Wednesday, 6 June 2012

നീലക്കല്ലു പതിച്ച പതിനേഴാം രാവിന്റെ ഓര്‍മ്മയ്ക്ക്


               ബാല്യ കൌമാരങ്ങള്‍  ചെലവഴിച്ചത് തിരക്കേറിയ പട്ടണത്തിനുള്ളിലായതിനാലും, അവിടെ നൂറുകണക്കിന്‌ കൃസ്തീയ,ഹിന്ദു കുടുംബങ്ങള്‍ക്ക് നടുവിലെ ഏക മുസ്ലിം കുടുംബമായിരുന്നു ഞങ്ങളെന്നതിനാലും നോമ്പിന്റെ സജീവതകള്‍
ഞങ്ങളെ സംബന്ധിച്ച് അന്യമായിരുന്നു. പഠിച്ചിരുന്ന കോണ്‍വെന്റില്‍ അന്ന് ഞങ്ങള്‍ മാത്രമായിരുന്നു ആകെ മുസ്ലിം വിദ്യാര്‍ത്ഥികള്‍. അവര്‍ക്കിടയില്‍ നോമ്പെടുക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ശ്രമകരമായിരുന്നു. മദ്രസ്സ പഠനത്തിനായി ഏപ്രില്‍ മെയ് മാസത്തിലെ അവധിക്കാലത്ത് ഞങ്ങളെ നാട്ടില്‍ കൊണ്ടുപോയി നിര്‍ത്താറാണ്‌ പതിവ്. മതാപിതാക്കളുടെ സ്വദേശമായ ശാസ്താംകോട്ടയായിരുന്നു ഞങ്ങളുടെ നാട്. അവിടെ സ്നേഹനിധിയായ വല്യുമ്മയുണ്ട്.,കൂട്ടുകുടുംബത്തിലെ കുട്ടികളുണ്ട്, ബന്ധു മിത്രാദികളൊക്കെയുണ്ട്. ആ രണ്ടു മാസം ഞങ്ങള്‍ക്ക് ആനന്ദത്തിന്റെ കാലഘട്ടമായിരുന്നു.
 അങ്ങനെയൊരവധിക്കാലത്തെ നോമ്പു മാസത്തിലാണ്‌ ഞാന്‍ ആദ്യമായി നോമ്പുപിടിക്കുന്നത്. എങ്ങും നോമ്പിനു മുന്നോടിയായുള്ള അടിച്ചുതളിയും നനച്ചുകുളിയും പിന്നെ നോമ്പിന്റെ ചിട്ട വട്ടങ്ങളും. തുണികളും ,പായും,തടുക്കും വരെ കായലില്‍ കൊണ്ടുപോയി കഴുകിയുണക്കി, വീട്‌ വൃത്തിയാക്കി, മനസ്സും ശരീരവും മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കി പുണ്യമാസത്തെ വരവേല്‍ക്കാന്‍ തയ്യാറാവുന്ന നാടും നാട്ടാരും. സക്കാത്തു പിരിക്കാനായി ദൂരദിക്കില്‍നിന്നൊക്കെ വരുന്ന സ്ത്രീകള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നത് നഗരത്തിലെ അണുകുടുംബത്തില്‍ നിന്ന് വന്ന ഞങ്ങള്‍ക്ക് വേറിട്ട കാഴ്ചക്ളായിരുന്നു.

