Wednesday, 26 October 2011

നിധിപോലെ...നിലാവുപോലെ....തങ്ങള്‍


കൊടപ്പനക്കല്‍ ഗേഹത്തിന്‍ പിന്നാമ്പുറത്തൊരു
തിരയുടെ തേങ്ങലാഴത്തിലലയടിച്ചുയരുന്നു
വിതുമ്പുകയാണു കടലുണ്ടിപ്പുഴയ്ക്കൊപ്പം
വിദൂര ദിക്കിലായ് നൈല്‍ നദിയിലെയോളങ്ങള്‍ പോലും .
ഹൃദയ താപത്താല്‍ കണ്ണുചിമ്മിയങ്ങു ദൂരെ,
ആകാശച്ചെരുവിലെ കുഞ്ഞു നക്ഷത്രകൂട്ടങ്ങള്‍ .
നിലാവുതിര്‍ക്കാതെ നിരര്‍ത്ഥകമായ്
ചന്ദ്രിക മാനത്തു മറഞ്ഞു നിന്നു
പൊയ്തിഴിഞ്ഞ മഴപോലെ വേദനയുടെയുറവകളില്‍
പിന്‍വിളി പോലൊരു തേങ്ങലായ് പ്രകൃതിയും ...
സ്നേഹത്തിന്റെ നറുനിലാവസ്തമിച്ചിരിക്കുന്നു -
പ്രവാചകന്റെ പിന്‍തലമുറയ്ക്കൊപ്പം സുകൃതവാനായ്
പൂര്‍വ്വ സൂരികളുടെ ജീവിതസപര്യക്ക് സാക്ഷിയായവന്‍
യുഗ പുരുഷനാം മുഹമ്മദാലി ശിഹാബ് തങ്ങള്‍ .
വിനയത്തിന്റെ നിറകുടമായ്,ആര്‍ ദ്രതയുടെ പൊയ്കയായ്
അശരണര്‍ക്കാശ്രയമായ് സങ്കടം വാങ്ങി സന്ത്വനമേകി
ദുഃഖങ്ങളിറക്കി വയ്ക്കനൊരത്താണിയായ്
ന്യായാധിപനായ് ആശയുമഭയവുമേകിയവന്‍
മുന്‍ വിധികളില്ലാത്ത തീര്‍പ്പുകളാല്‍ ചിരിനിലാവുതിര്‍ത്ത്
ഇരമ്പുന്ന കടലിനെയും ശന്തനാകിയവന്‍ .
ധാര്‍മ്മിക മൂല്യങ്ങളാകും സ്വഭാവ സൌരഭ്യത്താല്‍
നേരിന്റെ ദിക്കില്‍ പ്രഭചൊരിഞ്ഞെന്നും ചരിത്രത്തെ -
കൂടെ നടത്തിച്ചു,ലീഗിന്റെ ഹൃദയമാം തങ്ങളെന്നും .
ഉരുക്കഴിച്ച മന്ത്രങ്ങളിലൊക്കെയുമാത്മീയ
ചൈതന്യ സലിലം പകര്‍ന്നൊരു യോഗീവര്യന്‍ .
വിശ്വാസത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തവരും
ക്ഷേത്രഗോപുരങ്ങളിലഗ്നിയാളിച്ചവരും ,
വര്‍ഗ്ഗീയ വിഷവിത്തുകള്‍ വാരിവിതച്ചനേരം
തിന്മയെ നന്മയാല്‍ വിമലീകരിച്ചു തങ്ങള്‍ .
സമൂഹത്തില്‍ ശാന്തിപരത്തിടുവാന്‍
മത സൌഹാര്‍ദ്ദത്തിന്റെയസര്‍മുല്ലകള്‍ വിരിയിച്ചവന്‍
കൈനീട്ടിയവരോടൊരിക്കലും ജാതി ചോദിച്ചില്ല
മതത്തിന്റെ വിഭാഗീയത തിരഞ്ഞില്ല തങ്ങള്‍ .
വിശക്കുന്നവന്റെ വിളിയുടെ പൊരുള്‍ മാത്രമറിഞ്ഞു
കൊട്ടിയടച്ചില്ലൊരിക്കലും പാണക്കാടു തറവാടു മുറ്റം .
മതവും സമൂഹവും സംസ്കാരവും തങ്ങളില്‍
കവിതയായ് ഗസലിന്റെ ഗീതിയായ് പരിലസിച്ചു.
യജ്ഞതീര്‍ത്ഥത്തിലെ വിശുദ്ധിയും ലാളിത്യവും
താഴ്മയും ഭക്തിയും സമജ്ഞസമായ് ചേര്‍ന്നൊരു
സമര്‍പ്പിത മനസ്സിന്റെ കനിവൂറും പ്രാര്‍ഥനകള്
ലൌകീക ജീവിതത്തിന്നഗ്നി ശലാകകളായ്
സത്യം വിതച്ചു സമത്വം കൊയ്തു ജനങ്ങളില്‍ .
സാമൂഹിക വിപ്ളവത്തിന്റെ കാവല്‍പ്പോരാളിയാം തങ്ങള്‍
കാലത്തിന്റെ മറുതീരത്തേക്ക് പ്രയാണം ചെയ്യുമ്പോള്‍
അശ്രുവാര്‍ന്ന മിഴികളോടെ ഗദ്ഗദകണ്ഠരായ്
ആര്‍ത്തരായനുയായി വൃന്ദങ്ങളെമ്പാടും
വക്കുടഞ്ഞ പ്രതീക്ഷകള്‍ പോലനാഥമായ്
പൂമുഖത്തളത്തിലെ കസേരയും മേശയും
നിലച്ചുപോയ് മുറ്റത്തെ മൃദുവാര്‍ന്ന പദനിസ്വനവും
കാലമാം മഹാനദിയിനിയുമൊഴുകും
യുഗങ്ങളുടെ ജൈത്രയാത്രയിനിയും തുടരും
എങ്കിലും ,
സ്വര്‍ഗ്ഗീയ ഹൌളിന്‍ തീരത്തെ പൂമരമായ്
ഓര്‍മ്മ ചെപ്പിലെ തിളങ്ങുന്നൊരു താരകമായ്
നിധിപോലെ നിലാവുപോലെ ജന്മ ജന്മാന്തരങ്ങളില്‍
തങ്ങളെന്നും ജീവിക്കും ജനപഥങ്ങളില്‍ .

     (വചനം ഈ മാഗസിൻ)


4 comments:

 1. മുല്ലപ്പൂവിന്റെ പരിമളം...
  മഞ്ഞു.തുള്ളിയുടെ വിശുദ്ധി...
  വിശേഷന്നങ്ങള്‍ക്കും...,വാക്കുകള്‍ക്കും അദീധനാം....തങ്ങള്‍.....

  ആശംസകള്‍.....

  ReplyDelete
 2. "വക്കുടഞ്ഞ പ്രതീക്ഷകള്‍ പോലനാഥമായ്
  പൂമുഖത്തളത്തിലെ കസേരയും മേശയും..."

  ഹൃദയമുരുകും കാഴ്ചയതു തന്നെ,
  ശൂന്യമനാഥം ശുഭ്രതാരാപഥം...
  വാക്കുടഞ്ഞ് പോകുന്നു, കണ്ണ് പെയ്യുന്നു...
  സയ്യിദ് ശിഹാബ്
  മിഴിവാർന്നൊരോർമ്മയായ് വെട്ടം പരത്തുന്നു
  തിരിയൊട്ടും താഴ്ന്നു പോവാതെയിപ്പോഴും...

  ReplyDelete