Tuesday, 27 September 2011

നിലാവും കിനാവും തിരിച്ചു പിടിക്കുക

       പൂര്‍വ്വികരുടെ പാത പിന്തുടര്‍ന്ന് ഒരു ആര്‍ദ്ര മൌനം പോലെ ഈ മണല്‍ വിശാലതയില്‍ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്
പേര്‍ഷ്യക്കാര്‍ അല്ലെങ്കില്‍ ഗള്‍ഫുകാരന്‍ എന്ന ജനറ്റിക് നെയിമില്‍ 
അറിയപ്പെടുന്ന പ്രവാസികളായ നാം ഓരോരുത്തരും . ജനിച്ച നാട് സ്വാതന്ത്രത്തിന്റെ 65-)0 പിറന്നാള്‍ ആഘോഷിച്ചതുപോലെ കുടിയേറിയ മണ്ണ് അതിന്റെ  61)0 ദേശീയദിനം കൊണ്ടാടുകയാണ്.നമ്മുക്ക് ഉപജീവനവും  സംരക്ഷണവും നല്കുക വഴി നമ്മുടെ നാടിന്റെ സമഗ്ര വികസനത്തില്‍ സൌദി അറേബ്യയിലെജനങ്ങളുടെയും
ഭരണാധികാരികളുടെയും കാരുണ്യത്തിന്റെയും ഹൃദയ വിശാലതയുടെയും 
പങ്ക് നാം വിസ്മരിക്കരുത്. തൊഴില്‍ രഹിതരായ സ്വന്തം പ്രജക‍ള്‍ക്ക് തൊഴിലുറപ്പുവരുത്തുന്നതിനായി സ്വദേശി വല്ക്കരണം 
നടപ്പാക്കാനൊരുങ്ങുന്ന ഇവിടുത്തെ ഭരണാധികാരികളെ ശപിച്ചിട്ടൊ കുറ്റപ്പെടുത്തിയിട്ടൊ കാര്യമില്ല. തിരിച്ചു പോക്കിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് മനസ്സ് സജ്ജമാക്കുകയും അതോടൊപ്പം നാം നമ്മെ തിരിച്ചറിയുവാനുള്ള ശ്രമം  നടത്തുകയും വേണം .
            ഓരോ പ്രവാസിയും സ്വന്തം ജീവിതത്തെപ്പറ്റിയും 
സ്വാതന്ത്രത്തെപറ്റിയും ചിന്തിച്ചു തുടങ്ങുമ്പോഴേക്കും അവരുടെ ജീവിതത്തില്‍ സന്ധ്യയുടെ ഇരുള്‍ സാന്ദ്രത പടര്‍ന്നു തുടങ്ങിയിരിക്കും . ഗള്‍ഫിന്റെ സര്‍വ സുഖശീതളമയും അനുഭവിച്ചു കഴിയുന്ന ഒരുപാട് പേരുണ്ട്. എങ്കിലും ഭൂരിഭാഗം വരുന്ന പ്രവാസികളും ശരാശരി വരുമാനക്കാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ 
കഷ്ടപ്പെടുന്നവരുമാണ്. വെറും പച്ചവെള്ളത്തില്‍ ഉണക്ക ഖുബ്ബൂസ്(റൊട്ടി) മുക്കിക്കഴിച്ച് വിശപ്പടക്കി കിട്ടുന്ന വരുമാനം കുടുംബാംഗങ്ങളുടെ സൌഖ്യത്തിനായി അയച്ചു കൊടുക്കുന്നവരാണു പ്രവാസികളിലേറേയും . പക്ഷെ,ദുരഭിമാനംകൊണ്ട് ഈ വസ്തുതകളൊന്നും ആരും പുറത്തു പറയുന്നില്ല.തെക്കന്‍ കേരളത്തില്‍ നിന്ന് സന്ദര്‍ശക വിസയില്‍ സൌദി അറേബ്യയിലെത്തിയ ഒരു പാവം വീട്ടമ്മയെ ഈയിടെ പരിചയപ്പെടാനിടയായി. ജീവിതത്തിലാദ്യമായിട്ടാണു അവര്‍ 
ജനിച്ച ജില്ലവിട്ട് പുറത്തുവരുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം രണ്ടു മണിക്കൂര്‍ യാത്രചെയ്തു വാടിത്തളര്‍ന്നാ‍ണ് ഈ ഗ്രാമത്തിലെത്തിയത്. ചുറ്റുപാടും തകര്‍കിടക്കുന്ന പഴയ മണ്‍വീടുകളും ഗ്രാമ ചത്വരങ്ങളും കടന്ന് താമസത്തിനൊരുക്കിയ കൊച്ചു മുറിയിലെത്തിയപ്പോള്‍ 
ചകിതമായ മിഴികളോടെ
അമ്പരന്ന മനസ്സോടെ നിഷ്കളങ്കമായി അവര്‍ ഭര്‍ത്താവിനോട് ചോദിച്ചു. പേര്‍ഷ്യയിലേക്കുന്നു പറഞ്ഞു നിങ്ങള്‍ എന്നെ ഈ മണല്‍ക്കാട്ടിലേക്കാണൊ  കൊണ്ടുവന്നത് ?സിനിമകളിലും ചാനലുകളിലും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന വറ്ണ്ണപകിട്ടാര്‍ന്ന ഷോപ്പിങ്ങ് ഫെസ്റ്റിവലുകളും  സമ്പന്നരുടെ മുന്തിയ ഹോട്ടലുകളും അംബരചുംബികളായ സൌധങ്ങളും നടീനടന്മാരുടെ ഗള്‍ഫ് പ്രോഗ്രാമുകളും അവയുടെ ജനബാഹുല്യവുമൊക്കെക്കണ്ടു ഗള്‍ഫെന്നാള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന സങ്കല്‍പ്പത്തിലായിരുന്നു ആ പാവം വീട്ടമ്മ. വിമാനം കയറിയാല്‍ രക്ഷപെട്ടു. പിന്നെ അവന്‍ റിയാലും ദിനാറും സ്വര്‍ണവും ഖനനം ചെയ്യുകയാണെന്നാണു പരക്കെയുള്ള ധാരണ. അങ്ങനെ ധരിക്കുന്നതില്‍ അവരെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല.കൊടും ചുടേറ്റ് ഉരുകിയും അതിശൈത്യത്തില്‍ 
ഉറച്ചും സ്വന്തം നിലനില്പ്പുതന്നെ മറന്നു നാട്ടിലുള്ളവര്‍ക്ക് നാം പകര്‍ന്നുകൊടുത്ത അറിവ്പേര്‍ഷ്യ അല്ലെങ്കില്‍ ഗള്‍ഫെന്നാല്‍ 
സുഖാഡംബരങ്ങളുടെ അക്ഷയഖനിയാണെന്നാണ്.പുതിയ ഗന്ധങ്ങളും വര്‍ണ്ണങ്ങളും പരിചയപ്പെടുത്തി പൊങ്ങച്ചപെട്ടി നിറയെ സാധനങ്ങളുമായി ചെന്നിറങ്ങി വീട്ടുകാരുടേയും നാട്ടുകാരുടേയും 
ധാരണകളെ തിരുത്താതെ അത് അംഗീകാരമായി ഇത്രയും നാള്‍ നാം ഏറ്റെടുക്കുകയായിരുന്നു.
         ആര്‍ഭാടങ്ങളുടെ മേലാപ്പും ദുരഭിമാനത്തിന്റെ ഉത്തരീയവും നമ്മുടെ തോളില്‍ നിന്ന് ഇറക്കിവയ്ക്കാനുള്ള സമയമായിരിക്കുന്നു. പുളിക്കുന്ന കാഴ്ച്ചകളുടെ ബാക്കി രുചിച്ചു നമ്മുടെ ഹൃദയമിടിപ്പിന്റെ ദ്രുതതാളം നമ്മുടെ പ്രിയപെട്ടവരും മനസ്സിലാക്കട്ടെ. അനുഭവങ്ങളുടെ കാഠിന്യം കൊണ്ടു ശിലയായവരാണു പ്രവാസി സമൂഹമെന്നും ഒരു കരിങ്കല്ലെടുത്ത് ഉരസിയാല്‍ അവന്റെ ശരീരത്തില്‍ നിന്നും തീ പാറുമെന്നും അവരറിയട്ടെ. ദുരനുഭവങ്ങളുടെ നെരിപ്പോടുകള്ക്ക് അവനെ ഒരിക്കലും വേവിച്ചു കളയാനാവില്ല. കാരണം ,അവന്‍ പ്രവാസിയാണ്‌്‌ . സ്വന്തം വിയര്‍പ്പുകൊണ്ട് എണ്ണ മണക്കുന്ന ഈ മണല്‍പ്പരപ്പിന്‌ ഉപ്പുരസം നല്‍കിയാണു പ്രവാസി നാടിന്റെ പുരോഗതിക്ക് കാരണക്കാരനായി ഇവിടെ ജീവിക്കുന്നത്. അവന്റെ വഴിയില്‍ നിലാവില്ല,കരളില്‍ കിനാവും .അതിനാല്‍,ചില്ലുടഞ്ഞാതാണെങ്കിലും നമ്മുടെ മുന്നിലെ കണ്ണാടിയില്‍ ഇനിയെങ്കിലും നാം നമ്മളെ തന്നെ കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ ഒരു പക്ഷെ,സ്വന്തം നാട് അവിടുത്തെ പൌരന്മാരുടെ കണക്കെടുക്കുമ്പോള്‍ പോലും നമ്മുടെ തലക്ക് വില
ഇല്ലാതായിപ്പോവും . മധുരനീരു്‌ ഊറ്റിയെടുത്തു കഴിഞ്ഞാല്‍ കിട്ടുന്ന ചണ്ടി ആര്‍ക്കാണിഷ്ടം .
        നാട്ടിലെ സാമുദായിക സംഘര്‍ഷങ്ങളും ,ഭീകരപ്രവര്‍ത്തനങ്ങളും 
തുടര്‍ക്കഥയായി കേട്ടുണരുന്ന ഓരോ പ്രഭാതത്തിലും ,അദ്ധ്വാനമില്ലാത്ത സമ്പത്തും ,മനസ്സക്ഷിയില്ലാത്ത ആഹ്ളാദവും ,സ്വഭാവ വൈശിഷ്ടമില്ലാത്ത വിജ്ഞാനവും ,ധാര്‍മ്മീകത തീണ്ടാത്ത വ്യാപരവും ,മാനുഷീകതയില്ലാത്ത ശസ്ത്രവും ,ത്യാഗമില്ലാത്ത ആരാധനയും ,തത്വദീക്ഷയില്ലാത്ത രാഷ്ട്രീയവും വര്‍ജ്ജിക്കണമെന്ന് ഗാന്ധിജിയുടെ ഉത്ബോധനങ്ങള്‍ നമ്മുക്ക് സ്മരിക്കാം .  അവയുടെ ബലത്തില്‍ കാല്‍ച്ചുവട്ടിലെ മണല്‍ത്തരികള്‍
ഒലിച്ചു പോവാതെ,പ്രത്യാശയുടെ മുകുളങ്ങള്‍ വിരിയിക്കാം . ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ റിപ്പബ്ളിക്കായ ഇന്ത്യാ മാഹാരാജ്യത്തിലെ പൌരന്മാരെന്ന് അഭിമാനിക്കും പോലെ തന്നെ,എണ്ണകിനിയുന്ന ഈ നാടിനോടും  ,മാനവകുലത്തിനു നന്മയുടെ സന്ദേശമെത്തിച്ചുതന്ന പ്രവാചകന്റെയും ,വിശുദ്ധഗേഹങ്ങളുടെയും ഈ മണ്ണിനോടും , നമ്മുക്ക് അഷ്ടിയും അര്‍ത്ഥവും നല്കിയ ഈ രാജ്യത്തോടു കടപ്പാടുള്ളവരാകുകയും,
പെറ്റമ്മയെ പോലെ പോറ്റമ്മയെയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്താന്‍ 
കഴിയണം നമ്മുക്ക്.
(ഗള്‍ഫ് തേജസ് -23 സെപ്റ്റ്: 2011)
  

No comments:

Post a Comment