                നോമ്പിന്റെ പുണ്യത്തെപറ്റിയും, സക്കാത്തിന്റെ ശ്രേഷ്ഠതകളെപ്പറ്റിയുമൊക്കെ ഉസ്താദ് പകര്‍ന്നു തന്ന പുത്തനറിവുകള്‍ ഹൃദയ മന്ത്രങ്ങളാക്കി പവിത്രമാസത്തിന്റെ അനുഗ്രഹത്തിനായി ഞങ്ങളും നോമ്പു നോറ്റു. നോമ്പു തുറക്കുന്ന സമയമാകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഉമ്മറത്തിണ്ണയില്‍ നിരന്നിരിക്കും. വാഴയിലക്കീറില്‍ വിഭവങ്ങള്‍ നിരത്തി ബാങ്കു വിളിക്കായി കാതോര്‍ക്കും. ജംഗ്ഷനില്‍ത്തന്നെയായിരുന്നു ഞങ്ങളുടെ തറവാട്. അതിനാല്‍ നോമ്പുള്ള വഴിപോക്കര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കയറി നോമ്പു തുറക്കുക പതിവായിരുന്നു. പതിനേഴാം രാവും ഇരുപത്തിയേഴാം രാവും ആയിരുന്നു അന്ന്‌ പോരിശപ്പെട്ട നോമ്പു ദിനങ്ങള്‍. പള്ളികളിലും വീടുകളിലും അന്ന് വിഭവ സമൃദ്ധമായ നോമ്പു തുറയാണ്‌. ആ ദിനങ്ങളിലെ സക്കാത്തിന്റെ പുണ്യം വളരെയധികം ഇരട്ടിയാണെന്നാണ്‌ ശ്രുതി. സക്കാത്തു പണം കൊടുക്കുന്നതിനായി വല്യുമ്മ നോട്ട് മാറി ചില്ലറത്തുട്ടുകള്‍ കൊണ്ട് പാട്ട നിറച്ചിട്ടുണ്ടാവും. മുതിര്‍ന്നവര്‍ ജോലിത്തിരക്കിലാണെങ്കില്‍ വരുന്നവര്‍ക്ക് ചില്ലറ കൊടുക്കേണ്ടത് ഞങ്ങള്‍ കുട്ടികളുടെ ബാധ്യതയായിരുന്നു. അങ്ങനെയൊരു പതിനേഴാം രാവിന്റെ, ദിനത്തിലാണ്‌ ഒരു ഉമ്മയും മകളും പണപ്പിരിവിനെത്തുന്നത്. ഉമ്മറത്തിരുന്ന ഞാന്‍ ഉത്സാഹത്തോടെ നാണയത്തുട്ടുകള്‍ അവരുടെ കൈകളില്‍ വച്ചു കൊടുത്തു. നിസ്സംഗതയോടെ ആ നാണയത്തിലേക്കും എന്റെ മുഖത്തേക്കും നോക്കിയിട്ട് ആ ഉമ്മ പറഞ്ഞു,

              "ആണ്‍തുണയില്ലാതെ എനിക്ക് അഞ്ചുപെണ്‍മക്കളാണ്‌. കഷ്ടപ്പാടുകള്‍ കൊണ്ട് ഒന്നിനെപ്പോലും കെട്ടിച്ചയച്ചിട്ടില്ല. മനസ്സറിഞ്ഞ് വല്ലതും തരാന്‍ മോള്‌ ഉമ്മയോട് പറ."

               ഞാന്‍ അടുക്കളയിലെത്തിയപ്പോള്‍ പെണ്ണുങ്ങള്‍ നല്ല ജോലിത്തിരക്കില്‍. വല്യുമ്മയാകട്ടെ കുളിക്കുകയുമാണ്‌. തിരികെ നടന്ന എന്റെ കണ്ണില്‍ അപ്പോഴാണ്‌,ഊരി വച്ച, വല്യുമ്മയുടെ ആഭരണങ്ങള്‍ പതിഞ്ഞത്. കൂട്ടത്തില്‍ നീലക്കല്ലു പതിച്ച ഒരു മോതിരമുണ്ടായിരുന്നു. ഞാനതെടുത്ത് പാവപ്പെട്ട ആ ഉമ്മയ്ക്കു കൊടുത്തു. രണ്ടു കണ്ണിലും വച്ച് തൊഴുത് നിര്‍വൃതിയോടെ അവര്‍ തിരികെ പ്പോയി. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്ത ചാരിതാര്‍ത്ഥ്യത്തില്‍ ഞാനും. കുളികഴിഞ്ഞെത്തിയ വല്യുമ്മ മോതിരം തിരഞ്ഞെപ്പോഴാണ്‌ സംഗതി ഗൌരവമായത്. മോതിരം സക്കാത്ത് കൊടുത്തെന്ന നഗ്ന സത്യം പത്തു വയസ്സുകാരിയുടെ നാവില്‍ നിന്നു തന്നെ പുറത്തു വന്നപ്പോള്‍ ഉമ്മയും കുഞ്ഞുമ്മമാമരും എന്റെ നേരെ കാലുഷ്യത്തിന്റെ നോട്ടമെറിഞ്ഞു. ബാപ്പ കലി തുള്ളി. തെറ്റിന്റെ ഗൌരവം മനസ്സിലാകാതെ നോമ്പിന്റെ ക്ഷീണത്തില്‍ കൂമ്പിയ മിഴികളുമായി ഞാനും. പക്ഷേ എന്റെ പ്രതീക്ഷകള്‍ക്കു വിപരീതമായി, ചുണ്ടില്‍ ഒരു മന്ദസ്മിതം വിരിയിച്ച് വല്യുമ്മ പറഞ്ഞ ചന്ദന സുഗന്ധമുള്ള വാക്കുകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു.

