Friday, 20 May 2011

കോളയും കശുവണ്ടിയുംഇതാ സാര്‍, അങ്ങേക്കായ്
വെള്ളിക്കടലാസ്സില്‍ പൊതിഞ്ഞ
കശുവണ്ടിയും പിന്നെ ഒരു കുപ്പി കോളയും
ഇതെന്റെ വേദനയുടെ -
ചാരം മൂടിയ കനലുകള്‍.
വരലബ്ദി കാംക്ഷിച്ച-
മയിലമ്മയുടെ രക്തത്തിന്റെ ബാക്കികള്‍.
വെള്ളക്കാരന്റെ വിഴുപ്പലക്കിത്തീറ്ന്നിട്ടും
ആദിപാപം പോലെ വീണ്ടും
എത്ര കൊടും പാതകങ്ങള്‍!
നിങ്ങള്‍ വട്ട മേശകള്‍ക്ക് ചുറ്റുമിരുന്ന്
കൊറിച്ചും കുടിച്ചും
സന്ധിക്കടലാസുകള്‍ഒപ്പുവയ്ക്കുന്നു.
ഇവിടെ അതിഥിയായ് വന്നവര്‍
ആതിഥേയരായ്ത്തീറ്ന്ന്
ഇപ്പോള്‍ യജമാനന്മാരായിരിക്കുന്നു.
അന്യാധീനപ്പെട്ട കുടിവെള്ളത്തിനു പകരം
ഞങ്ങളിപ്പോള്‍ നിത്യവും
വിഷം വാറ്റിയ മുന്തിരിച്ചാറു  കുടിക്കുന്നു.
ആരോ കെട്ടഴിച്ചുവിട്ടൊരു ഭൂതം
നാസാരന്ധ്രങ്ങള്‍ തുരന്നുള്ളില്‍ കടന്ന്
ഉദരത്തിലെ ഭ്രൂണങ്ങളെ
ശാശ്വതമായ് കൊല ചെയ്യുന്നു.
ഗര്‍ഭ ജലം വാര്‍ന്ന്
ഉണക്കം തട്ടിയ ശിശുക്കളുടെ
മരണവേദനകള്‍
തുടിക്കുന്ന രൂപങ്ങളായി
ഉറയുകയാണിവിടെ.
കോളറക്കാലത്തിന്റെ
അവശിഷ്ടങ്ങള്‍ പോലെ
മൊട്ടിലേ പുഴു തിന്നുന്ന ജീവിതങ്ങള്‍
ആയുസ്സെത്താത്ത തലമുറയായ്
മണ്ണില്‍ത്തന്നെ വീണടിയുന്നു.
ജീവിത വേരുകള്‍ പടറ്ന്നിടത്തൊക്കെയും
നിര്‍ജ്ജീവ ശാന്തത.
എങ്ങും മരണത്തിന്റെ ഇലകൊഴിച്ചില്‍.
ന്യായാധിപന്മാരേ,
ഇനി നിങ്ങള്‍ക്കെന്തിനു സാക്ഷികള്‍?
ഇവിടെ സത്യത്തിന്റെ ചുണ്ടുകള്‍
തുന്നിച്ചേര്‍ത്തിരിക്കുന്നു
സമയത്തിന്റെ നാവ്
പിഴുതെറിഞ്ഞിരിക്കുന്നു.
കുറ്റത്തിനെതിരെ നിങ്ങള്‍
വാസ്തവത്തെ വിചാരണ ചെയ്യരുത്
മോഹങ്ങളുടെ അ:ന്തസ്രവങ്ങള്‍
വറ്റിവരണ്ടവരായ്
അന്നം മുട്ടിയ അന്ധതയുടെ
തടവുകാരായ്
അരക്കില്ലത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍
ഇരിയൊരു വിദുരരുണ്ടാകുമോ ?
കീടനാശിനിയില്‍  മുക്കിയുണക്കിയ
മരണപ്പുതപ്പുമണിഞ്ഞ് ഞാന്‍ വരുമ്പോള്‍
സൊറപറഞ്ഞു കൊറിക്കുവാന്‍
ഇതാ സാര്‍ താങ്കള്‍ക്കായ്
കശുവണ്ടിയും ഒരു കുപ്പി കോളയും........

(സോഷ്യൽ നെറ്റ് വർക്കായ സൗഹൃദം ഡോട്ട് കോമിന്റെ പ്രഥമ പ്രവാസി കവിതാ പുരസ്ക്കാരം ലഭിച്ചത്)

18 comments:

 1. മയിലമ്മയും മറ്റു പല സംഭവങ്ങളും ഓര്‍മ്മിപ്പിക്കുന്നു.

  ReplyDelete
 2. വളരെ ശക്തമായൊരു പ്രതികരണത്തിന്റെ സ്വാഭാവിക തീക്ഷ്ണത വായിച്ചെടുക്കുന്നു.
  കവിതയുടെ പരിസരത്തെതന്നെ ചൂഴ്ന്നു നിലക്കുന്ന വൈകാരികത
  സ്വഭാവിക കവിതാസ്വാദനത്തെ പിന്നിലാക്കിയില്ലേയന്ന സംശയം..
  എഴുത്തിലെ നേര് തൊട്ടറിയുന്നു.

  ReplyDelete
 3. അന്യാധീനപ്പെട്ട കുടിവെള്ളത്തിനു പകരം
  ഞങ്ങളിപ്പോള്‍ നിത്യവും
  വിഷം വാറ്റിയ മുന്തിരിച്ചാറു കുടിക്കുന്നു.

  നന്നായിരിക്കുന്നു

  ReplyDelete
 4. ഒരിറക്ക് ശുദ്ധജലവും, അല്‍പ്പം ശുദ്ധവായുവും തരൂ ഞാനൊന്ന് ജീവികട്ടെ. വായുവും ജലവും ഭക്ഷണവും മലിനമാക്കപ്പെട്ട ഈ സമൂഹത്തില്‍ നിന്ന് നമുക്കൊരു തിരിച്ച് പോക്കില്ല... ചിന്തകള്‍ നന്നായിരിക്കുന്നു.

  ReplyDelete
 5. ഇത്തരം കവിതകളും ലേഘനങ്ങളും വായിച്ചു ധാര്‍മിക രോഷം കൊള്ളുന്ന അധിക പേരെയും, മനുഷ്യന് ഉപദ്രവമുണ്ടാക്കുന്ന വസ്തുക്കളുടെ ഉപഭോഗത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ എന്തുണ്ട് പോംവഴി? ആശംസകള്‍

  ReplyDelete
 6. ചിന്തോദ്ദീപകമായ വരികള്‍.. അഭിനന്ദനങ്ങള്‍

  ReplyDelete
 7. ഈ പ്രതിഷേധ കവിതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍..നന്മാകളോടെ നന്മണ്ടന്‍.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഇതാ സര്‍ , മരുന്നടിക്കാത്ത തൊടിയില്‍ വിളഞ്ഞ കശുവണ്ടി ചുട്ടെടുത്തതും മണ്‍കൂജയിലെ തണുത്ത വെള്ളവും . നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം , വിശ്രമമില്ലാതെ പരിശ്രമിക്കാം.നാളെയുടെ നാമ്പുകളെങ്കിലും വാടിക്കൊഴിയരുതല്ലോ ............

  ReplyDelete