കഴിഞ്ഞ നാലഞ്ചു ദിവസങ്ങളുടെ തുടർച്ചയെന്നോണം ഇന്നും ഡ്യൂട്ടിക്കുള്ള യാത്രാമദ്ധ്യേ കണ്ടു വഴിവക്കിൽ ചത്തുകിടക്കുന്ന പൂച്ചകളെ... മരുഭൂമിയിൽ മഞ്ഞുകാലം തുടങ്ങിയാൽ ശൈത്യ ബാധ ആദ്യം ഏൽക്കുന്ന ജീവിവര്ർഗ്ഗമാണ് പൂച്ചകളും പക്ഷികളുമൊക്കെ. രാത്രി താപ നില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ, ഇരുട്ടുനൊപ്പം കൊഴുക്കുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയില്ലാതെ മരണത്തിന് അടിയറവ് പറയുന്നവർ. പ്രഭാതങ്ങളെ നോക്കി കുമ്പസാരിച്ചിരുന്ന പ്രാവിണകൾ ഏതു മേടയിൽ അഭയം തേടിയെന്നോ, മരച്ചില്ലകളിൽ ചില്ലാട്ടം പറന്നിരുന്ന അടയ്ക്കാകുരുവികൾ എങ്ങോട്ട് ദേശാന്തര ഗമനം നടത്തിയെന്നോ എനിക്കറിയില്ല. വിജനത നിഴലിക്കുന്ന വഴിവക്കിൽ ശിശിരം നഗ്നമാക്കിയ വൃദ്ധ വൃക്ഷങ്ങളോടൊപ്പം പച്ചപ്പ് കൈമോശം വന്നു കൊണ്ടിരിക്കുന്ന അലങ്കാരച്ചെടികൾ. പരിക്ഷീണിതരെങ്കിലും ഒട്ടകക്കൂട്ടങ്ങളും ചെമ്മരിയാടുകൾക്കൊപ്പം മരുഭൂമിയുടെ വന്യതയിൽ മേഞ്ഞു നടക്കുന്നു. എങ്കിലും കര്ർമ്മപഥത്തോടുള്ള പ്രതിബദ്ധത നിമിത്തം, കണ്ണിലെ മങ്ങിയ പ്രകാശമൊഴിച്ചുള്ള ശരീര ഭാഗങ്ങൾ പൊതിഞ്ഞു കെട്ടി അതി ശൈത്യത്തിലും പാവപ്പെട്ട തൊഴിലാളികൾ പണിയെടുക്കുന്നു. ശിശിര പുഷ്പങ്ങൾക്കൊപ്പം, മഞ്ഞുപാളികളും സ്ഫടികഗോളങ്ങൾ പോലെ സൂര്യപ്കാശത്തിൽ മുഖം മിനുക്കുമ്പോൾ, അനുകമ്പ ഊതിവീർപ്പിച്ച എന്റെ ഹൃദയത്തിൽ നിശ്വാസങ്ങളുടെ ആന്ദോളനം. വിഷാദം, മൂകം,ആധിയോടൊരു നെഞ്ചിടിപ്പ്...പ്രവാചക മനസ്സുകൾകൾക്കു പോലും ഉൾക്കൊള്ളാനാവാത്തൊരു നിസ്സംഗത.