              "എന്റെ കുഞ്ഞ് സന്മനസ്സു തോന്നി അവരുടെ കഷ്ടപ്പാടറിഞ്ഞു കൊടുത്തതല്ലേ, അവളുടെ നല്ല മനസ്സ് കണ്ടറിഞ്ഞ്‌  പടച്ചവന്‍ അതിനുള്ള പ്രതിഫലം അവള്‍ക്ക്‌ കൊടുക്കട്ടെ.ഞാന്‍ മനസ്സറിഞ്ഞ്‌,എന്റെ കുഞ്ഞിനു വേണ്ടി, അല്ലാഹുവിന്റെ പേരില്‍ അത്‌ സദഖയാക്കി പൊരുത്തപ്പെട്ടിരിക്കുന്നു."

              ഒരു നിമിഷം എന്റെ നേര്‍ക്ക്‌ പാഞ്ഞടുത്ത കൊടുങ്കാറ്റ്‌ ,ആ വാക്കുകളിലെ ആഴമറിയാത്ത പൊരുളിനാല്‍,നേര്‍ത്ത ചെറു തെന്നലായി എന്നെ തഴുകി.കരയാനുഴറിയ  മിഴികള്‍  വിടര്‍ന്നു.
സ്നേഹത്തിന്റെ നനവുള്ള ഓര്‍മ്മയായിരുന്നു വല്യുമ്മ.കനിവാര്‍ന്ന അവരുടെ കര്‍മഫലം കൊണ്ടായിരിക്കാം,വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു വ്രത സമാപ്തിയില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ,യാതൊരു അസുഖങ്ങളും അലട്ടാതെ,ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ , പള്ളിയിലെ തക്ബീര്‍ വിളികളും കേട്ട്,അവര്‍ നല്ല മരണത്തിലേക്ക്‌ പ്രവേശിച്ചത്‌.
ഒരു തുള്ളിക്കണ്ണീരായി വല്യുമ്മയും ആ നീലക്കല്ലു പതിച്ച മോതിരവും ഓര്‍മകളില്‍ ഘനീഭവിക്കുന്നു.ഒപ്പം വര്‍ത്തമാന കാലത്തു നിന്ന്‌ പിന്തിരിഞ്ഞു നോക്കുമ്പോള്‍ സ്മരണകളില്‍ത്തടയുന്ന ചിന്തകളുടെ അനുഭൂതികള്‍ അനശ്വരതയുടെ സങ്കീര്‍ത്തനമായി ഹൃദയത്താളുകളില്‍ നിറയുകയാണ്‌ ഓരോ ആണ്ടിലെയും റമദാന്‍ ദിനങ്ങളില്‍.....

( 2010അഗസ്റ്റ് 30 ഗള്‍ഫ് മാധ്യമം -ഓര്‍മ്മയിലെ റമദാന്‍ )

4 comments:

  1. ഹൃദയ സ്പര്‍ശിയായ ....എഴുത്ത് ...ആ പത്തു വയസു കാരിയുടെ മനസ് എന്നും സൂക്ഷിക്കാന്‍ അലാഹു അനുഗ്രഹിക്കട്ടെ .....:)

    ReplyDelete
  2. It is very touchable one . W e can prayer to Allah for a broad minded life. "Where there is no property there is no injustice."

    ReplyDelete
  3. സബീജി... നല്ല രചന.. ആശംസകള്‍ ....!!!

    ReplyDelete