Monday 26 November 2012

സൗഹൃദങ്ങൾ സുകൃതം ചൊരിയുമ്പോൾ.....



സഹജീവികളുടെ സ്നേഹത്തിനായി വിശന്നിരിക്കുന്നവരാണ്‌ നാം ഓരോരുത്തരും...(മാക്സിം ഗോർക്കി)

           ഭോഗതൃഷ്ണ വർദ്ധിപ്പിക്കുന്ന  കമ്പോള സംസ്കാരത്തിൽ കേവലം ലൈക്കും ഷെയറും, ടാഗും മറ്റുമായി സൗഹൃദത്തിന്റെ മുഖം മാറിക്കൊണ്‌ടിരിക്കുമ്പോൾ മേലുദ്ധരിച്ച വരികൾക്ക്‌ എത്രമാത്രം പ്രാധാന്യമുണ്‌ടെന്ന്‌ എനിക്ക്‌ നിശ്ചയമില്ല. പക്ഷെ ഒന്നറിയാം. “ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന് ”.ആത്മാർത്ഥ സൗഹൃദങ്ങളെ ഉദ്ദേശിച്ചുള്ള നമ്മുടെ ആ പഴഞ്ചൊല്ലിൽ പതിര്‌ ഒട്ടും തന്നെയില്ല. ആത്മാർത്ഥസുഹൃത്തുക്കൾ  നമ്മുടെ കുറവുകൾ കണ്ടറിഞ്ഞ്‌, ഏതവസ്ഥയിലും നമ്മോട്‌ സഹകരിക്കുന്നവരായിരിക്കും. ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ കയറി വരുന്ന  നിസ്സഹായതകളിൽ, അനുതപിക്കുവാനും സ്നേഹസാന്ത്വനങ്ങൾ പകരുവാനും അവർ എപ്പോഴും കൂടെത്തന്നെയുണ്‌ടാകും . സൗഹൃദത്തിന്റെ അത്തരം ഇടത്താവളങ്ങളെ വർണിക്കുവാൻ ഭാഷയിലെ സാന്ദ്രസുന്ദര പദാവലികളൊന്നും തികയില്ല തന്നെ. നമ്മുടെ ജീവിതോദ്യാനത്തിൽ സുഗന്ധം പരത്തി വിടർന്നു  നിൽക്കുന്ന പനിനീർപ്പൂക്കളാണ്‌ അത്തരം സൗഹൃദങ്ങൾ. അവർ കൂടെയുള്ളിടത്തോളം കാലം ഒറ്റപ്പെടലിന്റെ നഷ്ടബോധം നമ്മെ അലട്ടുകയുമില്ല. അങ്ങനെയുള്ള സൗഹൃദങ്ങളിൽ ഒരിക്കലും കണക്കുകളോ കടപ്പാടുകളോ ഉണ്‌ടായിരിക്കുകയുമില്ല. ഉപാധിയില്ലാത്ത അത്തരം സ്നേഹബന്ധങ്ങൾ നടുക്കടലിൽപ്പെട്ട നാവികന്റെ മുന്നിലെ തുരുത്താണ്‌. നമ്മുടെയുള്ളിലെ കടലിളക്കങ്ങളിൽ സ്നേഹത്തോണിയുമായി വരുന്നവരാണവർ. അതുകൊണ്‌ട്‌
            “സമ്പത്തിലുണ്‌ടാം സഖിമാരനേകം
              ദു:ഖം വരുമ്പോൾ പുനരാരുമില്ല”.   എന്ന്‌ നമ്മുടെ കവികളിലാരോ പാടിയത്‌ ഒരിക്കലും ആത്മാർത്ഥ സൗഹൃദങ്ങളെക്കുറിച്ചായിരിക്കില്ല.

             ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അവന്റെ സുഹൃദ് വലയത്തിൽ പല മേഖലയിൽ നിന്നുള്ള വ്യത്യസ്ത  സ്വഭാവക്കാരായ ആളുകളുണ്‌ടാകാം. നമ്മുടെ അവസ്ഥകളോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതാവണം സുഹൃത്തുക്കളെ അളക്കാനുള്ള നമ്മുടെ മാനദണ്‌ടം. സ്വാർത്ഥൈക തൽപരരായ സുഹൃത്തുക്കളുണ്‌ടെങ്കിൽ തങ്ങളുടെ സ്വാർത്ഥതാ നിർവഹണത്തിനു വേണ്‌ടി മാത്രമായിരിക്കും അവർ സൗഹൃദങ്ങളെ ഉപയോഗപ്പെടുത്തുക. ദുരയും ദുർമ്മോഹവും ഉള്ളിൽക്കൊണ്‌ടു നടക്കുന്ന അത്തരക്കാരെ തിരിച്ചറിഞ്ഞ്‌ അർഹിക്കുന്ന പ്രാധാന്യത്തോടേ തള്ളിക്കളയുകയാണ്‌ വേണ്‌ടത്‌. കാണുമ്പോൾ മലർക്കെ ചിരിച്ച്‌ നമ്മുടെ അപദാനങ്ങൾ പാടുകയും പിന്നീട്‌ മാറി നിന്ന്‌ പുച്ഛിക്കുകയും ചെയ്യുന്നതാണ്‌ മറ്റു ചില സൗഹൃദങ്ങൾ. നമ്മുടെ വിജയകാഹള പ്രഘോഷണങ്ങളിൽ അവരായിരിക്കും മുന്നിൽ നിന്ന്‌ ആദ്യത്തെ അമിട്ട്‌ പൊട്ടിക്കുന്നത്‌. അണിയത്തും അമരത്തും സൗഹൃദാധിക്യത്തിന്റെ വഞ്ചിപ്പാട്ട്‌ മൂളുന്നവർ. നമുക്കൊരു വീഴ്ചയോ ദുരിതമോ സംഭവിച്ചെന്നിരിക്കട്ടെ, നല്ല സമരിയാക്കാരന്റെ വേഷംകെട്ടലുകൾ മാത്രമുള്ള അത്തരക്കാരുടെ പൊടി പോലുമുണ്‌ടാവില്ല കണ്‌ടു പിടിക്കാൻ. നിഷ്ക്രിയത്വം പാലിക്കാൻ മിടുക്കരായ അവർക്ക്‌ ജീവിതം തന്നെ ഒരു നാട്യമായിരിക്കും.

           ഒരുപാട്‌ സൗഹൃദങ്ങളുണ്‌ടെന്ന്‌ സ്വയം വിശ്വസിക്കുന്ന  എന്നെയും സൗഹൃദങ്ങളെപ്പറ്റി ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്‌ ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളാണ്‌. വീട്ടുകാരേയും ബന്ധങ്ങളെയും വിട്ട്‌ പ്രവാസിയായിക്കഴിയുന്ന ഏതൊരാളും അത്തരം സന്ദർഭങ്ങളിലാണ്‌, രക്തബന്ധങ്ങളേക്കാൾ  സുഹൃദങ്ങളുടെ വില മനസ്സിലാക്കുന്നതും, നിലവിലുള്ള സൗഹൃദങ്ങളെ പുനർവിചിന്തനം ചെയ്യുന്നതും. മനസ്സിന്റെ ഒരു കോണിൽപ്പോലും ഇടം കൊടുക്കാത്തവരായിരിക്കും ചിലപ്പോൾ ഒരു ആശ്വാസ വാരിധിയായി നമ്മിലേക്ക്‌ ഒഴുകിയെത്തുക.ബന്ധുക്കളുടേയും ബന്ധങ്ങളുടെയും  നിറവില്ലാതെ വരുമ്പോൾ , മനസ്സിന്റെ കിണറാഴങ്ങളിൽ പിടഞ്ഞു കൊണ്‌ടിരിക്കുന്ന  സ്വകാര്യ വേദനകളെ ഏറ്റെടുക്കാൻ ആളുണ്‌ടാവുകയെന്ന  വലിയ സന്തോഷം പോലെ തന്നെയാണ്‌, ആത്മാർത്ഥ സുഹൃത്തുക്കളെന്ന നാട്യത്തിൽ നമ്മോടൊത്ത്‌ കഴിഞ്ഞവർ അവഗണിച്ചാലുള്ള തീരാവേദനയും.  വളരെയധികം കാര്യങ്ങൾ കണ്‌ടും കേട്ടും മനസ്സിലാക്കാൻ  കഴിയുന്ന ഒരു തുറന്ന പുസ്തകമാണ്‌ ഒരോ ജീവിതവും.അതിൽ സൗഹൃദം എന്ന പാഠഭാഗത്തു നിന്ന്‌ നാം മനസ്സിലാക്കേണ്‌ട ചില കാര്യങ്ങൾ ഇതാ....ഒരു വ്യക്തിയുടെ ഹൃദയഭാരം ഏറ്റെടുക്കാൻ അപരൻ തയ്യാറാകുമ്പോഴാണ്‌ അവർ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നത്‌..മറ്റുള്ളവരുടെ പ്രീതിക്കു വേണ്‌ടി സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്നവനായിരിക്കരുത്‌ യഥാർത്ഥ സുഹൃത്ത്‌. ബന്ധങ്ങളുടെ പരിപാവനതയെ എറിഞ്ഞുടയ്ക്കുമ്പോഴൊക്കെയും മറക്കാനും മാപ്പു കൊടുക്കാനുമുള്ള കഴിവ്‌ മനുഷ്യനെ ഉന്നതനാക്കും. എല്ലാ വേദനകളും വിസ്മൃതിയായിപ്പോകുന്നത്‌ പുണ്യമാണ്‌. കാരണം അവയൊക്കെ ഓർത്തുകൊണ്ടിരുന്നാൽ മാത്രമേ നമ്മിൽ വ്യക്തിപരമായ അന്ത:സംഘർഷങ്ങൾ ഉടലെടുക്കുകയുള്ളു. സമുദായങ്ങൾ കൂടിച്ചേരാനാവാത്ത വിധം അകന്നുപൊയ്ക്കൊണ്‌ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജാതിയോ മതമോ നോക്കിയായിരിക്കരുത്‌ സൗഹൃദങ്ങളെ തെരെഞ്ഞെടുക്കേണ്‌ടത്‌.മറിച്ച്‌ മനസ്സിന്റെ പൊരുത്തപ്പെടലുകൾക്ക്‌ വിധേയമായി മാത്രമായിരിക്കണം.

             സൗഹൃദങ്ങൾക്കൊക്കെയും അത്മാവില്ലാത്ത അവസ്ത്ഥയാണിപ്പോൾ.ഏറെ പ്രഘോഷിക്കപ്പെടുന്ന പല ലിവ്‌ ഇൻ റിലേഷൻസിൽപ്പോലും സൗഹൃദത്തിന്റെ ലാഞ്ജന നമുക്ക്‌ കണ്‌ടെടുക്കാനാവുന്നില്ല. ലോകം ഒരു മഞ്ചാടിക്കുരുവോളം ചുരുങ്ങുമ്പോൾ വിരൽത്തുമ്പിലെ ഇ.ലോകത്ത്‌,ചാറ്റ്‌ ബോക്സിലെ അത്യന്തം ഔപചാരികമായ ഹായ്‌കൾക്കപ്പുറം,യഥാർത്ഥ സൗഹൃദത്തിന്റെ അനന്തവിഹായസ്സിനെ അടുത്തറിയാൻ ആരും തന്നെ ശ്രമിക്കുന്നില്ല.ദ്വന്ദ വ്യക്തിത്വമുള്ളവരും, മുഖംമൂടിയണിഞ്ഞവരുംമാത്രമുള്ള, സൗഹൃദങ്ങളെ വെട്ടി നിരത്താനും ബ്ലോക്ക്‌ ചെയ്യാനും സാധ്യതകൾ ഏറെയുള്ള വെർച്വൽ ലോകത്തേക്കാൾ  ലോഗിൻ ഐ ഡി യെന്ന താക്കോലില്ലാതെ പ്രവേശിക്കാൻ കഴിയുന്നതായിരിക്കണം ആത്മാർത്ഥസൗഹൃദങ്ങളുടെ മണിമന്ദിരങ്ങൾ. ഗാഢസൗഹൃദങ്ങളുടെ വെള്ളിൽപ്പക്ഷികൾ ഹൃദയങ്ങളിൽ ചേക്കേറി,പരസ്പര ധാരണയുടെ പഞ്ഞിക്കൂട്‌ മെനയട്ടേ...കിനാവിൽ മഴവില്ലു വിടർത്തുന്ന സൗഹൃദങ്ങളുടെ ഇന്ദ്രജാലങ്ങളാൽ ഈ ലോകം സമ്പന്നാമാവട്ടെ.

സബീന എം സാലി.....(മലയളം ന്യൂസ്‌, 25 നവംബർ 2012)

 

7 comments:

  1. നല്ല എഴുത്ത്...ഭാവുകങ്ങള്,,,,ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ഞാന് എഴുതിയത് വായിക്കുമല്ലൊ...
    http://sketch2sketch.blogspot.com/2010/07/blog-post.html

    ReplyDelete
  2. ഇതിനപ്പുറം സൌഹൃദങ്ങളുടെ ആഴത്തെ കുറിച്ച് വിവരിക്കാനാവില്ല ..സൌഹൃദത്തിലെ ആത്മാര്‍ത്ഥതയും അര്‍ത്ഥപൂര്‍ ണ്ണതയും മനസ്സിലാക്കുന്നത് ജീവിതത്തിലെ നിമ്നോന്നതങ്ങളിലൂടെയെന്നത് ഖേദകരം തന്നെ..പണ്ടത്തെ ഒരു സിനിമാപാട്ട് ഇടക്ക് ഞാനോര്‍ക്കാറും മൂളാറുമുണ്ട്.."ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും ..കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും "നല്ല റൈറ്റ് അപ്പ് സബി....<3

    ReplyDelete
  3. സൗഹൃദം എന്നത് ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ്.
    നന്നായെഴുതി.

    ReplyDelete
  4. Earring Ceramic Tile with 3" x 4" Sticker and Dp-Liquoring Handle
    The Ceramic Tile is lightweight and comfortable titanium max to use. Features a beautiful, flexible and flexible ring-shaped fabric for titanium 170 welder easy and discreet travel.Materials: Ceramic Tile with 3" x 4" Sticker titanium bars and Dp-LiquoringHandle titanium rimless glasses Type: Ceramic Tile with 3" x 4" ford titanium ecosport Sticker

    ReplyDelete