തുലാവർഷത്തിലും ഇടവപ്പാതിയിലും മഴ നനഞ്ഞു മേയുന്ന പൈക്കളെ കാണുമ്പോൾ, മരച്ചില്ലകളിൽ നനഞ്ഞൊട്ടി ചിറകൊതുക്കിയിരിക്കുന്ന പക്ഷികളെ കാണുമ്പോൾ, തണുപ്പകറ്റാൻ ദൈവം അവർക്കു നൽകിയ രോമവും തൂവലുകളും മതിയാവുമോ എന്ന ചിന്ത പണ്ടൊക്കെ എന്നെ അലട്ടിയിരുന്നു. മരംകോച്ചുന്ന തണുപ്പെന്ന് അതിഭാവുകത്വത്തോടെ അന്നൊക്കെ നാം പറയുമായിരുന്നെങ്കിൽ, മരവും കോച്ചുകയാണല്ലോയെന്ന സാംഗത്യത്തെ ഉൾക്കൊള്ളാൻ പ്രേരിതമാക്കുന്നു പ്രവാസ ഭൂമിയിലെ ഈ മരുമഞ്ഞ്. എല്ലാ ഋതുക്കൾക്കും അതിന്റേതായ അടയാളപ്പെടുത്തലുകളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുഖകരമായ ഋതുഭേദങ്ങൾ ലോകത്തിന്റെ മറ്റൊരു കോണിലും നമുക്ക് കണ്ടേടുക്കനാവില്ല. ചില മനുഷ്യരിലെ ദ്വന്ദ്വ വ്യക്തിത്വം പോലെ ഇവിടെ മരുഭൂമിക്കുമുണ്ട് രണ്ടു മുഖങ്ങൾ. വേനലിൽ ചുട്ടുപഴുത്ത് ഒരു വ്യാളിയെപ്പോലെ തീ ചീറ്റുമെങ്കിൽ, ശൈത്യത്തിൽ പഞ്ചപുച്ഛമടക്കി തണുത്ത് മരവിച്ച് നിർജീവമാവുന്നു മരുഭൂമി. താഴ്വരകളിൽ രാത്രിയുടെ മഞ്ഞുറയുമ്പോൾ, ഇവിടെ ജീവിത ദൈന്യതകളുടെ ഉരുകിയ മെഴുക് തണുത്തുറയുന്നു. ചൂള പോലെരിയുന്ന സ്വന്തം മനസ്സിലെ ചൂടു കൊണ്ട്, തനിക്കു ചുറ്റുമുള്ള തണുപ്പിനെ ആട്ടിയകറ്റുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും.

പ്രഭാതകൃത്യങ്ങളുടെ ചിട്ടവട്ടങ്ങളൊക്കെ ശൈത്യ കാലത്ത് തകിടം മറിയുന്നു. യൂക്കോൺ നദിയിലെ ഹിമക്കട്ടകൾ മാതിരി വാട്ടര്ർടാങ്കിലും ഹിമ പാളികൾ രൂപമെടുക്കുന്നതിനാൽ, പൈപ്പു തുറന്നാലും വെള്ളം ഒഴുകിയെത്താൻ കാത്തിരിക്കണം. വില്ലുപോലെ വളഞ്ഞ്,കട്ടിക്കമ്പളങ്ങൾക്കുള്ളിലെ മൃദുതാപത്തിൽ മയങ്ങുന്ന കുഞ്ഞുങ്ങളെ പഠനഭാരത്തിന്റെ പൊക്കണവും ചാർത്തി വിദ്യാലയ വഴികളിലെ ആളുന്ന തണുപ്പിലേക്ക് തള്ളിവിടുകയെന്നത്, അമ്മമാരെ സംബന്ധിച്ച് മനസ്സിന്റെ ദുർഘടതകളിലൊന്നാണ്. പക്ഷേ ഭൂമി അതിന്റെ സഞ്ചാര പഥങ്ങളിൽ കൈവരിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങളെ മാറ്റിമറിക്കുകയെന്നത് മനുഷ്യനെന്ന ജൈവ യന്ത്രത്തിന് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ഹിമ യുഗത്തിലെ ആദിമമനുഷ്യർ അനുഭവിച്ചതിൽ കൂടുതലൊന്നുമല്ലല്ലോ ഇത്. അതിനാൽ ശൈത്യകാലവും നമ്മുക്ക് ആസ്വദിക്കാം. മൺചൂളകളിൽ ചിട്ടെടുക്കുന്ന ഗോതമ്പു റൊട്ടികളിൽ എള്ളും,പഞ്ചസാരയും വിതറി ചൂടോടെ കഴിക്കാം, ആവി പറക്കുന ചായയോ കാപ്പിയോ കുടിച്ച്, ചൂട് കടലയോ കപ്പലണ്ടിയോ കൊറിച്ച് വേനലിനെപ്പറ്റി വാചാലമാവാം. ഗ്രീഷ്മ സ്വപ്നങ്ങളെ താലോലിക്കാം. വാസര രജനികളിൽ മഞ്ഞിന്റെ മുഖം കനം തൂങ്ങുമ്പോൾ സുഖത്തിനു വേണ്ടിയെങ്കിലും ഒരു ജ്വരമൂർച്ഛയ്ക്ക് കാതോർക്കാം, ഈ ഭൂപടമൊന്നാകെ തീ പിടിക്കട്ടെയെന്ന് അത്യാഗ്രഹപ്പെടാം. കാരണം, മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് അതിബുദ്ധിയിലും, ചിന്താ ശേഷിയിലും ഉത്തുംഗനാണല്ലോ മനുഷ്യകുലം.

( സൻഡേ പ്ലസ്, മലയാളം ന്യൂസ്,സൗദി അറേബ്യ)
No comments:
Post a Comment