന്നു ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍.തടാകത്തിന്‍കരയിലെ കാവ്യ സദസ്സിനെയലങ്കരിക്കാന്‍ നമ്മുടെ കവിത്രയങ്ങള്‍ക്കൊപ്പം,ബ്രെക്തും വില്യംബ്ലേക്കും ഉള്‍പ്പെടെ മണ്‍മറഞ്ഞ സകലമാന കവികളും  ആത്മാക്കളുടെ രൂപത്തില്‍ ഒത്തു ചേര്‍ന്നിരുന്നു.മഴമുല്ലകള്‍ പൂത്തുലഞ്ഞ സായാഹ്നം.കവികളെല്ലാം കവിതയുടെ മുക്തഛന്ദസ്സില്‍ മേയുകയാണ്‌.പൊടുന്നനെയാണ്‌,നിശബ്ദതയെ ചിതറിച്ചുകൊണ്ട്‌ ഒരു ഉത്തരാധുനിക കവി, അവര്‍ക്കു നേരെ നിറയൊഴിച്ചത്‌.നെഞ്ചിടങ്ങളില്‍ വെടിച്ചില്ല്‌  തറഞ്ഞിറങ്ങി.രസനകള്‍ മരവിച്ചു.കാറ്റ്‌ താനേ നിലച്ചു.ഭൂമിക നഷ്ടപ്പെട്ട കഥാപാത്രങ്ങളെപ്പോലെ ആശ്രമകന്യകള്‍ വേശ്യാത്തെരുവിലെ മഴ നനയാനിറങ്ങിയതും എനിക്ക്‌ മരിച്ച്‌ മതിയായില്ല എന്നു പറഞ്ഞ്‌ സില്‍വിയാപ്ളാത്ത്‌, ഒരിക്കല്‍ക്കൂടി തീച്ചൂളയിലേക്ക്‌ ശിരസ്സ്‌ കാണിച്ചതും അങ്ങനെയാണ്‌........

1 comment: