Tuesday 21 June 2011

എന്റെ കലാലയം





അറിവിന്‍ നിറകുടമേ, തായേ, അക്ഷരമുത്തശ്ശി

മഹാരാജ പദവിയേറ്റുവാങ്ങും തവനാമത്തില്‍

സുകീര്‍ത്തികള്‍ പുല്കട്ടെയഭ്രപഥങ്ങളെയെന്നും

അറബിക്കടലിന്നലകളെത്തഴുകിയെത്തും

മന്ദമാരുത സ്പര്‍ ശമേറ്റു കായലരികത്തുനിന്നു-

കുണുങ്ങി നീയൊരു നവോഢയാം പെണ്‍ കൊടിപോല്‍.

കപ്പലിന്‍ കാഹളത്തില്‍ , കടലിന്‍ ഹുങ്കാരത്തില്‍

രാപ്പാടി തന്‍ രാത്രി ഗാനസുധയില്‍ ,നിലാവില്‍

രാപ്പകലന്യേ ജ്ഞാന വിജ്ഞാന സപര്യചെയ്തു നീ

ഭാഷയും ചരിത്രവും ശാസ്ത്രഗണിതങ്ങളും

മക്കള്‍ക്കു പകര്‍ ന്നെന്നും തലമുറകളായ്.

താളം ചവിട്ടും തൈമണിക്കാറ്റിലുലഞ്ഞാടും

കാട്ടു ചമ്പക മലരിന്‍ സുഗന്ധം പൂശി നീ

ശാകുന്തളവും കാദം ബരിയും ചൊല്ലിപ്പഠിപ്പിച്ചു ഞങ്ങളെ.

യുവ രക്തങ്ങളില്‍ കത്തിപ്പടര്‍ ന്നസമരാവേശം

ഊറ്ജ്ജ്വസ്വലയാക്കിയ നിന്റെ യൌവ്വനകാലം

മാറ്ക്സിസവും ലെനിനിസവും ഗാന്ധിസവും കൊടിപാറിയ

സമര മരത്തിന്‍ ചോട്ടില്‍ നിന്നുകൊണ്ടവരുതിറ്ത്ത

ചോദ്യങ്ങളെത്ര, തെറ്റിയ ഉത്തരങ്ങളെത്ര

മോസ്കോയിലെ മഞ്ഞുകാലവും പീക്കിങ്ങിലെ പൂക്കാലവും

ആരവമൊടുങ്ങാത്ത നിന്‍ തിരുമുറ്റത്തുകണ്ടു ഞാന്‍

ചരിത്രവും പൌരധര്‍മ്മവും പ്രതിഗാനം ചെയ്ത നിന്‍ ശിഷ്യരില്‍

രാഷ്ട്ര മീമാംസകരായവരെത്രയോ,കീറ്ത്തികേട്ടവരെത്രയോ

ജീവിത പന്‍ ഥാവില്‍ ,പോലിഞ്ഞുപോയവരെത്രയോ.

നഷ്ടപ്രണയത്തിന്‍ വിഷാദരേണുക്കളെത്തഴുകി

തലത്തും സൈഗാളും ഗസലുകളായ് നിന്നില്‍ നിറഞ്ഞതും

ഫോറ്മലിന്‍ മണക്കുന്ന ജീവശാസ്ത്രമുറികളും

രാസപരീക്ഷണങ്ങള്‍ നടത്തിയ രസതന്ത്രശാലയും

സ്ക്റൂഗേജും കോമണ്‍ ബാലന്സും തുലനം ചെയ്തൊരാ-

ഭൌതീക ശാസ്ത്രവും ന്യൂട്ടന്റെ ചിന്താശകലങ്ങളും

സസ്യശാസ്ത്രത്തിണ്ണയിലെ ഉരുക്കുകോവണിപ്പടികളും

നെഞ്ചില്‍ കുടിയേറി, നൊമ്പരമായൊരോര്‍മ്മയായ്.

ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും ബ്രൌണിങ്ങും

കവിതകളായ് നിറഞ്ഞൊരിടനാഴികളിലെങ്ങോ

കൈവിട്ടുപോയെന്‍ ജീവിതവസന്തങ്ങള്‍.

കലാലയ ജീവിത സുന്ദര സ്നേഹമുഖങ്ങളെല്ലം

ഓറ്ക്കൂട്ടും ,ഫേസ്ബുക്കും ,ഗൂഗിളുമില്ലാത്തൊരു ലോകത്തെ

യഥാര്‍ത്ഥ സൌഹൃദത്തിന്‍ നാരായവേരല്ലോ.

ദേശാടനപക്ഷിപോല്‍ ജീവിതം പറക്കുമ്പോള്‍,

കലഭത്തിന്‍ കുളിരുപോല്‍ നിറയട്ടെ ഹൃദയത്തില്‍

യൌവ്വനത്തിന്‍ നിറവാര്‍ന്ന കലാലയവര്‍ണ്ണങ്ങള്‍.......

( സൻഡേ സപ്ളിമെന്റ്,മലയാളം ന്യൂസ്,സൗദി അറേബ്യ)





No comments:

Post a Comment