Wednesday 4 July 2012

ജീവിത നിറങ്ങളില്‍ ചിലത്.......





നെഞ്ചിലൊരു പിക്കാസോ ഒളിഞ്ഞിരിപ്പുണ്ട്
ജീവിതത്തിന്റെ കുഴമറിച്ചിലുകളില്‍
... മാഞ്ഞ വരകളെ തെളിച്ചും
തെളിഞ്ഞ വരകളെ മായ്ച്ചും
നിസ്സഹായതകളെ നിറം പൂശിയും
ചിത്രകാരന്‍ ചിരിക്കുന്നു.
അരിപ്രാവിന്റെ ചിറകില്‍ നിന്ന്‌
വെളുപ്പൂറ്റിയൂറ്റി,
കാഴ്ചകളുടെ വേഴ്ചയെ പിന്താങ്ങി
വെളിച്ചം തീരുമ്പോള്‍
ഇരുളിന്റെ കറുപ്പു തീര്‍ത്തും
ഇലതുമ്പിലെ പച്ചയില്‍
പ്രതീക്ഷയുടെ തൊങ്ങലു ചാര്‍ത്തിയും
പ്രണയം കൊണ്ട് ,
ഹൃദയത്തില്‍ മഴവില്ല്‌ ചാലിച്ചും
പകയുടെ ചെഞ്ചായത്തില്‍ നിന്ന്
സ്നേഹത്തിന്റെ പനിനീര്‍പൂവ് പറിച്ചെടുത്തും
പരിണയത്തിന്റെ മഞ്ഞച്ചരടിനെ
സൂര്യകാന്തിയില്‍ തൊട്ട്
ഋതുഭേദങ്ങളില്‍ പടര്‍ത്തിയും
ചിത്രകാരന്‍ രമിക്കുന്നു.
ഉന്മാദിയുടെ നിശാ ഗൃഹങ്ങളില്‍
വെളുപ്പിന്റെ രേതസ്സൊഴുകുമ്പോള്‍
നനഞ്ഞ മണ്ണില്‍ പടര്‍ന്നിറങ്ങുന്ന
വിത്തുകള്‍ക്കൊക്കെയും ഊതവര്‍ണം.
ശ്വാസകോശത്തില്‍ ഈര്‍പ്പത്തിന്റെ
അവസാന കണികയും വറ്റുമ്പോള്‍
ബ്രഷും പാലറ്റും ദൂരെയെറിഞ്ഞ്
കാലമാപിനികളെ തച്ചുടച്ച്
ശബ്ദങ്ങളും അടയാളങ്ങളും തേടി
ആശയ്ക്കും നിരാശയ്ക്കുമിടയിലെ
നിറമില്ലായ്മയിലേക്ക് -
ചിത്രകാരന്‍ നിശബ്ദം പടിയിറങ്ങുന്നു.
പഴി പറയാന്‍ കുറെ ജീവിത സത്യങ്ങള്‍ ബാക്കി വച്ച്..



( 2012 ജൂലൈ 2 - മധ്യമം ആഴ്ചപ്പതിപ്പ്)

3 comments: